ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ചാൾസ് രാജാവ് ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് മാറുവാൻ ആഗ്രഹിക്കുന്നില്ല എന്ന തരത്തിലുള്ള വാർത്തകളാണ് പുതിയതായി പുറത്തുവന്നിരിക്കുന്നത്. ആധുനിക ജീവിതത്തിന് കൊട്ടാരം പൂർണ സൗകര്യപ്രദമല്ല എന്നുള്ള കാരണമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. 2003 മുതൽ കാമില രാജ്ഞിയോടൊപ്പം ക്ലാരൻസ് ഹൗസിൽ താമസിക്കുന്ന അദ്ദേഹം ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് താമസം മാറ്റുവാൻ ആഗ്രഹിക്കുന്നില്ല എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വന്നിരിക്കുന്നത്.
തികച്ചും ഔദ്യോഗികമായ കൂടിക്കാഴ്ചകൾക്കും മറ്റും മാത്രമാണ് കൊട്ടാരം ഉപയോഗിക്കുവാൻ രാജാവ് ആഗ്രഹിക്കുന്നത് എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ഏകദേശം 369 മില്യൻ പൗണ്ട് ചിലവാക്കിയുള്ള കൊട്ടാര പുനരുദ്ധീകരണ പദ്ധതികൾ പാതിവഴിയിൽ ആണ്. 2027 ഓടെ മാത്രമേ ഈ പദ്ധതികൾ പൂർത്തീകരിക്കൂ എന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ക്ലാരൻസ് ഹൗസ് തന്റെ യഥാർത്ഥ ഭവനമായി നിലനിർത്തിക്കൊണ്ട് രാജാവ് ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് ഔദ്യോഗിക കാര്യങ്ങൾ നടത്തുമെന്നാണ് നിലവിലെ സൂചനകൾ. ചാൾസ് രാജകുമാരൻ രാജാവാകുമ്പോൾ രാജകൊട്ടാരങ്ങൾ തുറന്ന് സ്വകാര്യ ഇടങ്ങളിൽ നിന്ന് പൊതു ഇടങ്ങളാക്കി മാറ്റാൻ പദ്ധതിയിട്ടിരുന്നതായി കഴിഞ്ഞ വർഷം ദി സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ തന്നെ അത്തരത്തിലുള്ള നടപടികൾ രാജാവിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ബക്കിംഗ്ഹാം കൊട്ടാരം, വിൻഡ്‌സർ കാസിൽ, ബാൽമോറൽ, സാൻഡ്രിംഗ്ഹാം, ക്ലാരൻസ് ഹൗസ് എന്നിവ റോയൽ ഹോമുകളായി തുടരുമെങ്കിലും പുതിയ പദ്ധതികൾക്ക് കീഴിൽ പൊതുജനങ്ങൾക്ക് കൂടുതൽ പ്രവേശനം ലഭിക്കും.
Leave a Reply