ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ലോകമഹായുദ്ധങ്ങളിൽ മരിച്ച ബ്രിട്ടീഷുകാരെ അനുസ്മരിക്കുന്നതിനായി സെൻട്രൽ ലണ്ടനിൽ നിർമ്മിച്ച സെനോറ്റാഫിൽ റിമംബറൻസ് സൺഡേ അനുസ്മരണ സർവീസുകൾക്ക് ചാൾസ് രാജാവ് നേതൃത്വം നൽകി. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിലും മറ്റ് സംഘർഷങ്ങളിലും ജീവൻ നഷ്ടമായ സൈനികരുടെയും മറ്റു സാധാരണക്കാരുടെയും സംഭാവനകളെ ആദരിക്കുന്നതിനായാണ് ഈ സർവീസ് നടത്തപ്പെടുന്നത്. ആയിരക്കണക്കിന് സൈനിക ഉദ്യോഗസ്ഥരും ഭടന്മാരും പൊതുജനങ്ങളും എല്ലാം ഈ ചടങ്ങിൽ പങ്കെടുത്തു.
ബ്രിട്ടനിൽ ഉടനീളം 11 മണിക്ക് 2 മിനിറ്റ് നിശബ്ദത ആചരിച്ച് മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. അതിനുശേഷം അനുസ്മരണ കുടീരത്തിൽ ചാൾസ് രാജാവാണ് ആദ്യമായി റീത്ത് സമർപ്പിച്ചത്. തുടർന്ന് രാഷ്ട്രീയ നേതാക്കളും രാജകുടുംബഅംഗങ്ങളും റീത്ത് സമർപ്പിച്ചു. പ്രധാനമന്ത്രി ഋഷി സുനക്, ലേബർ നേതാവ് സർ കെയർ സ്റ്റാർമർ, ക്യാബിനറ്റ് അംഗങ്ങളും മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. വെയിൽസ് രാജകുമാരിയായ കാതറിനോടൊപ്പം ഫോറിൻ ഓഫീസ് ബാൽക്കണിയിൽ നിന്ന് കാമില രാജ്ഞി അനുസ്മരണ ദിന സേവനം വീക്ഷിച്ചു. ബെൽഫാസ്റ്റ് , പ്ലൈമൗത്ത്, കാർഡിഫ് , ലിവർപൂൾ, മാഞ്ചസ്റ്റർ എന്നിവയുൾപ്പെടെ യുകെയുടെ വിവിധ ഭാഗങ്ങളിലും അനുസ്മരണ സർവീസുകൾ നടന്നു.
കഴിഞ്ഞദിവസം നടന്ന പാലസ്തീൻ അനുകൂല പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഇന്നത്തെ സർവീസുകൾക്ക് കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഉണ്ടായിരുന്നു. സ്കോട്ട്ലൻഡിലും അനുസ്മരണ സർവീസുകൾ നടത്തപ്പെട്ടു. മറ്റ് പ്രതിഷേധ പ്രകടനങ്ങൾ ഒന്നും തന്നെ ഉണ്ടാവുകയില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നിരുന്നാൽ തന്നെയും കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷാക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്.
Leave a Reply