ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
എലിസബത്ത് രാജ്ഞിയുടെ മരണശേഷമുള്ള ആദ്യ ഈസ്റ്റർ ശുശ്രൂഷയ്ക്കായി വിൻഡ്‌സർ കാസിലിൽ ഒത്ത് കൂടി രാജാവും മറ്റ് മുതിർന്ന രാജകുടുംബാംഗങ്ങളും. ചാൾസ് രാജാവിനോടൊപ്പം അദ്ദേഹത്തിൻെറ ഭാര്യയും രാജ്ഞിയുമായ കാമില, സഹോദരങ്ങളായ പ്രിൻസസ് റോയൽ, ഡ്യൂക്ക് ഓഫ് യോർക്ക് എന്നിവരും ഉണ്ടായിരുന്നു. വെയിൽസിലെ രാജകുമാരനും രാജകുമാരിയും അവരുടെ മൂന്ന് കുട്ടികളുമായി സെന്റ് ജോർജ്ജ് ചാപ്പലിലെ ചടങ്ങുകളിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം, ജോർജ്ജ് രാജകുമാരനും ഷാർലറ്റ് രാജകുമാരിയും മാത്രമാണ് ഇവർക്കൊപ്പം ഈ ദിവസം ചടങ്ങുകളിൽ പങ്കെടുത്തത്.
വില്യം രാജകുമാരനും കുടുംബവും നീല നിറത്തിലുള്ള ഷേഡുകളിൽ വർണ്ണാഭമായ വസ്ത്രങ്ങളിൽ വന്നപ്പോൾ ചാൾസും കാമിലയും കടും നീല വസ്ത്രങ്ങളാണ് ധരിച്ചത്. ശുശ്രുഷയിൽ പങ്കെടുത്ത മറ്റ് രാജകുടുംബാംഗങ്ങളിൽ എഡിൻബർഗിലെ പുതിയ ഡ്യൂക്ക് എഡ്വേർഡ്, ഡച്ചസ് സോഫി, അവരുടെ മകൻ ജെയിംസ് എന്നിവരും ഉൾപ്പെടുന്നു. ഈ വേനൽക്കാലത്ത് തന്റെ രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന യൂജിൻ രാജകുമാരി ഭർത്താവ് ജാക്ക് ബ്രൂക്ക്സ്ബാങ്കിനും സഹോദരി ബിയാട്രിസ് രാജകുമാരിയ്ക്കും അവരുടെ ഭർത്താവ് എഡ്വാർഡോ മാപ്പെല്ലി മോസിയ്ക്കും ഒപ്പം പങ്കെടുത്തു.
പതിനഞ്ചാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച കിംഗ് ജോർജ്ജ് ആറാമൻ മെമ്മോറിയൽ ചാപ്പലിലാണ് ശുശ്രൂഷ നടന്നത്. എലിസബത്ത് രാജ്ഞിയെ സംസ്‌കരിച്ചതും ഇതേ ചാപ്പലിൽ ആണ്. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ചാൾസിന്റെ കിരീടധാരണത്തിന് ഒരു മാസത്തിൽ താഴെ മാത്രം സമയം ഉള്ളപ്പോഴാണ് രാജകുടുംബാംഗങ്ങളുടെ ഈ ഒത്തു ചേരൽ.