ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വ്യാപാരബന്ധം പുനരുജ്ജീവിപ്പിക്കുന്ന നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി 2026ൽ കിംഗ് ചാൾസ് മൂന്നാമനും പ്രിൻസ് ഓഫ് വെയിൽസ് വില്യവും അമേരിക്കയിലേക്ക് സന്ദർശനങ്ങൾ നടത്തുമെന്ന് റിപ്പോർട്ട്. ചാൾസ് മൂന്നാമൻ രാജാവിൻെറ യുഎസ് സന്ദർശനവുമായി ബന്ധപ്പെട്ട് മുൻനിര ചർച്ചകൾ പുരോഗമിക്കുകയാണെന്നും, ഏപ്രിലിൽ യാത്ര നടക്കാൻ സാധ്യതയുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വർഷത്തിന്റെ രണ്ടാം പകുതിയിൽ, ഫുട്ബോൾ ലോകകപ്പിനോടനുബന്ധിച്ച് പ്രിൻസ് വില്യം യുഎസിൽ എത്തുമെന്നാണ് വിവരം. യുഎസ്, കാനഡ, മെക്സിക്കോ എന്നിവ ചേർന്ന് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് നടക്കുക. ഇംഗ്ലണ്ടിന്റെ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായ നിലയിൽ, ജൂൺ 27ന് ന്യൂജേഴ്‌സിയിൽ നടക്കുന്ന ഇംഗ്ലണ്ടിന്റെ ഗ്രൂപ്പ് മത്സരത്തിനും, ജൂലൈ 4ന് നടക്കുന്ന യുഎസ് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷങ്ങൾക്കും സമീപമായായിരിക്കും വില്യത്തിന്റെ സന്ദർശനമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

2007ൽ ജോർജ് ഡബ്ല്യു ബുഷിന്റെ ക്ഷണം സ്വീകരിച്ച് എലിസബത്ത് രാഞ്ജി യുഎസ് സന്ദർശിച്ചതിന് ശേഷം, ബ്രിട്ടീഷ് ഭരണാധികാരി നടത്തുന്ന ആദ്യ യാത്രയാവും ഇത്. അതേസമയം, ഈ മാസം ആദ്യം വ്യാപാര തർക്കങ്ങളെ തുടർന്ന് ബ്രിട്ടീഷ് ടെക് മേഖലയിലേക്കുള്ള യുഎസിന്റെ ബഹുകോടി പൗണ്ട് നിക്ഷേപം താൽക്കാലികമായി നിർത്തിവച്ചത് യുകെ സർക്കാരിന് തിരിച്ചടിയായി. ട്രംപിന്റെ സ്റ്റേറ്റ് വിസിറ്റിനിടെ പ്രഖ്യാപിച്ച £31 ബില്ല്യൺ കരാറിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് £22 ബില്ല്യനും ഗൂഗിൾ £5 ബില്ല്യനും ഉൾപ്പെടെ യുഎസ് ടെക് കമ്പനികൾ യുകെയിൽ വൻ നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. പ്രധാനമന്ത്രി കിയർ സ്റ്റാർമർ ഇതിനെ “യുകെ–യുഎസ് ബന്ധത്തിലെ തലമുറമാറ്റം” എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ, മറ്റ് മേഖലകളിലെ വ്യാപാര തടസ്സങ്ങൾ കുറയ്ക്കുന്നതിൽ യുകെയിൽ നിന്നുള്ള പുരോഗതി അപര്യാപ്തമാണെന്ന കാരണത്താൽ വാഷിങ്ടൺ കരാർ നടപ്പാക്കൽ നിർത്തി വക്കുകയായിരുന്നു.

മേയ് 2025ൽ പ്രഖ്യാപിച്ച വിശാലമായ വ്യാപാര കരാറിൽ പുരോഗതി മന്ദഗതിയിലാണെന്ന് യുഎസ് റിപ്പോർട്ടുകളിലുണ്ട്. ഡിജിറ്റൽ സർവീസസ് നികുതി, യുഎസ് കർഷകർക്ക് ബ്രിട്ടീഷ് വിപണിയിൽ കൂടുതൽ പ്രവേശനം തുടങ്ങിയ സംവേദനാത്മക വിഷയങ്ങളിലാണ് പ്രധാന തടസ്സങ്ങൾ. ഡിസംബറിൽ ഡൗണിങ് സ്ട്രീറ്റ് “സജീവ ചർച്ചകൾ തുടരുകയാണ്” എന്ന് വ്യക്തമാക്കിയെങ്കിലും, ഇത്തരം ചർച്ചകൾ എളുപ്പമല്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ വക്താവിന്റെ പ്രതികരണം.
രാജാവിൻെറ യാത്രയിൽ പ്രധാനമന്ത്രി ഒപ്പം പോകില്ലെന്നാണ് സൂചന. സർക്കാരിനെ പ്രതിനിധീകരിച്ച് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. വരാനിരിക്കുന്ന രാജകീയ സന്ദർശനങ്ങളെ കുറിച്ച് ബക്കിംഗ്ഹാം പാലസ് പ്രതികരിക്കാൻ തയ്യാറായില്ല.











Leave a Reply