ലണ്ടൻ: യുഎസിലെ ബ്രിട്ടീഷ് അംബാസഡർ സർ കിം ഡാരിക് രാജിവച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ വിമർശനങ്ങളാണു രാജിയിൽ കലാശിച്ചത്. ട്രംപ് കഴിവുകെട്ടവനാണെന്നതടക്കമുള്ള പരാമർശങ്ങളാണ് ഡാരിക് നടത്തിയത്. ബ്രിട്ടനിലേക്ക് അയച്ച ഇ-മെയിൽ റിപ്പോർട്ടുകളായിരുന്നു പരാമർശം. ബ്രിട്ടനിലെ മെയിൽ പത്രം ഇവ ചോർത്തി പ്രസിദ്ധീകരിച്ചു. യുഎസും ബ്രിട്ടനും തമ്മിലുള്ള ബന്ധം വഷളാകുന്ന സാഹചര്യമുണ്ടായി. ഡാരിക്കു മായി ഇനി ഇടപാടില്ലെന്ന് ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കി. അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമെന്നു കരുതുന്ന ബോറീസ് ജോൺസണും ഡാരിക്കിനെ കൈവിട്ടു. ഈ സാഹചര്യത്തിലാണു രാജി.
രാജിവയ്ക്കാനുള്ള ഡാരിക്കിന്റെ തീരുമാനം ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് സ്ഥിരീകരിച്ചു. തന്റെ റിപ്പോർട്ടുകൾ ചോർന്ന സാഹചര്യത്തിൽ ഇനി പദവിയിൽ തുടരുക ബുദ്ധിമുട്ടായിരിക്കുമെന്ന് അദ്ദേഹം രാജിക്കത്തിൽ വിശദീകരിച്ചു. ട്രംപിന്റെ ഭരണം കാര്യക്ഷമമല്ല, നയതന്ത്രതലത്തിൽ പരാജയമാണ്, വൈറ്റ്ഹൗസിലെ അരാജകത്വം സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ സത്യമാണ് തുടങ്ങിയവയാണ് ഡാരിക്കിന്റെ റിപ്പോർട്ടുകളിലുള്ളത്. ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും കഴിവുകെട്ടതാണെന്ന പരാമർശം ഏറെ വിവാദമായി. യൂറോപ്യൻ യൂണിയൻ വിടാനൊരുങ്ങുന്ന ബ്രിട്ടൻ യുഎസുമായി വാണിജ്യകരാറിനു ശ്രമിക്കുന്നതിനിടെയാണ് ഇക്കാര്യം പുറത്തുവന്നത്. യുഎസിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ബ്രിട്ടൻ നടത്തിയിരുന്നു. ട്രംപിന്റെ മകൾ ഇവാങ്കയോട് നേരിട്ടു മാപ്പു ചോദിക്കുമെന്നു ബ്രിട്ടീഷ് വാണിജ്യമന്ത്രി ലിയാം ഫോക്സ് പറഞ്ഞിരുന്നു.
കഴിഞ്ഞദിവസം ട്രംപ്, ഡാരിക്കിനെയും അദ്ദേഹത്തെ പിന്തുണച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയെയും നിശിതമായി വിമർശിച്ചു. ഡാരിക് പന്പരവിഡ്ഢിയാണെന്നും അയാളുമായി ഇനി ഇടപാടില്ലെന്നും ട്രംപ് പറഞ്ഞു. ട്രംപ് അധികാരമേറ്റെടുക്കുന്നതിന് ഒരു വർഷം മുന്പ് 2016ലാണ് ഡാരിക് അമേരിക്കയിൽ നിയമിക്കപ്പെട്ടത്. രാജി ജോൺസൺ കൈവിട്ടപ്പോൾ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്നു കരുതുന്ന ബോറീസ് ജോൺസന്റെ പിന്തുണ ലഭ്യമാകില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് കിം ഡാരിക് രാജിവച്ചതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇപ്പോഴത്തെ പ്രധാനമന്ത്രി തെരേസാ മേ ബ്രെക്സിറ്റ് വിഷയത്തിൽ രാജിവച്ചിരിക്കുകയാണ്. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി അടുത്ത നേതാവിനെ തെരഞ്ഞെടുക്കും. ജോൺസനാണ് ഏറ്റവും കൂടുതൽ സാധ്യത.
ഡാരിക്കിന്റെ രാജി ദുഃഖമുളവാക്കുന്ന കാര്യമാണെന്ന് തെരേസാ മേ പ്രതികരിച്ചു.സർക്കാരിന്റെ പിന്തുണ എന്നും ഡാരിക്കിനുണ്ടായിരുന്നുവെന്നും കൂട്ടിച്ചേർത്തു. കൂടുതൽ രഹസ്യങ്ങൾ ചോർന്നേക്കാം നയതന്ത്രതലത്തിലെ കൂടുതൽ രേഖകൾ ചോരാൻ സാധ്യതയുണ്ടെന്നു ബ്രിട്ടനിലെ ഡിപ്ലോമാറ്റിക് സർവീസ് മേധാവി സൈമൺ മക്ഡൊണാൾഡ് മുന്നറിയിപ്പു നല്കി. ഹൗസ് ഓഫ് കോമൺസിലെ വിദേശകാര്യ സമിതിക്കു മുന്നിൽ വിശദീകരണം നല്കുകയായിരുന്നു അദ്ദേഹം. ചോരാൻ സാധ്യതയുള്ള രേഖകൾ അമേരിക്കയുമായി ബന്ധപ്പെട്ടവ ആയിരിക്കുമോയെന്ന് പറയാനാവില്ല. യുഎസിലെ ബ്രിട്ടീഷ് അംബാസഡർ കിം ഡാരിക്ക്് അയച്ച രഹസ്യ രേഖകൾ ചോർന്നതു സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
Leave a Reply