ഷിബു മാത്യൂ
‘ഭാര്യ പറഞ്ഞു. അമ്മയെന്നും അടുക്കളയിലാണെന്ന്’. അന്യം നിന്ന് കൊണ്ടിരിക്കുന്ന കേരളത്തിന്റെ തനതായ രുചികള്‍ മലയാളികളുടെ അടുക്കളയില്‍ വീണ്ടും എത്തിക്കുക എന്ന ആശയവുമായി മലയാളം യുകെ ആരംഭിച്ച ഈ പംക്തി കൈകാര്യം ചെയ്യുന്നത് കേരളത്തിന് പുറത്തുള്ള മലയാളി കുടുംബിനികളാണ്. ആദ്യപടി എന്ന നിലയില്‍ ഈ പംക്തിയിലെത്തുന്നത് യുകെയിലെ പ്രസിദ്ധമായ ബ്രാഡ്‌ഫോര്‍ഡില്‍ താമസിക്കുന്ന
മായ പ്രേംലാല്‍ ആണ്. മലയാളികളുടെ പ്രിയപ്പെട്ട ഉഴുന്നു കൊണ്ടുണ്ടാക്കിയ ഉഴുന്ന് തോരനാണ് മായയുടെ സ്‌പെഷ്യല്‍. കേരളത്തില്‍ തിരുവനംന്തപുരത്താണ് മായയുടെ ജന്മദേശം. ഭര്‍ത്താവ് പ്രേംലാല്‍. ഇവര്‍ക്കൊരു മകനുണ്ട്. ഓംഹരേ നന്ദന. ഏഴാം ക്ലാസില്‍ പഠിക്കുന്നു.

മലയാളികളുടെ ജീവിതത്തില്‍ ഉഴുന്നിനുള്ള സ്ഥാനം വളരെ വലുതാണ്. ഉയര്‍ന്ന തോതില്‍ കാല്‍സ്യം , മഗ്‌നീഷ്യം പിന്നെ ഫൈബറും അടങ്ങിയ ഒന്നാണ് ഉഴുന്ന്. ഫൈബറിന്റെ സാനിധ്യം കൊണ്ട് ഉഴുന്ന് നല്ലൊരു ദഹന സഹായിയായി കൂടിയാണ്. മലയാളിയുടെ പ്രഭാത ഭക്ഷണത്തില്‍ രണ്ട് പ്രധാന ഇനമായ ഇഡ്ഡലി, ദോശ എന്നിവയില്‍ ഉഴുന്ന് ഒരു പ്രധാന ഘടകം തന്നെയാണ്. അതുപോലെ തന്നെ ഉഴുന്ന് തോരന്‍ നമ്മുടെ കേരള സദ്യയില്‍ ഒരു തനതു ഇനമാണ്. കേരളത്തിലെ പല വീടുകളിലും ഓണസദ്യ ഉണ്ടാക്കുമ്പോള്‍, ഉത്രാട രാത്രിയില്‍ ഉണ്ടാക്കുന്ന ഇഞ്ചി പുളി,നാരങ്ങാ കറി, ഉപ്പേരി, ശര്‍ക്കര പെരട്ടി തുടങ്ങിയ ഇനങ്ങള്‍ക്കൊപ്പമാണ് സാദാരണ ഉഴുന്ന് തോരനും ഉണ്ടാക്കുന്നത് അതിനു കാരണം ഈ കറികളും കൂട്ടും മൂന്നു നാല് ദിവസം വരുന്ന ഓണ സദ്യയില്‍ മുഴുവനും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ കേടാകാതെ ഇരിക്കുന്നതാണ്.

ഉഴുന്ന് തോരന്‍

ആവശ്യമുള്ള ചേരുവകള്‍

1. ഉഴുന്ന് പരിപ്പ് 100 ഗ്രാം
2. തേങ്ങാ അര മുറി ചിരകിയത്
3. വെളുത്തുള്ളി നാല് അല്ലി
4. ജീരകം അര ടീ സ്പൂണ്‍
5. പച്ചമുളക് രണ്ട് എണ്ണം
6. മഞ്ഞള്‍ പൊടി കാല്‍ ടീ സ്പൂണ്‍
7. ഉപ്പു ആവശ്യത്തിന്
8. എണ്ണ താളിക്കുന്നതിന്
9. വറ്റല്‍ മുളക് രണ്ട് എണ്ണം
10. ചെറിയ ഉള്ളി രണ്ട് എണ്ണം
11. കറിവേപ്പില താളിക്കുന്നതിനു

പാചകം ചെയ്യുന്ന രീതി

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉഴുന്ന് പരിപ്പ് ചുവന്നു വരുന്നത് വരെ വറുത്തു എടുക്കുക . തണുത്തതിനു ശേഷം പൊടിച്ചു എടുക്കുക. സാദാരണ കല്ലില്‍ ഇടിച്ചു പൊടിക്കുക ആണ് ചെയ്യേണ്ടത്. അഥായത് ഫൈന്‍ പൌഡര്‍ ആകരുത് എന്നര്‍ത്ഥം. ഇവിടെ അതിനു സാധ്യമല്ലെങ്കില്‍ മിക്‌സി ഉപയോഗിക്കുമ്പോള്‍ ഫൈന്‍ പൌഡര്‍ ആകാതെ ശ്രദ്ധിക്കുക. ചെറിയ തരി പോലിരിക്കണം.

തേങ്ങാ, വെള്ളം തോരുന്നത് വരെ വഴറ്റുക. തേങ്ങയുടെ വെള്ള നിറം മാറരുത്. അത് ഒരു ബൗളിലേക്കു മാറ്റുക.

തേങ്ങയും മൂന്നു മുതല്‍ ആറു വരെ ഉള്ള ചേരുവകളും ചേര്‍ത്ത് മിക്‌സിയില്‍ ചതച്ചു എടുക്കുക. ഈ ചതെച്ചുടുത്ത ചേരുവകളും തരിയായി പൊടിച്ചു വച്ചിരിക്കുന്ന ഉഴുന്നും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത്‌കൈ കൊണ്ടു നന്നായി മിക്‌സ് ചെയ്യുക.

ഒരു പാനില്‍ എട്ടു മുതല്‍ പതിനൊന്നു വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് താളിക്കുക. ഇതിലേക്ക് മിക്‌സ് ചെയ്തു വച്ചിരിക്കുന്ന ഉഴുന്നും തേങ്ങയും ചേര്‍ത്ത് നന്നായി വഴറ്റുക. ഉഴുന്ന് തോരന്‍ തയ്യാര്‍.

വെള്ളം ചേരാത്തത് കൊണ്ട് ഈ വിഭവം നന്നായി ഡ്രൈ ആയി തന്നെ സൂക്ഷിച്ചാല്‍ നാലഞ്ച് ദിവസം ഉപയോഗിക്കാം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളി കുടുംബിനികള്‍ സ്വയം പരീക്ഷിച്ച് ഞങ്ങള്‍ക്കായ്ച്ചുതന്ന നാടന്‍ വിഭവങ്ങളും അത് ഉണ്ടാക്കുന്ന രീതിയുമാണ് മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നത്.
മലയാളം യുകെയുടെ പ്രിയ വായനക്കാര്‍ക്ക് ഈ സംരഭത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ അവസരമൊരുക്കുകയാണ്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.
നാടന്‍ ഭക്ഷണത്തിന്റെ റെസീപ്പികള്‍ നിങ്ങളുടെ ഫോട്ടോ സഹിതം ഞങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുക.
Email [email protected]