ലണ്ടന്‍: അപകടകരമായി വാഹനമോടിച്ച് മരണങ്ങളുണ്ടായാല്‍ ജയില്‍ ശിക്ഷ ലഭിക്കുന്ന വിധത്തിലുള്ള നിയമം നിലവില്‍ വരുന്നു. അമിതവേഗത്തിലും മദ്യലഹരിയിലും ജനങ്ങളുടെ മരണത്തിന് കാരണമാകുന്ന വിധത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷവരെ നല്‍കാനാണ് പുതിയ പദ്ധതി. അമിത വേഗത, മത്സരയോട്ടം, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കല്‍ എന്നിവ മൂലം അപകടങ്ങളുണ്ടാകുകയും അതു മൂലം മരണങ്ങള്‍ ഉണ്ടാകുകയും ചെയ്താല്‍ 14 വര്‍ഷം വരെയായിരുന്നു ഇതുവരെയുണ്ടായിരുന്ന പരമാവധി ശിക്ഷ. ഇത് ജീവപര്യന്തമായി ഉയര്‍ത്തിയിരിക്കുകയാണ്.

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്തിലുണ്ടാകുന്ന വാഹനാപകടങ്ങളുടെ ശിക്ഷയും ജീവപര്യന്തമായി ഉയര്‍ത്തിയിട്ടുണ്ട്. അശ്രദ്ധമായി വാഹനമോടിച്ച് ജനങ്ങളെ പരിക്കേല്‍പ്പിച്ചാലും ശിക്ഷ ലഭിക്കുന്ന പുതിയ വ്യവസ്ഥയും നിയമത്തില്‍ കൂട്ടിച്ചേര്‍ക്കും. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട പരിക്കുകളിലും മരണങ്ങളിലും എന്തൊക്കെ കുറ്റങ്ങള്‍ ചുമത്താനാകുമെന്ന് പരിശോധിച്ച ശേഷമാണ് ഈ പുതിയ വ്യവസ്ഥകള്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിഷയത്തില്‍ പ്രതികരിച്ചവരില്‍ ഭൂരിപക്ഷവും അശ്രദ്ധമായ ഡ്രൈവിംഗിലൂടെയുണ്ടാകുന്ന പരിക്കുകള്‍ക്ക് ശിക്ഷ നല്‍കാന്‍ വ്യവസ്ഥയുണ്ടാകുന്നതിനെ അനുകൂലിച്ചു. 90 ശതമാനം പേര്‍ ഇതിനെ അനുകൂലിച്ചതായാണ് വിവരം. അപകടകരമായ ഡ്രൈവിംഗ് മൂലമുണ്ടാകുന്ന മരണങ്ങള്‍ക്ക് പരമാവധി ശിക്ഷയായി ജീവപര്യന്തം നല്‍കുന്നതിനെ 70 ശതമാനം ആളുകള്‍ പിന്തുണയ്ക്കുന്നു. സര്‍ക്കാര്‍ കണ്‍സള്‍ട്ടേഷനില്‍ 9000 പേരാണ് പ്രതികരിച്ചത്.