പ്രണയവിവാഹത്തിന്‍റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ കെവിന്‍ കൊല്ലപ്പെട്ട കോട്ടയത്ത് സംഘര്‍ഷവും നാടകീയ രംഗങ്ങളും. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനുമുന്നിലാണ് സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എസ്.പിക്കുനേരെ പാഞ്ഞടുത്തു. കൊടി ഉപയോഗിച്ച് എസ്.പി മുഹമ്മദ് റഫീഖിനെ അടിക്കുകയും ചെയ്തു. തിരുവഞ്ചൂരും ഐജി വിജയ് സാഖറെയും തമ്മില്‍ സ്ഥലത്ത് രൂക്ഷമായ വാഗ്വാദമുണ്ടായി.

പൊലീസ് സ്റ്റേഷനു മുന്നില്‍ രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കുത്തിയിരിക്കുകയാണ്. വന്‍ പ്രതിഷേധത്തിനാണ് കോട്ടയം സാക്ഷ്യം വഹിക്കുന്നത്. കെവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കൈക്കൂലി വാങ്ങി അന്വേഷണം വൈകിപ്പിച്ച പൊലീസുകാരുടേത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഞ്ഞടിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം എന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കോട്ടയം ഗാന്ധി നഗർ സ്റ്റേഷനു മുന്നിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉപവാസം തുടങ്ങി.

ഇതോടെ പ്രണയവിവാഹത്തിന്‍റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ കെവിന്‍ കൊല്ലപ്പെട്ട സംഭവം സംസ്ഥാനത്ത് രാഷ്ട്രീയ വിവാദമായി വളരുകയാണ്. ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് സംസ്ഥാന പൊലീസ് വീണ്ടും പ്രതിക്കൂട്ടിലാകുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിരോധാനക്കേസിൽ നടപടി വൈകിച്ച എസ്.ഐയെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ കോട്ടയം എസ്പിയെയും മാറ്റിയിരുന്നു. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഗാന്ധിനഗർ എസ്ഐ എം.എസ്.ഷിബുവിനാണ് സസ്പെൻഷൻ. മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയതിന് കോട്ടയം എസ്പി: മുഹമ്മദ് റഫീഖിനെ മാറ്റിനിര്‍ത്തുകയും ചെയ്തു. പൊലിസ് ആസ്ഥാനത്തെ എഐജി ഹരിശങ്കർ കോട്ടയം എസ്പി.

പ്രണയവിവാഹത്തിന്‍റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ കോട്ടയം സ്വദേശിയായ നവവരന്‍റെ മൃതദേഹം കണ്ടെത്തി. കോട്ടയം നട്ടാശേരി സ്വദേശി കെവിന്‍ പി. ജോസഫിന്‍റെ മൃതദേഹം തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടിലാണ് കണ്ടെത്തിയത്. ദുരഭിമാനക്കൊല നടത്തിയത് കെവിന്‍റെ ഭാര്യയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളാണെന്നാണ് പ്രാഥമിക വിവരം.

മൂന്നുവര്‍ഷമായി പ്രണയത്തിലായിരുന്ന കെവിനൊപ്പം നീനുചാക്കോ ഇറങ്ങിപ്പോയതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് നീനുവിന്‍റെ സഹോദരന്‍റെ നേതൃത്വത്തിലുള്ള ഗൂണ്ടാസംഘം കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയത്. മര്‍ദിച്ചവശനാക്കിയശേഷം അനീഷിനെ വഴിയില്‍ ഉപേക്ഷിച്ചിരുന്നു. കെവിനുവേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.