ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയം ഉയർന്ന പണപ്പെരുപ്പവും അനുബന്ധമായി വർദ്ധിച്ചുവരുന്ന ജീവിത ചിലവുകളുമാണ്. ദിനംപ്രതി വർദ്ധിച്ചുവരുന്ന ജീവിത ചിലവിനെ എങ്ങനെ നേരിടുമെന്നത് സാധാരണ ജനങ്ങളുടെ മുന്നിൽ ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തന്റെ എല്ലാ ജീവനക്കാർക്കും 600 പൗണ്ട് വരെ ബോണസ് നൽകി മാതൃകയായിരിക്കുകയാണ് ചാൾസ് രാജാവ്. തൻറെ സ്വകാര്യ വരുമാനത്തിൽ നിന്നാണ് രാജാവ് ഇതിനായി പണം കണ്ടെത്തിയിരിക്കുന്നത്.
മുപ്പതിനായിരം പൗണ്ടിൽ താഴെ വരുമാനമുള്ള ജീവനക്കാർക്ക് 600 പൗണ്ട് ബോണസ് ലഭിക്കുമ്പോൾ കൂടുതൽ വരുമാനമുള്ള ജീവനക്കാർക്ക് അതിലും കുറവാണ് ലഭിക്കുക. ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ബോണസ് നൽകുന്നതിന് നല്ലൊരു തുക രാജാവ് കണ്ടെത്തേണ്ടതായി വരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 30,000 പൗണ്ടിനും 40,000 പൗണ്ടിനും ഇടയിൽ ശമ്പളമുള്ളവർക്ക് 400 പൗണ്ട് ആണ് ലഭിക്കുന്നത് . 40,000 പൗണ്ടിനും 45,000 പൗണ്ടിനും ഇടയിൽ ശമ്പളമുള്ളവർക്ക് 350 പൗണ്ടും ലഭിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പണപ്പെരുപ്പവും ജീവിത ചെലവിലെ വർദ്ധനവും മൂലം കഷ്ടപ്പെടുന്ന ജീവനക്കാർക്ക് ഇത് ഒരു ഇടക്കാല ആശ്വാസമാകുമെന്നാണ് ഒരു ജീവനക്കാരൻ വെളിപ്പെടുത്തിയത് . 2020 – 21ലെ കണക്കുകൾ പ്രകാരം കൊട്ടാരത്തിൽ 491 മുഴുവൻ സമയ ജീവനക്കാരാണുള്ളത്.
ജീവിത ചിലവിനെ എങ്ങനെ നേരിടണമെന്ന ആശങ്കയിലാണ് യുകെയിലെ മലയാളികളും . യുകെയിലെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയോട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾ ആവശ്യപ്പെട്ടുകൊണ്ട് നേഴ്സുമാർ സമര പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. അതിനു പിന്നാലെ 126 മേഖലകളിലെ ജീവനക്കാരെ ഉൾക്കൊള്ളുന്ന പബ്ലിക് കൊമേഴ്സ്യൽ സർവീസ് യൂണിയനും സമരത്തിന് നോട്ടീസ് നൽകി കഴിഞ്ഞു
Leave a Reply