കൊച്ചി: കോട്ടയത്ത് കെവിൻ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ തനിക്കെതിരേ കേസിൽ പ്രതിയായ എഎസ്ഐ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കോട്ടയം മുൻ എസ്പി എ. മുഹമ്മദ് റഫീഖ്. മുഖ്യപ്രതി ഷാനു ചാക്കോയുടെ അമ്മ തന്റെ ബന്ധുവല്ലെന്നും കെവിനെ തട്ടിക്കൊണ്ടുപോയ കാര്യം താൻ വൈകിയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
കെവിന്റെ തിരോധാനം അന്വേഷിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഡിവൈഎസ്പിയോട് അന്വേഷിക്കാൻ നിർദേശിച്ചെന്ന് മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. മുഖ്യമന്ത്രി സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് തൊട്ടുമുന്‍പാണ് താൻ വിവരം അറിഞ്ഞത്. കോടതിയെ തെറ്റിദ്ധരിപ്പിച്ച മുൻ എഎസ്ഐ ബിജുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മാധ്യമങ്ങളോട് വികാരാധീനനായി പ്രതികരിച്ച് മുഹമ്മദ് റഫീഖ് പറഞ്ഞു. ആ കുടുംബവുമായി ബന്ധമുണ്ടെന്നു തെളിയിക്കാൻ ആരോപണമുന്നയിക്കുന്നവരെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെവിന്റെ കൊലപാതകത്തിൽ മുഹമ്മദ് റഫീഖിനെതിരേ ആരോപണവുമായി അറസ്റ്റിലായ എഎസ്ഐ ബിജു രംഗത്തെത്തിയിരുന്നു. സാനുവിന്റെ അമ്മയുടെ ബന്ധുവാണ് എസ്പി മുഹമ്മദ് റഫീഖെന്ന് ബിജുവിന്റെ അഭിഭാഷകൻ ഏറ്റുമാനൂർ കോടതിയിൽ അറിയിച്ചു. കെവിനെ തട്ടിക്കൊണ്ടുപോകാൻ എത്തിയ സാനു ചാക്കോയുടെയും സംഘത്തിന്റെയും പക്കൽനിന്നു പട്രോളിംഗ് ജീപ്പിലെ എഎസ്ഐ ബിജു 2,000 രൂപ കൈക്കൂലി വാങ്ങിയതായി പോലീസ് കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജുവിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു.
Leave a Reply