ലൂട്ടണില്‍ പുതിയതായി നിര്‍മ്മിച്ച ഗുരുനാനാക്ക് ഗുരുദ്വാരയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു ബ്രിട്ടീഷ് രാജാവ് ചാള്‍സ്. രാജാവിന്റെ ബെഡ്‌ഫോര്‍ഡ്ഷയര്‍ പട്ടണത്തിലേക്കുള്ള ഏകദിന സന്ദര്‍ശനത്തിന്റെ ഭാഗമായിരുന്നു ഈ പരിപാടി.നീലയും ചാരനിറവും കലര്‍ന്ന കള്ളികള്‍ ഉള്ള വെളുത്ത സിക്ക് തലപ്പാവ് ധരിച്ചാണ് രാജാവ് ഈ ചടങ്ങില്‍ പങ്കെടുത്തത്. മാത്രമല്ല, അതിഥികളെ സ്വീകരിക്കാന്‍ ഹസ്തദാനം ഒഴിവാക്കി ചാള്‍സ് സ്വീകരിച്ച അഭിവാദ്യ രീതിയായ കൈകൂപ്പി നമസ്‌തേ പറഞ്ഞായിരുന്നു അവിടെയുള്ളവരുമായി രാജാവ് ഇടപഴകിയത്. സന്നദ്ധ പ്രവര്‍ത്തകരുമായും അദ്ദേഹം ആശയ വിനിമയം നടത്തി. പ്രാര്‍ത്ഥനാ ഹോളില്‍ എത്തിയ അദ്ദേഹത്തിനെ ഷാള്‍ അണിയിക്കുകയും ചെയ്തു.

സിക്ക് സമിതിയിലെ അംഗമായ പ്രൊഫസ്സര്‍ ഗുര്‍ച്ച് റാന്‍ഡാവ രാജാവിനെ ഗുരുദ്വാരയിലേക്ക് സ്വീകരിച്ചാനയിച്ചു. ലൂട്ടണിലെ സിക്ക് സൂപ്പ് കിച്ചന്‍ സ്റ്റാന്‍ഡും രാജാവ് സന്ദര്‍ശിച്ചു. ഭക്ഷ്യക്ഷാമം, പ്രാദേശിക സമൂഹത്തില്‍ ഉണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് അദ്ദേഹം സന്നദ്ധസേവകരുമായി സംസാരിക്കുകയും ചെയ്തു. സിക്ക് സ്‌കൂള്‍ നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തകരുമായും സംസാരിച്ച രാജാവ് അവിടെ പഞ്ചാബിയും പരമ്പരാഗത സംഗീതവും പഠിക്കുന്ന വിദ്യാര്‍ത്ഥികളൂമായും ആശയവിനിമയം നടത്തുകയുണ്ടായി.

ഗുരുദ്വാര സന്ദര്‍ശനത്തിനു മുന്‍പായി ബെഡ്‌ഫോര്‍ഡ്ഷയര്‍ ലോര്‍ഡ് ലെഫ്റ്റനന്റ് സുസന്‍ ലൗസാഡയേയും ലൂട്ടണ്‍ മേയറേയും കൗണ്‍സിലര്‍ സമീര സല്ലെമിനേയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. പൊതുജനങ്ങളുടെയും തദ്ദേശ സംഘടനകളുടെയും സാന്നിദ്ധ്യത്തില്‍ ടൗണ്‍ഹാളില്‍ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച്ച നടന്നത്. ലൂട്ടണ്‍ ഡാര്‍ട്ട് സന്ദര്‍ശിച്ച രാജാവ് അടുത്തവര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുന്ന എയര്‍പോര്‍ട്ട് ഷട്ടിലില്‍ സവാരി ചെയ്യുകയും ചെയ്തു. ഡയറക്ട് എയര്‍- റെയില്‍ ട്രാന്‍സിറ്റ് എന്ന ഡാര്‍ട്ട് ഡ്രൈവര്‍ ഇല്ലാത്ത 2.2 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള, ഡ്രൈവര്‍ ഇല്ലാത്ത റെയില്‍ ഗതാഗത സംവിധാനമാണ്. ലൂട്ടണ്‍ എയര്‍പോര്‍ട്ട് പാര്‍ക്ക്‌വേ സ്റ്റേഷനില്‍ നിന്നും എയര്‍പോര്‍ട്ട് ടെര്‍മിനല്‍ വരെ ഇത് 3 മിനിറ്റ് കൊണ്ട് ഓടിയെത്തും.