സയ്യദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി-20 ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് ആദ്യ ജയം. ഗോവയ്ക്കെതിരെയുള്ള മത്സരത്തില്‍ 9 വിക്കറ്റിനായിരുന്നു കേരളത്തിന്റെ വിജയം. സഞ്ജു സാംസണിന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് കേരളത്തിന് അനായാസ ജയം സമ്മാനിച്ചത്. 139 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കേരളം 15.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ആദ്യം ബാറ്റ് ചെയ്ത ഗോവയെ കെഎം ആസിഫും അഭിഷേക് മോഹനും ചേർന്ന് 138 റണ്‍സില്‍ ഒതുക്കുകയായിരുന്നു. ഇരുവരും മൂന്ന് വിക്കറ്റ് വീതം നേടി. തുടക്കത്തിലേ തകർച്ചക്ക് ശേഷം അവസാന ഓവറുകളില്‍ കീനന്‍ (36) , ഗര്‍ഷന്‍ മിസാല്‍(23) എന്നിവർ ചേർന്ന് ഗോവയെ ഭേദപ്പെട്ട സ്‌കോറിൽ എത്തിക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം പതിവ് പോലെ വിഷ്ണു വിനോദിന്റെ വെടിക്കെട്ടോടെയാണ് തുടങ്ങിയത്. വിഷ്ണു 19 പന്തില്‍ നാല് സിക്സുകളോട് കൂടി 34 റണ്‍സ് നേടി പുറത്തായി. പിന്നീട് ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്ത സഞ്ജു കൂടുതൽ വിക്കറ്റ് നഷ്ട്ടം കൂടാതെ കേരളത്തെ വിജയ തീരത്തെത്തിച്ചു. 44 പന്തില്‍ 4 ബൗണ്ടറിയും 4 സിക്സുമടക്കം 65 റണ്‍സാണ് സഞ്ജു നേടിയത്. അരുണ്‍ കാര്‍ത്തിക് 33 പന്തില്‍ 6 ബൗണ്ടറികളടക്കം 37 റണ്‍സ് നേടി സഞ്ജുവിനു മികച്ച പിന്തുണ നല്‍കി.
Leave a Reply