ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്യാൻസർ ചികിത്സയിലെ നിർണായകമായ ഘട്ടം പിന്നിട്ടതായി അറിയിച്ച് ചാൾസ് മൂന്നാമൻ രാജാവ്. പുതിയ വർഷത്തിൽ ചികിത്സയുടെ തീവ്രത കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ചികിത്സാ മുൻകരുതൽ എന്ന നിലയിൽ ഡോക്ടർമാർ തുടർപരിശോധനകൾ നടത്തുമെന്നും ബക്കിങ്ഹാം പാലസ് വ്യക്തമാക്കി. ചാനൽ 4 സംഘടിപ്പിച്ച ‘സ്റ്റാൻഡ് അപ്പ് ടു ക്യാൻസർ’ പരിപാടിക്കായി മുൻകൂട്ടി റെക്കോർഡ് ചെയ്ത സന്ദേശത്തിലാണ് രാജാവ് ഈ വിവരം പങ്കുവച്ചത്. ക്യാൻസർ എത്രയും നേരത്തെ കണ്ടെത്തിയത് തന്റെ രോഗയാത്രയിൽ വലിയ മാറ്റം ഉണ്ടാക്കിയെന്നും, നേരത്തെയുള്ള രോഗനിർണയം രോഗികൾക്ക് പ്രത്യാശ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്വന്തം ക്യാൻസറിന്റെ തരം വെളിപ്പെടുത്താതെയാണ് രാജാവ് സംസാരിച്ചത്. ഡോക്ടർമാരുടെ നിർദേശങ്ങൾ കൃത്യമായി പാലിച്ചതും ആധുനിക ചികിത്സാ മുന്നേറ്റങ്ങളും കാരണം ചികിത്സ കുറയ്ക്കാനാകുന്ന ഘട്ടത്തിലേക്ക് എത്തിയതായും, ഇത് ക്യാൻസർ പരിചരണ രംഗത്തെ വലിയ പുരോഗതിയുടെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, യുകെയിൽ 90 ലക്ഷത്തോളം പേർക്ക് ലഭ്യമായ ക്യാൻസർ സ്ക്രീനിങ് പരിശോധനകൾ ഇതുവരെ പുതുക്കിയിട്ടില്ലെന്ന ആശങ്കയും രാജാവ് പങ്കുവച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ ബ്രെസ്റ്റ്, ബൗവൽ, സർവൈക്കൽ ക്യാൻസർ സ്ക്രീനിങ്ങിനുള്ള അർഹത അറിയാൻ സഹായിക്കുന്ന പുതിയ ദേശീയ ഓൺലൈൻ ‘സ്ക്രീനിങ് ചെക്കർ’ ആരംഭിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു.

രാജാവിന്റെ ചികിത്സ മികച്ച രീതിയിൽ പ്രതികരിക്കുന്നുവെന്നും മുൻകരുതൽ ചികിത്സ തുടരുമെന്നും പാലസ് അറിയിച്ചു. ക്യാൻസർ രോഗികളെയും അവരുടെ കുടുംബങ്ങളെയും രാജാവ് തന്റെ പ്രാർത്ഥനകളിൽ ഉൾക്കൊള്ളുന്നുണ്ടെന്നും സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. രാജാവിന്റെ ചികിത്സയിൽ വരുന്ന മാറ്റത്തിലുള്ള സന്തോഷം പ്രധാനമന്ത്രി കിയർ സ്റ്റാർമറും പങ്കുവച്ചു. നേരത്തെ നടത്തിയ ക്യാൻസർ സ്ക്രീനിങ് ജീവൻ രക്ഷിക്കുന്നതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.