ഇത് നിനച്ചിരിക്കാതെ കിട്ടിയതല്ല അധ്വാനിച്ചു നേടിയ വിജയം കൃത്യമായ പ്ലാനിങ്ങോടെ ആവനാഴിയിലെ സകല അസ്ത്രവും തേച്ചുമിനുക്കി പ്രയോഗിച്ചതിന്റെ ഫലമായി നേടിയതാണ് ഈ വിജയം. സൂപ്പർ പരിശീലകനെന്ന് പേരെടുത്ത ഡേവ് വാട്മോറെന്ന ഓസ്ട്രേലിയക്കാരനെ ആറു മാസത്തേക്ക് 30 ലക്ഷം രൂപ മുടക്കി കേരളത്തിലേക്കു കൊണ്ടുവന്നതിൽ തുടങ്ങുന്നു ഈ പ്ലാനിങ്. രാജ്യാന്തര തലത്തിൽ പേരെടുത്ത പരിശീലകനെ രഞ്ജി ട്രോഫി ലക്ഷ്യമിട്ട് കൊണ്ടുവന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവമായിരുന്നു ഇത്.
കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന രണ്ട് പ്രധാനപ്പെട്ട മറുനാടൻ താരങ്ങളെ നിലനിർത്തുന്നതിൽ കെസിഎ കാട്ടിയ ബുദ്ധിയാണ് രണ്ടാമത്തേത്. മധ്യപ്രദേശ് താരം ജലജ് സക്സേന, തമിഴ്നാട് താരം അരുൺ കാർത്തിക് എന്നിവരെയാണ് നിലനിർത്തിയത്. കഴിഞ്ഞ തവണത്തെ സെമിഫൈനലിസ്റ്റുകളായ ജാർഖണ്ഡിനെ തോൽപ്പിച്ച് കേരളത്തിന് മികച്ച തുടക്കം നൽകിയത് മധ്യപ്രദേശിൽനിന്ന് വായ്പാടിസ്ഥാനത്തിൽ കേരളത്തിനു കളിക്കാനെത്തിയ ജലജ് സക്സേനയെന്ന ഓൾറൗണ്ടറായിരുന്നു. കേരളം വിജയിച്ച ആദ്യ രണ്ടു മൽസരങ്ങളിലും കളിയിലെ കേമൻപട്ടം നേടിയത് സക്സേന തന്നെ.
സീസണിൽ കൂടുതൽ മൽസരങ്ങൾ ഹോം മൈതാനത്ത് കളിക്കാൻ സാധിച്ചതും കേരളത്തിന് അനുഗ്രഹമായി. ആകെയുള്ള ആറു മൽസരങ്ങളിൽ മൂന്ന് ഹോം മാച്ചുകളും മൂന്ന് എവേ മാച്ചുകളുമാണ് ആദ്യ റൗണ്ടിൽ ഒരു ടീം കളിക്കേണ്ടത്. എന്നാൽ, ജമ്മു കശ്മീരിനെതിരായ മൽസരം അവിടെയാണ് നടത്തേണ്ടിയിരുന്നതെങ്കിലും സുരക്ഷാ കാരണങ്ങളാൽ കേരളത്തിലേക്കു മാറ്റുകയായിരുന്നു. ഫലത്തിൽ ഒരു ഹോം മാച്ച് കേരളത്തിന് കൂടുതൽ ലഭിച്ചു.
ഈ സീസണിൽ ആറു മൽസരങ്ങളിൽ അഞ്ചു വിജയവും ഒരു തോൽവിയുമായി കേരളം ക്വാർട്ടറിലേക്കു മുന്നേറുമ്പോൾ ആ വിജയവഴിയിലൂടെ ഒരു സഞ്ചാരം.കഴിഞ്ഞ സീസണിൽ സെമി ഫൈനൽ കളിച്ച സാക്ഷാൽ ധോണിയുടെ ജാർഖണ്ഡിനെ ആദ്യ മൽസരത്തിൽ തോൽപ്പിച്ചാണ് കേരളം ഇത്തവണ രഞ്ജി ട്രോഫി സീസണിന് തുടക്കം കുറിച്ചത്. ഈ സീസണിൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് മൈതാനത്ത് നടന്ന ഈ ഏക രഞ്ജി ട്രോഫി മൽസരത്തിൽ നേടിയ വിജയമാണ് അക്ഷരാർഥത്തിൽ കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ഊർജമായത്. ഡേവ് വാട്മോറിന്റെ വരവോടെ ആരെയും തോൽപ്പിക്കുന്ന ടീമായി കേരളം മാറിയെന്നുള്ള പ്രഖ്യാപനം കൂടിയായിരുന്നു ഈ മൽസരം.
ഒൻപതു വിക്കറ്റിനാണ് കേരളം അട്ടിമറി വിജയം നേടിയത്. ഒന്നാം ഇന്നിങ്സിൽ 48 റൺസ് ലീഡ് നേടിയ കേരളം ജാർഖണ്ഡിനെ രണ്ടാം ഇന്നിങ്സിൽ 89 റൺസിന് പുറത്താക്കിയാണ് വിജയം പിടിച്ചെടുത്ത്. സ്കോർ: ജാർഖണ്ഡ്: 202, 89. കേരളം: 259, ഒരു വിക്കറ്റിന് 34.
ജലജ് സക്സേനയുടെ ഓൾറൗണ്ട് പ്രകടനമാണ് കേരളത്തിനു ജയമൊരുക്കിയത്. ഒന്നാം ഇന്നിങ്സിൽ ആറു വിക്കറ്റും 54 റൺസും നേടിയ ജലജ് രണ്ടാം ഇന്നിങ്സിൽ 27 റൺസ് വിട്ടുകൊടുത്ത് ജാർഖണ്ഡിന്റെ അഞ്ചുവിക്കറ്റുകൾ കൂടി പിഴുതു. സ്പിന്നർ കെ. മോനിഷ് നാലു വിക്കറ്റ് വീഴ്ത്തി. ജലജ് സക്സേന മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടി. ജയത്തോടെ ബി ഗ്രൂപ്പിൽ അഞ്ചുപോയിന്റോടെ കേരളം ഒന്നാംസ്ഥാനത്തെത്തി.
നിലവിലെ ചാംപ്യൻമാരായ ഗുജറാത്തിനോട് രണ്ടാമത്തെ മൽസരത്തിൽ അവരുടെ മൈതാനത്ത് തോൽവി വഴങ്ങിയെങ്കിലും ടീമെന്ന നിലയിൽ കേരളം ആർജിച്ച കരുത്തിന്റെ സൂചികയായി മാറി ഈ പോരാട്ടം. ത്രസിപ്പിക്കുന്ന പോരാട്ടത്തിൽ നാലു വിക്കറ്റിനാണ് ആതിഥേയർ കേരളത്തെ വീഴ്ത്തിയത്. ജയിക്കാൻ രണ്ടാം ഇന്നിങ്സിൽ 106 റൺസ് മാത്രം വേണ്ടിയിരുന്ന ഗുജറാത്തിന് ലക്ഷ്യം നേടുന്നതിനിടെ ആറു വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഒരു ഘട്ടത്തിൽ ആറിന് 81 എന്ന നിലയിലായിരുന്നു ഗുജറാത്ത്.കേരളം 208, 203. ഗുജറാത്ത്: 307, ആറു വിക്കറ്റിനു 108. ന്നാം ഇന്നിങ്സിലെ 99 റൺസ് ലീഡാണ് ഗുജറാത്തിനു ഗുണമായത്. ജലജ് സക്സേനയും അക്ഷയ് ചന്ദ്രനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. തോറ്റെങ്കിലും അവസാന ശ്വാസം വരെ പോരാടാൻ കേരളം കാട്ടിയ ആർജവം ക്രിക്കറ്റ് ആരാധകരുടെ കയ്യടി നേടി.
തുമ്പയിൽ നടന്ന ഈ സീസണിലെ ആദ്യ പോരാട്ടത്തിൽ രാജസ്ഥാനെ വീഴ്ത്തി കേരളം വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി. 131 റൺസിനാണു കേരളം ടൂർണമെന്റിലെ രണ്ടാം ജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ 343 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ 83.4 ഓവറിൽ 211 റൺസിനു പുറത്തായി. പുതുമുഖതാരം സിജോമോൻ ജോസഫിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണു കേരളത്തിനു വിജയം ഉറപ്പാക്കിയത്. മൂന്നു കളികളിൽനിന്നു രണ്ടു ജയവും ഒരു തോൽവിയും ഉൾപ്പെടെ 12 പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാംസ്ഥാനത്തായി കേരളം.രണ്ട് ഇന്നിങ്സിലുമായി സെഞ്ചുറി ഉൾപ്പെടെ 184 റൺസും 10 വിക്കറ്റും സ്വന്തമാക്കിയ ജലജ് സക്സേന വീണ്ടും കളിയിലെ താരമായി. കളിയുടെ അവസാനദിവസം ആദ്യ സെഷനിൽ അതിവേഗം റൺസ് അടിച്ചുകൂട്ടി കേരളം രാജസ്ഥാനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ഓപ്പണർമാരെ പൂജ്യത്തിനു പുറത്താക്കി തുടങ്ങിയ കേരളം ആഞ്ഞടിച്ചതോടെ 64 റൺസിനു നാലു വിക്കറ്റ് എന്ന നിലയിൽ രാജസ്ഥാൻ പരുങ്ങി. എന്നാൽ മധ്യനിരയിൽ റോബിൻ ബിസ്ത്, എം.കെ.ലോംറോർ എന്നിവർ അർധസെഞ്ചുറി നേടി പിടിച്ചുനിൽപിനു ശ്രമിച്ചു. എന്നാൽ സിജോമോൻ ജോസഫിന്റെ ഉശിരൻ ബോളിങ്ങിലൂടെ കേരളം വിജയവഴിയിലെത്തി.
തുമ്പയിൽ നടന്ന രണ്ടാം മൽസരത്തിൽ ജമ്മു കശ്മീരിനെതിരെ വമ്പൻ വിജയവുമായി കേരളം നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി. 238 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ജമ്മുവിനെ രണ്ടാം ഇന്നിങ്സിൽ വെറും 79 റൺസിന് പുറത്താക്കിയാണു കേരളം 158 റൺസിന്റെ വിജയം നേടിയത്. നാലു കളികളിൽനിന്നു മൂന്നു വിജയത്തോടെ കേരളത്തിന് 18 പോയിന്റും സ്വന്തമാക്കി. സഞ്ജു സാംസണിന്റെ സീസണിലെ ആദ്യ സെഞ്ചുറിയായിരുന്നു മല്‍സരത്തിലെ സവിശേഷത്. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ ഉജ്വല സെഞ്ചുറി നേടിയ സഞ്ജു മാൻ ഓഫ് ദ് മാച്ച് പുരസ്കാരവും നേടി.
ഏഴു വിക്കറ്റിന് 56 റൺസ് എന്ന നിലയിൽ അവസാനദിവസം ബാറ്റിങ്ങിനിറങ്ങിയ ജമ്മുവിന്റെ അവസാന മൂന്നു വിക്കറ്റുകൾ 23 റൺസെടുക്കുന്നതിനിടെ നഷ്ടമായി. അരങ്ങേറ്റ മൽസരത്തിനിറങ്ങിയ സ്പിന്നർ കെ.സി.അക്ഷയ് ആണ് രണ്ടാം ഇന്നിങ്സിലും ജമ്മുവിനെ തകർത്തത്. 21 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകൾ അക്ഷയ് സ്വന്തമാക്കി. ആദ്യ ഇന്നിങ്സിൽ അക്ഷയ് നാലു വിക്കറ്റുകൾ നേടിയിരുന്നു. സിജോമോൻ ജോസഫും എം.ഡി.നിധീഷും രണ്ടു വിക്കറ്റു വീതം വീഴ്ത്തി. ജമ്മുവിന്റെ രണ്ടാം ഇന്നിങ്സിൽ മൂന്നുപേർ മാത്രമാണു രണ്ടക്കം കടന്നത്.സീസൺ മുന്നോട്ടു പോകുന്തോറും കൂടുതൽ കരുത്താർജിക്കുന്ന കേരളത്തെയാണ് കണ്ടത്. തുമ്പയിലെ മൂന്നാം മൽസരത്തിൽ സൗരാഷ്ട്രയെ 309 റൺസിനു തകർത്ത കേരളം വിജയപരമ്പര തുടർന്നു. ജയിക്കാൻ 405 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്രയെ 95 റൺസിനു പുറത്താക്കിയ കേരളം 24 പോയിന്റോടെ ഗ്രൂപ്പിൽ രണ്ടാംസ്ഥാനത്തേയ്ക്കു കയറുകയും ചെയ്തു.സ്കോർ കേരളം 225, 411–6. സൗരാഷ്ട്ര 232, 95.അവസാനദിനം ഒരു വിക്കറ്റിനു 30 റൺസ് എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ സൗരാഷ്ട്ര കേരളത്തിന്റെ സ്പിൻ ത്രയത്തിനു മുന്നിൽ മൂക്കുകുത്തിവീഴുകയായിരുന്നു. ജലജ് സക്സേന നാലു വിക്കറ്റും സിജോമോൻ ജോസഫ്, കെ.സി.അക്ഷയ് എന്നിവർ മൂന്നു വിക്കറ്റുവീതവും വീഴ്ത്തി. കേരളം തൊട്ടുതലേന്ന് അടിച്ചുതകർത്ത് 411 റൺസ് നേടിയ പിച്ചിലാണ് സൗരാഷ്ട്ര ചീട്ടുകൊട്ടാരം പോലെ തകർന്നത്.
കളി തുടങ്ങി അധികം വൈകാതെ സൗരാഷ്ട്രയുടെ ബാറ്റിങ് കരുത്തായ റോബിൻ ഉത്തപ്പയും ഓപ്പണർ സ്നെൽ പട്ടേലും സിജോമോനു മുന്നിൽ വീണതോടെ കേരളം വിജയം മണത്തു. പിന്നീട് ദൗത്യം ജലജ് സക്സേനയും അക്ഷയും ഏറ്റെടുത്തു. ആറിനു 91 റൺസ് എന്ന നിലയിൽ നിന്നാണു 95 റൺസിന് സൗരാഷ്ട്ര ഓൾ ഔട്ട് ആയത്.
Leave a Reply