വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോങ് യുന്നിനെ പരിശോധിക്കാന്‍ ഡോക്ടര്‍മാരടങ്ങുന്ന സംഘത്തെ ചൈന അയച്ചതായി റിപ്പോര്‍ട്ട്. ചൈനയില്‍നിന്നുള്ള ഡോക്ടര്‍മാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കളും ഉള്‍പ്പെട്ട സംഘമാണ് വടക്കന്‍ കൊറിയയിലേക്ക് പോയതെന്ന് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സി റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുന്നിന്റെ ആരോഗ്യ നിലയെകുറിച്ച് അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെയാണ് ചൈനീസ് സംഘത്തിന്റെ സന്ദര്‍ശനം. ഇതേക്കുറിച്ച് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞയാഴ്ചയാണ് തെക്കന്‍ കൊറിയയിലെ ചില മാധ്യമങ്ങള്‍ വടക്കന്‍ കൊറിയന്‍ നേതാവ് ഗുരുതരാവസ്ഥയില്‍ കഴിയുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖമാണെന്നും ശസ്ത്രക്രിയ കഴിഞ്ഞുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ചില പാശ്ചാത്യ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ വടക്കന്‍ കൊറിയ തയ്യാറായിരുന്നില്ല. അവരുടെ ദേശീയ ചാനലില്‍ കിം ജോങ് യുന്‍ പങ്കെടുത്ത പരിപാടികളുടെ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചു കാണിക്കുകയാണ് ചെയ്തത്. വടക്കന്‍ കൊറിയയുമായി ബന്ധമുള്ള ചൈനയും ഇക്കാര്യത്തില്‍ പ്രതികരണമൊന്നും നടത്തിയിരുന്നില്ല.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്താരാഷ്ട്ര വിഭാഗത്തിലെ ഉന്നത നേതാവും വടക്കന്‍ കൊറിയയിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ കൊറിയയുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ വിഭാഗമാണ്.
വടക്കന്‍ കൊറിയന്‍ യാത്രയെക്കുറിച്ച് ഇവരുടെ പ്രതികരണം ലഭ്യമായിട്ടില്ല.

ഈ മാസം 12-ാം തീയതി കിം ശസ്ത്രക്രിയക്ക് വിധേയനായി എന്നായിരുന്നു തെക്കന്‍ കൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഇതേതുടര്‍ന്നാണ് അദ്ദേഹം ചില പരിപാടികളില്‍ പങ്കെടുക്കാതിരുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ തെക്കന്‍ കൊറിയിലെ മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് അവിടുത്ത സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നില്ല. വടക്കന്‍ കൊറിയയില്‍ അസാധാരണമായ എന്തെങ്കിലും നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു തെക്കന്‍ കൊറിയന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.

കിം ജോങ് യുന്നിന്റെ ആരോഗ്യവസ്ഥ മോശമാണെന്ന റിപ്പോര്‍ട്ടുകള്‍ ശരിയാവാന്‍ സാധ്യതയില്ലെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കിയിരുന്നു. ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കിമ്മിനുള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴത്ത റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

ലോകത്ത് ഏറ്റവും ഒറ്റപ്പെട്ട് കിടക്കുന്ന രാജ്യങ്ങളിലൊന്നാണ് വടക്കന്‍ കൊറിയ. അവരുടെ നേതാക്കളുടെ ആരോഗ്യത്തെ പോലും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായാണ് അവിടുത്ത സര്‍ക്കാര്‍ കാണുന്നത്. ഏറ്റവും ശക്തമായ മാധ്യമ നിയന്ത്രണമുളള രാജ്യം കൂടിയാണ് വടക്കന്‍ കൊറിയ.കഴിഞ്ഞ കുറച്ചു ദിവസമായിട്ട് പൊതു സ്ഥലങ്ങളില്‍ 36 കാരനായ കിം ഉണ്ടാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.