കുമാരമംഗലത്ത് അമ്മയുടെ സുഹൃത്തിന്റെ മർദനമേറ്റു കൊല്ലപ്പെട്ട ഏഴുവയസുകാരന്റെ പിതാവ് തിരുവനന്തപുരം നന്തൻകോട് സ്വദേശി ബിജുവിന്റെ മരണവും കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം പുറത്തെടുത്ത് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ബിജുവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു വ്യക്തമായത്. തൊടുപുഴയിൽ വർക്ക്ഷോപ്പ് നടത്തിയിരുന്ന യുവാവിന്റേത് സ്വാഭാവിക മരണമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും സംശയത്തെ തുടർന്നു ബന്ധുക്കൾ നൽകിയ പരാതിയിൽ ഇടുക്കി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയായിരുന്നു.
മകന്റെ മരണത്തിൽ സംശയമുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബിജുവിന്റെ പിതാവ് ബാബു മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. 2019 ഏപ്രിൽ ആറിനാണ് തൊടുപുഴയിൽ അമ്മയുടെ സുഹൃത്തായ തിരുവനന്തപുരം നന്തൻകോട് കടവത്തൂർ കാസിൽ അരുണ്‍ ആനന്ദിന്റെ ക്രൂര മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഏഴുവയസുകാരൻ മരിച്ചത്. കുട്ടിയുടെ അച്ഛനായ ബിജു ഇതിന് ഒരുവർഷം മുമ്പു മരണമടഞ്ഞിരുന്നു. ഹൃദയാഘാതമെന്നായിരുന്നു നിഗമനം.
ബിജുവിന്റെ മരണത്തിനു പിന്നാലെ ബന്ധുവായ അരുണ്‍ ആനന്ദ് ബിജുവിന്റ ഭാര്യക്കൊപ്പം താമസം തുടങ്ങി. എന്നാൽ, കുട്ടിയുടെ മരണത്തോടെ ബിജുവിന്റെ മരണത്തിലും സംശയമുയർന്നു. ഇതോടെയാണ് അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ബാബു പരാതി നൽകിയത്.
ക്രൈംബ്രാഞ്ച് ഇടുക്കി യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി മൃതദേഹം പുറത്തെടുത്ത് റീപോസ്റ്റുമാർട്ടം നടത്തുകയായിരുന്നു. ഇതിന്റെ പരിശോധനാ ഫലം പുറത്തു വന്നതോടെയാണ് സ്വാഭാവിക മരണമെന്നു കരുതിയത് കൊലപാതകമാണെന്നു കണ്ടെത്തിയിരിക്കുന്നത്. കഴുത്തു ഞെരിച്ചാണ് കൊലനടത്തിയതെന്നും ആദ്യ പോസ്റ്റമോർട്ടത്തിൽ ചില പിഴവുകളുണ്ടായിരുന്നുവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.
ഇതിനിടെ ബിജുവിന്റെ ഭാര്യയെയും ഇവരുടെ അമ്മയെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ ക്രൈം ബ്രാഞ്ച് അനുമതി തേടി. ഭാര്യയുടെ നുണ പരിശോധനയ്ക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്.
എന്നാൽ ഇവരുടെ അമ്മയെ നുണ പരിശോധന നടത്താനുള്ള അപേക്ഷ അംഗീകരിച്ചില്ല. ഇതിനെതിരേ ക്രൈംബ്രാഞ്ച് അപ്പീൽ നൽകിയിരിക്കുകയാണ്. ബിജുവിന്റെ മരണത്തിൽ അരുണ്‍ ആനന്ദിന് പങ്കുള്ളതായി തെളിവുകളൊന്നും ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അരുണ്‍ ആനന്ദിനെ കഴിഞ്ഞ ദിവസം പോക്സോ കേസിൽ മുട്ടം കോടതി 21 വർഷം തടവിനു ശിക്ഷിച്ചിരുന്നു.
Leave a Reply