കാസർഗോഡ് ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ രണ്ട് ജീവനക്കാർ അറസ്റ്റിൽ. ചെറുവത്തൂർ ഐഡിയൽ ഫുഡ്പോയിന്റ് മാനേജിങ് പാർട്ണർ മംഗളുരു സ്വദേശി അനക്‌സ്, ഷവർമ ഉണ്ടാക്കിയ നേപ്പാൾദേശി സന്ദേശ് റായ് എന്നിവരാണ് അറസ്റ്റിലായത്.
സ്ഥാപനത്തിനെതിരെ ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 304,308, 272 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നരഹത്യ, നരഹത്യ ശ്രമം, ഭക്ഷണത്തിൽ മായം ചേർക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഭക്ഷ്യവിഷബാധ മൂലം കാസർഗോഡ് ചെറുവത്തൂരിലെ നാരായണൻ പ്രസന്ന ദമ്പതികളുടെ മകൾ 17 വയസുകാരി ദേവനന്ദയാണ് കഴിഞ്ഞ ദിവസം മരിച്ചത്.
ചെറുവത്തൂർ ഐഡിയൽ കൂൾബാർ എന്ന സ്ഥാപനം ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചതെന്ന് നേരത്തെതന്നെ ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തിയിരുന്നു. പൊലീസിന്റെ പ്രാഥമികമായ അന്വേഷണത്തിലും സ്ഥാപനത്തിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ഇതേ കടയിൽ നിന്ന് ഷവർമ കഴിച്ച ആളുകൾ ഇപ്പോഴും ആശുപത്രികൾ ചികിത്സ തേടിയെത്തുന്നുണ്ടെന്നാണ് വിവരം.
ആദര്‍ശ് (16), അദ്വൈദ് (16), അനുഗ്രഹ് (15), സൂര്യ (15), അഭിജിത്ത് (18), അഭിനന്ദ് (16), ആകാശ് (21), രഞ്ജിമ (17), കാര്‍ത്തിക (12), രോഷ്ന (17), പൂജ (15), അര്‍ഷ (15), അഭിന്‍രാജ് (15), വൈഗ (13), ഫിദ (12), അഭിന (15), അനഘ (17) എന്നിവരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ള മറ്റുള്ളവര്‍.
ദേവനന്ദയുടെ മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് എ.വി. സ്മാരക സ്‌കൂളിലും തുടര്‍ന്ന് പെരളം ഇ.എം.എസ്. മന്ദിരത്തിലും പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം ഉച്ചയ്ക്കുശേഷം വെള്ളൂരില്‍ നടത്തും.
Leave a Reply