പൊലീസ് കസ്റ്റഡിയില്‍ താന്‍ ക്രൂരപീഡനത്തിന് ഇരയായതായി മറാത്തി നടി കേതകി ചിതാലെ. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിനെതിരെ അപകീര്‍ത്തികരമായ കവിത പോസ്റ്റ് ചെയ്തതിനാണ് പൊലീസ് കേതകിയെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലിരിക്കെ പൊലീസ് തന്നെ പീഡിപ്പിച്ചുവെന്ന് കേതകി ആരോപിച്ചു.
‘എന്നെ എന്റെ വീട്ടില്‍ നിന്ന് നിയമവിരുദ്ധമായി പിടിച്ചുകൊണ്ടുപോയി. ഒരു അറസ്റ്റ് വാറന്റും നോട്ടീസും ഇല്ലാതെ നിയമവിരുദ്ധമായി അവര്‍ എന്നെ ജയിലില്‍ അടച്ചു. പക്ഷേ ഞാന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. ഞാന്‍ പറഞ്ഞത് സത്യമാണ്, അതിനാല്‍ അതിനെ ധൈര്യപൂര്‍വ്വം നേരിടാന്‍ എനിക്ക് കഴിയും’, നടി മാധ്യമങ്ങളോട് പറഞ്ഞു.
‘ഞാന്‍ പീഡിപ്പിക്കപ്പെട്ടു, എന്നെ മര്‍ദിച്ചു, അവര്‍ എന്റെ സാരി വലിച്ചൂരി, ആരോ എന്റെ വലത് മുലയില്‍ അടിച്ചു. എനിക്ക് ജാമ്യം കിട്ടി ഞാന്‍ പുറത്തിറങ്ങി. യുദ്ധം ഇപ്പോഴും തുടരുകയാണ്’, കേതകി പറഞ്ഞു.
ശരദ് പവാറിനെതിരായ അപകീര്‍ത്തികരമായ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ അറസ്റ്റിലായ കേതകി ചിതാലെയ്ക്ക് ജൂണ്‍ 22 ന് താനെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത 22 എഫ്ഐആറുകളില്‍ ഒന്നില്‍ മാത്രമേ ജാമ്യം ലഭിച്ചിട്ടുള്ളൂവെന്ന് നടി പറയുന്നു. താന്‍ ആരെയും അപമാനിച്ചിട്ടില്ലെന്നും, തന്റെ പോസ്റ്റിനെ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും നടി വ്യക്തമാക്കി.
Leave a Reply