അവിശ്വസനീയമായത് സംഭവിച്ചതിന്റെ ആവേശത്തിലായിരുന്നു അവര്‍ ബര്‍മിംഗ്ഹാമില്‍ ഞായറാഴ്ച ഒത്തു കൂടിയത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് മലയാളികള്‍ ആവേശപൂര്‍വ്വം എത്തിച്ചേര്‍ന്നത് തുടങ്ങും മുന്‍പ് തന്നെ പ്രവര്‍ത്തന മികവ് കാണിച്ച ഒരു ജീവകാരുണ്യ സംരഭത്തിന്റെ ഔദ്യോഗികമായ തുടക്കം കാണുവാന്‍ വേണ്ടി ആയിരുന്നു. അവയവ ദാന സന്ദേശം ജീവിത വ്രതമാക്കിയ റവ. ഫാ. ഡേവിസ് ചിറമേലിന്റെ നേതൃത്വത്തില്‍ ചാരിറ്റി പ്രസ്ഥാനങ്ങള്‍ക്ക് ആകെ തന്നെ മാതൃകയായി പ്രവര്‍ത്തിക്കുന്ന കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ബനഫാക്റ്റേര്‍സ് ഫോറം യുകെയുടെ ഔദ്യോഗിക തുടക്കമായിരുന്നു ഇക്കഴിഞ്ഞ ഞായറാഴ്ച ബര്‍മിംഗ് ഹാമിലെ സെന്റ് ഗില്‍സ് ചര്‍ച്ച് ഹാളില്‍ നടന്നത്.
ബര്‍മിംഗ് ഹാം ഹേര്‍ട്ട്ലാന്റ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ ഡയാലിസിസ് യൂണിറ്റ് മാനേജര്‍ ആയി പ്രവര്‍ത്തിക്കുന്ന പ്രിന്‍സ് ജോര്‍ജ്ജ് എന്ന മനുഷ്യസ്നേഹിയായ യുവാവിന്‍റെ മനസ്സില്‍ തോന്നിയ ആശയം സുഹൃത്തും മലയാളം യുകെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കമ്മറ്റിയംഗവുമായ ജിമ്മി മൂലംകുന്നേലുമായി ചേര്‍ന്ന് പ്രാവര്‍ത്തികമാക്കിയതിന്റെ ബാക്കിപത്രം ആയിരുന്നു ഞായറാഴ്ച നടന്ന ചാരിറ്റി കറി നൈറ്റും കലാപരിപാടികളും. ഇവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ഇരുപത്തിയഞ്ച് ഡയാലിസിസ് മെഷീനുകള്‍ ഇന്ത്യയിലെ വിവിധ ആശുപത്രികളിലേക്ക് സൗജന്യമായി ലഭിക്കുകയായിരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലെയും ഓരോ ആശുപത്രികള്‍ വീതം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
ഈ ആശയം പ്രാവര്‍ത്തികമായതിനെ തുടര്‍ന്ന് നിര്‍ദ്ധനരായ അഞ്ച് കിഡ്നി രോഗികള്‍ക്ക് കിഡ്നി മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ട ധനസമാഹരണം നടത്തുവാന്‍ കൂടി ആയിരുന്നു ഇരുപത്തിയഞ്ചാം തീയതി ഈ പ്രോഗ്രാം സംഘടിപ്പിച്ചത്. നിരവധി കലാപരിപാടികളും രുചികരമായ ഭക്ഷണവും ഉള്‍പ്പെടെയുള്ള മനോഹരമായ ഒരു സായാഹ്നത്തിലേക്ക് യുകെ മലയാളികളെ ക്ഷണിച്ച് കൊണ്ടാണ് സംഘാടകര്‍ ധനസമാഹാരണത്തിനുള്ള ശ്രമം നടത്തിയത്. വന്‍ ജന പങ്കാളിത്തത്തോടെ ഈ സംരംഭം പൂര്‍ണ്ണ വിജയത്തില്‍ എത്തിച്ചേര്‍ന്നു.
കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ യുകെ വിഭാഗം കോര്‍ഡിനേറ്ററും ഉപഹാര്‍ ചാരിറ്റിയുടെ ട്രസ്റ്റിയും ആയ ഡോ. സോജി അലക്സിന്‍റെ അദ്ധ്യക്ഷതയില്‍ ആയിരുന്നു യോഗം ആരംഭിച്ചത്. മലയാളം യുകെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കമ്മറ്റിയംഗം ജിമ്മി മൂലംകുന്നേല്‍ യോഗത്തില്‍ സ്വാഗതമാശംസിച്ചു. ഹണ്ടിംഗ്ടന്‍ കൗണ്‍സിലര്‍ ലീഡോ ജോര്‍ജ്ജ്, മുന്‍ യുക്മ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സിസ് മാത്യു, പ്രിന്‍സ് ജോര്‍ജ്ജ്, മലയാളം യുകെ ചീഫ് എഡിറ്റര്‍ ബിന്‍സു ജോണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി പ്രസിഡണ്ട് ജോ ഐപ്പ്, വാല്‍സാല്‍ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ടാന്‍സി പാലാട്ടി, കേരള കലാവേദി ഭാരവാഹി മാര്‍ട്ടിന്‍ കെ ജോസ്, എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷന്‍ ഭാരവാഹി ജോണ്‍സണ്‍ മാളിയേക്കല്‍, സട്ടന്‍ കോള്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍, കവന്ട്രി മലയാളി കമ്മ്യൂണിറ്റി ഭാരവാഹി ജോര്‍ജ്ജ്കുട്ടി, ബര്‍മിംഗ്ഹാം ഹിന്ദു സമാജം ഭാരവാഹി സജീഷ് ദാമോദരന്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
ബിസിഎംസി മുന്‍ പ്രസിഡണ്ട് ജിബി ജോര്‍ജ്ജ്, രാജീവ് ജോണ്‍ തുടങ്ങിയവര്‍ ചേര്‍ന്നവതരിപ്പിച്ച ഫാ. ഡേവിസ് ചിറമേലിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സ്കിറ്റ് ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ അങ്ങേയറ്റം ആസ്വാദ്യകരമായിരുന്നു. കലാപരിപാടികളില്‍ മനസ്സ് നിറഞ്ഞവര്‍ രുചികരമായ ഭക്ഷണവും ആസ്വദിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനയും നല്‍കി മടങ്ങിയപ്പോള്‍ പ്രതീക്ഷയുടെ തിരി തെളിയുന്നത് കേരളത്തിലെ അഞ്ച് നിര്‍ധന രോഗികളുടെ കുടുംബങ്ങള്‍ക്കാണ്.
Leave a Reply