ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ആന്ത്രപ്പോളജിയില്‍ ഉപരിപഠനത്തിന് അവസരം ലഭിച്ച കോളിച്ചാലിലെ ആദിവാസി വിദ്യാര്‍ഥി ബിനീഷ് ശനിയാഴ്ച ലണ്ടനിലേക്ക് പറക്കും.
സംസ്ഥാന സര്‍ക്കാരിന്റെ 27 ലക്ഷം രൂപയുടെ സഹായമാണ് ബിനീഷിന്റെ സ്വപ്നം സഫലമാകാന്‍ വഴിയൊരുക്കിയത്. രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍നിന്ന് ഡെവലപ്‌മെന്റ് ഇക്കണോമിക്‌സില്‍ ബിരുദംനേടിയ ബിനീഷ് കേരള സര്‍വകലാശാലയില്‍നിന്ന് എംബിഎയും കരസ്ഥമാക്കി.
ക്വാറിപ്പണി മുതല്‍ വാര്‍ക്കപ്പണിവരെ ചെയ്താണ് ബിനീഷ് പഠനച്ചെലവ് നിര്‍വഹിച്ചത്. വിദേശത്ത് ഉപരിപഠനസാധ്യത തെളിഞ്ഞതിനെ തുടര്‍ന്ന് സ്‌കോളര്‍ഷിപ്പിനായി കഴിഞ്ഞ സര്‍ക്കാരിനെ സമീപിച്ചു.
അനുമതിയായെങ്കിലും ഫണ്ട് ലഭിച്ചില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എ കെ ബാലനും ഇ ചന്ദ്രശേഖരനും നിവേദനം നല്‍കി. മുഖ്യമന്ത്രി പ്രശ്‌നത്തില്‍ നേരിട്ടിടപെട്ടതോടെ എല്ലാം ശരിയായി.
എംബിഎ കഴിഞ്ഞപ്പോള്‍തന്നെ ഗവേഷണത്തിലേക്ക് തിരിഞ്ഞ ബിനീഷ്, മദ്യപാനാസക്തി കുറയ്ക്കാനുള്ള പരമ്പരാഗത മരുന്നിനെക്കുറിച്ച് തയ്യാറാക്കിയ പ്രബന്ധം ജേര്‍ണല്‍ ഓഫ് മള്‍ട്ടി ഡിസിപ്‌ളിനറി സ്റ്റഡീസില്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്നാണ് ലണ്ടനില്‍ ആന്ത്രപ്പോളജിയില്‍ തുടര്‍പഠനത്തിന് പോകാന്‍ തീരുമാനിച്ചത്.
2016 ജനുവരിയില്‍ പ്രീസെഷണല്‍ കോഴ്‌സിന് പ്രവേശനം നേടി. ആ വര്‍ഷം മെയ് 12ന് നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിനുള്ള ഇന്റര്‍വ്യൂ കത്ത് ലഭിച്ചു.
മെയ് 25ന് സെലക്ഷന്‍ ലഭിച്ചതായി അറിയിപ്പും വന്നു. എല്ലാരേഖകളും സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടും സഹായം വൈകിയതിനെ തുടര്‍ന്നാണ് ബിനീഷ് മുഖ്യമന്ത്രിയേയും മന്ത്രിമാരെയും സമീപിച്ചത്. കഴിഞ്ഞ ദിവസം വിസ കൈയില്‍ കിട്ടിയപ്പോള്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന സന്ദേശം യാഥാര്‍ഥ്യമായതായി ബിനീഷിന്റെ അച്ഛന്‍ ബാലനും അമ്മ ഗിരിജയും പറഞ്ഞു. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെടുന്ന ബിനീഷിന് നാട്ടുകാര്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി
Leave a Reply