ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സിരീസ് ജയത്തോടെ ഇന്ത്യന്‍ ബാഡ്മിന്റണില്‍ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് കിഡംബി ശ്രീകാന്തെന്ന ഇരുപത്തനാലുകാരന്‍. ഫൈനലില്‍ ലോക ആറാം നമ്പര്‍ താരവും റിയോ ഒളിമ്പിക്‌സിലെ സ്വര്‍ണ്ണമെഡല്‍ ജേതാവുമായ ചെന്‍ ലോങ്ങിനെയാണ് ശ്രീകാന്ത് അട്ടിമറിച്ചത്. മറുപടിയില്ലാത്ത രണ്ട് ഗെയിമുകള്‍ക്കായിരുന്നു (22-20, 21-16) ശ്രീകാന്തിന്റെ കിരീടിധാരണം. തുല്യശക്തികളുടെ പോരാട്ടമായി മാറിയ ആദ്യ ഗെയിമില്‍ ചെന്‍ ലോങ്ങിന്റെ സര്‍വീസുകളും സ്മാഷുകളും ശ്രീകാന്തിന് വെല്ലുവിളിയുയര്‍ത്തി. തന്നെക്കാള്‍ കരുത്തനായ എതിരാളിക്ക് മുന്നില്‍ സമ്മര്‍ദ്ദത്തിന് അടിപ്പെടാതെ കളിച്ചതാണ് ശ്രീകാന്തിന് തുണയായത്. 22-20 നാണ് ശ്രീകാന്ത് ആദ്യ ഗെയിം പിടിച്ചെടുത്തത്. രണ്ടാം ഗെയിമില്‍ ഇന്ത്യന്‍ താരത്തിന്റെ ആധിപത്യമാണ് കണ്ടത്. എന്നാല്‍ തുടരെ 4 പോയിന്റ് നേടി ഒരു ഘട്ടത്തില്‍ ചൈനീസ് താരം ശ്രീകാന്തിന് ഒപ്പമെത്തിയെങ്കിലും കരുത്തുറ്റ റിട്ടേര്‍ണുകളിലൂടെ ഇന്ത്യന്‍ താരം മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. ഒടുവില്‍ 21-16 എന്ന ആധികാരിക മാര്‍ജ്ജിനില്‍ ശ്രീകാന്ത് ജയം പിടിച്ചെടുത്തു.

തുടക്കത്തിലെ ലീഡെടുക്കുന്നതാണ് ശ്രീകാന്തിന്റെ സ്വാഭാവിക ശൈലി. ഈ ലീഡ് മത്സരത്തിലുടനീളം കൈവിടാതെ കാക്കാനും ശ്രീകാന്ത് പ്രത്യേക ശ്രദ്ധ പുലര്‍ത്തും. ഫൈനലില്‍ ആദ്യ ഗെയിമില്‍ ചെന്‍ ലോങ് പലപ്പോഴും ശ്രീകാന്തിന് ഒപ്പമെത്തിയെങ്കിലും ഒരിക്കല്‍പ്പോലും മുന്നിലേത്താന്‍ കഴിഞ്ഞിരുന്നില്ല. രണ്ടാം റൗണ്ടില്‍ തുടരെ 4 പോയിന്റ് നേടി ഒപ്പമെത്തിയിട്ടും ശ്രീകാന്തിന്റെ പോരാട്ടവീര്യം മറികടക്കാനായില്ല. ലോങ് റാലികളിലെ മനസ്സാനിധ്യം കൈവിടാതെ നിയന്ത്രിക്കാനുള്ള കഴിവാണ് ശ്രീകാന്തിന്റെ പ്രധാന സവിശേഷത. അടിയും തിരിച്ചടിയുമായി മുന്നേറുന്ന റാലിക്കിടെ അപ്രതീക്ഷിത പവര്‍ ഷോട്ടിലൂടെ എതിരാളികളെ ഞെട്ടിക്കുന്നതാണ് ശ്രീകാന്തിന്റെ രീതി. എതിരാളികളുടെ സര്‍വീസ് ബ്രേക്ക് ചെയ്യുന്നതിലുള്ള മികവും എടുത്ത് പറയേണ്ടതാണ്.

2017 ശ്രീകാന്തിന് അക്ഷരാര്‍ത്ഥത്തില്‍ തിരിച്ചുവരവിന്റെ വര്‍ഷമായിരുന്നു. ലോക 15 ആം നമ്പര്‍ താരമായി ഈ വര്‍ഷം ആരംഭിച്ച ശ്രീകാന്തിന് പക്ഷെ തുടക്കത്തില്‍ കാലിടറി. ജനുവരിയിലെ സയദ് മോദി ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഫൈനലില്‍ സായി പ്രണീതിനോടേറ്റ തോല്‍വി തിരിച്ചടിയായി. മാര്‍ച്ചില്‍ നടന്ന ജര്‍മ്മന്‍ ഓപ്പണില്‍ പ്രീക്വാര്‍ട്ടറില്‍ ചെന്‍ ലോങ്ങിന് മുന്നില്‍ പോരാട്ടം അവസാനിച്ചു. തൊട്ടുപിന്നാലെ നടന്ന ഇംഗ്ലണ്ട് ഓപ്പണില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ഇതോടെ റാങ്കിങ്ങില്‍ സമീപക്കാലത്തെ ഏറ്റവും മോശം സ്ഥാനമായ 31 ലേക്ക് കൂപ്പുകുത്തി. 2014 ന് ശേഷം ആദ്യമായിട്ടായിരുന്നു ശ്രീകാന്ത് ആദ്യ 30 ല്‍ നിന്ന് പുറത്തുപോയത്. മാര്‍ച്ച് അവസാനം നടന്ന ഇന്ത്യന്‍ ഓപ്പണിലെ പോരാട്ടം രണ്ടാം റൗണ്ടിനപ്പുറം പോയില്ല.

ഏപ്രിലില്‍ നടന്ന സിഗപ്പൂര്‍ ഓപ്പണില്‍ ശ്രീകാന്ത് ഉജ്ജ്വലമായി തിരിച്ചുവന്നു ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ മുന്‍നിരത്താരം ഷി യൂഖിയെ അട്ടിമറിച്ച ശ്രീകാന്തിന് പക്ഷെ ഫൈനലില്‍ വീണ്ടും സായി പ്രണീതിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. 21-17 ആദ്യ ഗെയിം നേടിയ ശ്രീകാന്ത് പക്ഷെ പിന്നീടുള്ള രണ്ട് ഗെയിമകളും കൈവിട്ട് സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടം സായ് പ്രണീതിന് മുന്നില്‍ അടിയറവ് വെച്ചു. എന്നിരുന്നാലും ഫൈനലില്‍ വരെയെത്തിയ പ്രകടനം റാങ്കിംഗ് മെച്ചപ്പെടുത്താന്‍ തുണയായി. മെയില്‍ നടന്ന സുദിര്‍മാന്‍ കപ്പില്‍ ചെന്‍ ലോങ്ങ് വീണ്ടും ശ്രീകാന്തിന് മുന്നില്‍ വിലങ്ങുതടിയായി.

ജൂണിലെ ഇന്തോനേഷ്യന്‍ ഓപ്പണില്‍ ശ്രീകാന്ത് അവിശ്വസിനീയ പ്രകടനമാണ് കാഴ്ച്ചവെച്ചത്. അക്ഷരാര്‍ത്ഥത്തില്‍ അട്ടിമറികളുടെ ഒരു ക്ഷോഷയാത്രതന്നെയായിരുന്നു ടൂര്‍ണമെന്റ്. ലോക പന്ത്രണ്ടം നമ്പര്‍ ഹോംങ്‌കോങ്ങിന്റെ വോങ് വിംങ് കിയെ അട്ടിമറിച്ച് തുടങ്ങി. പ്രീക്വാര്‍ട്ടിറില്‍ ലോക ഒമ്പതാം നമ്പര്‍ ജാന്‍ ഒ ജോര്‍ജെന്‍സനെ തകര്‍ത്ത് മുന്നേറ്റം. ക്വാര്‍ട്ടര്‍ ഫൈനലില്‍ സൂ വെയ് വാങ്ങിനെ നിലം തൊടാതെ പറപ്പിച്ചു. സെമിയില്‍ പക്ഷെ കൊറിയയുടെ ഒന്നാം നമ്പര്‍ താരം സോന്‍ വാന്‍ ഹോയായിരുന്നു എതിരാളി. ഒരു മണിക്കൂര്‍ 12 മിനുറ്റ് നീണ്ട നിന്ന പോരാട്ടത്തിനൊടുവില്‍ ജയം കുറിച്ച് ശ്രീകാന്ത് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. ഫൈനലില്‍ റാങ്കിങ്ങില്‍ പിന്നിലുള്ള കസുമാസ സകായിയെ എതിരില്ലാത്ത രണ്ട് ഗെയിമുകള്‍ക്ക് മറികടന്ന് കിരീടം നേടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ട് ദിവസത്തിനിടെ തുടങ്ങിയ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ റൗണ്ട് അനായാസകരമായി ശ്രീകാന്ത് ജയിച്ചു കയറി. രണ്ടാം റൗണ്ടില്‍ വീണ്ടും ലോക ഒന്നാം നമ്പര്‍ താരം സോന്‍ വാന്‍ ഹോ, 15-21 ന് ആദ്യ ഗെയിം നഷ്ടമായ ശ്രീകാന്ത് ഉജ്ജ്വ പ്രകടനത്തിലൂടെ തിരിച്ചു വന്നു. പിന്നീടുള്ള രണ്ട് ഗെയിമുകളിലും കൊറിയന്‍ താരത്തെ നിഷ്പ്രഭനാക്കിയ ശ്രീകാന്ത് മറ്റൊരു അട്ടിമറി കൂടി കുറിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ സായ് പ്രണീതായിരുന്നു എതിരാളി. ഈ വര്‍ഷം ഇതിന് മുന്‍പ് ഏറ്റുമുട്ടിയ രണ്ട് ടൂര്‍ണമെന്റുകളിലും ജയം കുറിച്ചതിന്റെ ആത്മവിശ്വാസവുമായെത്തിയ പ്രണീതിന് പക്ഷെ പിഴച്ചു. ആവേശകരമായ ആദ്യ ഗെയിം 25-23 നും രണ്ടാം ഗെയിം 21-17 നും ശ്രീകാന്ത് പിടിച്ചെടുത്തു. സെമിയില്‍ ലോക നമ്പര്‍ താരം ചൈനയുടെ ഷി യൂഖിയെ വെറും 37 മിനുറ്റ് കൊണ്ട് മറികടന്നാണ് ശ്രീകാന്ത് ഫൈനലിലേക്ക് കുതിച്ചത്. ജര്‍മ്മന്‍ ഓപ്പണിലും സുധിര്‍മാന്‍ കപ്പിലും ശ്രീകാന്തിനെ രണ്ട് ഗെയിമില്‍ മടക്കിയയച്ച ചെന്‍ ലോങ്ങിന് തന്നെയായിരുന്നു മാനസികമായ ആധിപത്യം. എന്നാല്‍ സാഹചര്യത്തിന്റെ സമ്മര്‍ദത്തിന് അടിപ്പെടാതെ കളിച്ച ഇന്ത്യന്‍ താരം രണ്ട് ഗെയിമില്‍ തന്നെ ലോങ്ങിനെ മറികടന്ന് അഭിമാനകരമായ വിജയം കുറിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ അഭിമാനകരമായ ഒട്ടേറെ നേട്ടങ്ങള്‍ കൊയ്യാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. റിയോ ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ ജേതാവായ പിവി സിന്ധു നാല് സൂപ്പര്‍ സിരീസ് കിരീടങ്ങള്‍ ഈ കാലയളവില്‍ നേടി. സായ് പ്രണീത് മൂന്ന് പ്രധാന ടൂര്‍ണമെന്റുകളില്‍ കിരീടം നേടിയപ്പോള്‍, ശ്രീകാന്ത് കിഡംബി സാഫ് ഗെയിംസ് സ്വര്‍ണ്ണം അടക്കം നാല് ടൂര്‍ണമെന്റുകളിൽ ജയിച്ചിരുന്നു.

ആന്ധ്രാപ്രദേശിലെ ഗൂണ്ടൂര്‍ സ്വദേശിയായ ശ്രീകാന്തിന് 15 ആം വയസ്സിലാണ് ബാഡ്മിന്റണ്‍ കോര്‍ട്ടിലേക്കുള്ള വഴി തുറക്കുന്നത്. ഹൈദരബാദിലെ ഗോപീചന്ദ് അക്കാദമിയിലെ ട്രെയിനി ആയിരുന്നു ശ്രീകാന്തിന്റെ ജ്യേഷ്ട സഹോദരന്‍ നന്ദഗോപാല്‍. സ്‌കൂളില്‍ കാര്യമായി ശോഭിക്കാനാതിരുന്ന ശ്രീകാന്തിനെ ഒടുവില്‍ അക്കാദമിയില്‍ ചേര്‍ക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിതരായി. എന്നാല്‍ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ശ്രീകാന്ത് മാറിമറിഞ്ഞു. തുടക്കത്തില്‍ ജ്യേഷ്ടനൊപ്പം ഡബിള്‍സ് ടീമില്‍ കളിച്ചു തുടങ്ങി. എന്നാല്‍ സിംഗിള്‍സിലുള്ള ശ്രീകാന്തിന്റെ മികവ് തിരിച്ചറിഞ്ഞ കോച്ച് അദ്ദേഹത്തിനോട് സിംഗിള്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കോച്ചിന്റെ നിഗമനം ശരിയാണെന്ന് തെളിയിച്ച ശ്രീകാന്ത് 2011ലെ കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ വെള്ളിമെഡല്‍ നേടി കോര്‍ട്ടില്‍ വരവറിയിച്ചു. തൊട്ടടുത്ത വര്‍ഷം ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ കിരീടവും നേടി. 2013 ല്‍ സീനിയര്‍ ടീമിലെത്തിയ ശ്രീകാന്ത് ഒളിമ്പ്യന്‍ പി കശ്യപിനെ വീഴ്ത്തി നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് നേടി മികവ് തെളിയിച്ചു.

2014 നവംമ്പറില്‍ ചൈന സൂപ്പര്‍ സിരീസ് നേടി ശ്രീകാന്ത് ചരിത്രം കുറിച്ചു. അഞ്ച്‌ തവണ ലോക ചാമ്പ്യനും രണ്ട് തവണ ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവുമായ ലിന്‍ഡാനിനെയാണ് ഫൈനലില്‍ ശ്രീകാന്ത് നേരിട്ടുള്ള ഗെയിമുകള്‍ക്ക് വീഴ്ത്തിയത്. ഇതോടെ പുരുഷ സൂപ്പര്‍ സിരീസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറി കിഡംബി ശ്രീകാന്തെന്ന 21 കാരന്‍. തൊട്ടടുത്ത വര്‍ഷം സ്വിസ്സ് ഓപ്പണ്‍ കിരീടം നേടിയ ശ്രീകാന്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരവുമായിമാറി.