പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കൊലപ്പെടുത്തിയ നാലംഗ സംഘം പിടിയില്‍. പീഡനക്കേസ് പ്രതിയായ തിരുവനന്തപുരം സ്വദേശി രഞ്ജു കൃഷ്ണനെ കൊക്കയില്‍ കൊന്നു തള്ളിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവടക്കം നാലു പേരാണ് അറസ്റ്റിലായിരിക്കുന്നത്.
തലസ്ഥാനത്ത് നിരവധി പെണ്‍വാണിഭക്കേസുകളില്‍ പ്രതികളായ മലയിന്‍കീഴ്, ആറ്റിപ്ര, വെമ്പായം, ഉള്ളൂര്‍ സ്വദേശികളായ അഭിലാഷ്, ഹരിലാല്‍, ദീപക്ക്, ഷാഹിര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഈ വര്‍ഷം ഏപ്രില്‍ ആദ്യമാണ് കുടകില്‍ നിന്നും രഞ്ജു കൃഷ്ണയുടെ മൃതദേഹം കിട്ടിയത്. മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പിന്നീട് കൊലപാതകക്കേസ് റജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
ഷാഡോ പോലീസിന്റെ അന്വേഷണത്തിലാണ് രഞ്ജു കൃഷ്ണയുടേത് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഷാഡോ പോലീസ് തന്നെയാണ് നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തതും. പിടിയിലായവര്‍ തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ഈ റാക്കറ്റില്‍പ്പെട്ട ഒരാളുടെ മകളെ രഞ്ജു കൃഷ്ണ നേരത്തേ പീഡിപ്പിച്ചിരുന്നു. തങ്ങളുടെ സുഹൃത്തിന്റെ മകള്‍ പീഡനത്തിനിരയായെന്ന് മനസിലാക്കിയ പ്രതികള്‍ രഞ്ജുകൃഷ്ണനെ തലസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് കൊല നടത്തിയത്.
കാറില്‍ കയറ്റി പലഭാഗത്തും കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം പ്രതികളിലൊരാളുടെ കാറില്‍ മൃതദേഹം കുടകിലെത്തിച്ച് കൊക്കയിലുപേക്ഷിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. സംഭവത്തിനുശേഷം തിരികെയെത്തിയ പ്രതികള്‍ തലസ്ഥാനത്ത് വിഹരിക്കുന്നതിനിടെ പേരൂര്‍ക്കട സി.ഐയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ പിടിയിലായത്.
അതേസമയം, ഇക്കഴിഞ്ഞ ഏപ്രില്‍ അവസാനം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസ് പേരൂര്‍ക്കട പൊലീസില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ പ്രതിയായിരുന്ന രഞ്ജുകൃഷ്ണനെ തേടി പൊലീസ് പത്തനംതിട്ടയിലെ വീട്ടിലെത്തിയതോടെയാണ് കൊലപാതക കേസില്‍ പോലീസിന് ആദ്യ തുമ്പ് ലഭിക്കുന്നത്.
വീട്ടില്‍ സ്ഥിരമായി വരുന്ന സ്വഭാവക്കാരനല്ലാത്ത രഞ്ജുകൃഷ്ണനുമായി കുടുംബാംഗങ്ങള്‍ക്ക് വലിയ ബന്ധമുണ്ടായിരുന്നില്ല.
ഇയാളുടെ വഴിപിഴച്ച പോക്കാണ് ഇതിന് കാരണമായത്. വല്ലപ്പോഴും വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെടുക മാത്രമാണ് രഞ്ജുകൃഷ്ണന്‍ ചെയ്തിരുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ നമ്പര്‍ വാങ്ങി അതില്‍ വിളിച്ചുനോക്കിയെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
ഇതിന്റെ കോള്‍ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചപ്പോള്‍ രഞ്ജുവിനെ അവസാനമായി വിളിച്ചത് ഇപ്പോള്‍ പിടിയിലായ പ്രതികളാണെന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇവരെ തെരഞ്ഞെങ്കിലും പ്രതികള്‍ മുങ്ങിയിരുന്നു. ഇതോടെയാണ് പൊലീസ് ഇവരെ കൂടുതല്‍ സംശയിച്ചത്.
രഞ്ജുവിന്റെ തിരോധാനത്തില്‍ ഇവര്‍ക്ക് പങ്കുള്ളതായി പൊലീസിന് വ്യക്തമായതോടെ ആഴ്ചകളോളം ഇവരെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം ഒളിസങ്കേതത്തില്‍ നിന്ന് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചതായാണ് സൂചന.
Leave a Reply