കെവിൻ വധക്കേസിലെ സാക്ഷി വിസ്താരത്തിന്റെ രണ്ടാം ഘട്ടം തുടരുന്നു . കെവിന്റെ പിതാവ് ജോസഫ് (രാജൻ) അടക്കം 8 സാക്ഷികളാണ്.
കെവിനെയും അനീഷ് സെബാസ്റ്റ്യനെയും തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഉൾപ്പെട്ട സാനു ചാക്കോ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി പരിശോധിക്കുകയും ഇവരുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും പിന്നീടു കെവിനെ വിട്ടുകിട്ടാൻ ഫോണിൽ പ്രതികളുമായി ബന്ധപ്പെടുകയും ചെയ്ത ഗാന്ധിനഗർ സ്റ്റേഷനിലെ എഎസ്ഐ ടി.എം. ബിജു, സിവിൽ പൊലീസ് ഓഫിസർ അജയകുമാർ എന്നിവർ ഉൾപ്പെടെയുള്ള സാക്ഷികളുടെ വിസ്താരമാണ് ഇന്നലെ നടന്നത് . മദ്യപിച്ച് വാഹനം ഓടിച്ച സാനു ചാക്കോയോട് 2000 രൂപ കൈക്കൂലി വാങ്ങി വിട്ടയച്ചതിനു 2 പൊലീസുകാരേയും സസ്പെൻഡ് ചെയ്തിരുന്നു. ഇവർ ഇപ്പോൾ വകുപ്പുതല നടപടി നേരിടുകയാണ്. കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനു, കെവിനൊപ്പം തട്ടികൊണ്ടുപോയ ബന്ധു അനീഷ് സെബാസ്റ്റ്യൻ എന്നിവരുൾപ്പെടെ 15 പേരുടെ വിസ്താരമാണ് പൂർത്തിയാക്കിയത്.
മകൾ നീനുവിനെ വിട്ടുതരണമെന്നാവശ്യപ്പെട്ടു പിതാവ് ചാക്കോ ജോസഫ് സമീപിച്ചിരുന്നതായി കെവിന്റെ പിതാവ് ജോസഫിന്റെ മൊഴി. കെവിനെ തട്ടിക്കൊണ്ടു പോകുന്നതിന് രണ്ടു ദിവസം മുൻപായിരുന്നു ഇത്. കെവിൻ കൊലക്കേസ് വിചാരണ ജില്ലാ സെഷൻസ് കോടതിയിൽ ഇന്നലെ വീണ്ടും ആരംഭിച്ചപ്പോഴാണ് ജോസഫ് മൊഴി നൽകാനെത്തിയത്. മൊഴിയിൽ നിന്ന്: കഴിഞ്ഞ വർഷം മേയ് 25നാണ് ചവിട്ടുവരിയിലെ വർക്‌ഷോപ്പിൽ വന്ന് ചാക്കോ കണ്ടത്. 26ന് നാലാം പ്രതി റിയാസും നീനുവിന്റെ മാതൃസഹോദരിയും വീട്ടിൽ വന്നു. 27 നു പുലർച്ചെ കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയി.
തട്ടിക്കൊണ്ടു പോയ വിവരം ആദ്യം സിപിഎം ഏറ്റുമാനൂർ ഏരിയ സെക്രട്ടറി വേണുവിനെ അറിയിച്ചു. പിന്നീട് ഗാന്ധി നഗർ സ്റ്റേഷനിൽ പരാതി നൽകി. ഗാന്ധിനഗർ എസ്ഐ പരാതി കാര്യമായെടുത്തില്ല. പൊലീസ് സ്റ്റേഷനിൽ വച്ചാണ് നീനുവിനെ ആദ്യം കണ്ടതെന്നും ജോസഫ് വ്യക്തമാക്കി. കെവിനെ തട്ടിക്കൊണ്ടുപോയ രാത്രിയിൽ ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ സാനു ചാക്കോയെയും മൂന്നാം പ്രതി ഇഷാനെയും മാന്നാനത്തിനു സമീപം കണ്ടതായി സിവിൽ പൊലീസ് ഓഫിസർ അജയകുമാർ മൊഴി നൽകി. ‘‘എഎസ്ഐ ടി.എം. ബിജുവും ഒപ്പമുണ്ടായിരുന്നു. അമലഗിരിയിലുള്ള കൂട്ടുകാരന്റെ സഹോദരിയുടെ വിവാഹത്തിനു വന്നതാണ്. വഴിതെറ്റി മാന്നാനത്ത് എത്തിയതാണെന്ന് സാനു പറഞ്ഞു. സാനുവിന്റെ കാറിന്റെ നമ്പർ പ്ലേറ്റുകൾ ചെളി കൊണ്ട് മറച്ചിരുന്നു. മറ്റൊരു കാറിൽ നിന്നു ചെളി തെറിച്ചതാണെന്നു പറഞ്ഞു.
സാനുവിനെയും ഇഷാനെയും കാറിനൊപ്പം നിർത്തി ഫോട്ടോ എടുത്തു. സാനുവിന്റെ ഫോൺ നമ്പറും വാങ്ങി. അനീഷിന്റെ വീട് ആക്രമിക്കപ്പെട്ട വിവരം അൽപം കഴിഞ്ഞപ്പോൾ അറിഞ്ഞു. എഎസ്ഐ ബിജു സാനുവിനെയും ചാക്കോയെയും ഫോണിൽ വിളിച്ചു. സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തു.’’ റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണവും അജയകുമാർ കോടതിയിൽ തിരിച്ചറിഞ്ഞു.
വാഹന പരിശോധയ്ക്കിടെ സാനുവിന്റെ കൈയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിൽ സസ്പെൻഷനിലായിരുന്ന അജയകുമാർ തിരികെ ജോലിയിൽ പ്രവേശിച്ചു. എഎസ്ഐ ബിജുവിനു പിരിച്ചു വിടൽ നോട്ടിസ് നൽകിയിരിക്കുകയാണ്.
Leave a Reply