ഇന്ത്യയിലേക്ക് തിരികെ കയറ്റിവിടുന്നതിനെ എതിര്‍ത്ത് മദ്യവ്യാപാരി വിജയ് മല്യ നല്‍കിയ അപ്പീല്‍ റോയല്‍ കോര്‍ട്സ് ഓഫ് ജസ്റ്റിസ് നിരാകരിച്ചു. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട് നടന്ന 1 ബില്യണ്‍ പൗണ്ടിന്റെ തട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് വിജയ് മല്യയെ പിടികൂടാന്‍ ഇന്ത്യ ശ്രമിക്കുന്നത്. 2018ലാണ് ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് കയറ്റിവിടാനുള്ള തീരുമാനം വന്നത്. ഇതിനെ എതിര്‍ത്ത് മല്യ അപ്പീല്‍ നല്‍കുകയായിരുന്നു. തട്ടിപ്പ് നടന്നതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി ഹൈക്കോടതി ജഡ്ജിമാര്‍ ഉത്തരവില്‍ പറഞ്ഞു.
മല്യയെ രാജ്യത്തു നിന്നും കയറ്റിവിടാനുള്ള ഉത്തരവില്‍ 2019 ഫെബ്രുവരിയിലാണ് അന്നത്തെ ആഭ്യന്തരമന്ത്രി സാജി ജാവിദ് ഒപ്പുവെച്ചത്. തട്ടിപ്പുകേസിലും പണം വെളുപ്പിക്കല്‍ കേസിലുമെല്ലാം കുടുങ്ങിയയാളാണെന്ന് വ്യക്തമാക്കിയായിരുന്നു ഈ ഉത്തരവ്.
ബ്രിട്ടനിലെ തെവിന്‍ ഗ്രാമത്തില്‍ 11.5 ദശലക്ഷം പൗണ്ടിന്റെ ഒരു മണിമാളികയിലാണ് മല്യയുടെ വാസം. തനിക്കെതിരായ ആരോപണങ്ങളെല്ലാം രാഷ്ട്രീയ ലാക്കോടു കൂടിയതാണെന്നാണ് മല്യ വാദിക്കുന്നത്. തുക പൂര്‍ണമായും 2018 ജൂലൈ മാസത്തോടെ നിരുപാധികമായി അടയ്ക്കാമെന്ന് താന്‍ വാഗ്ദാനം ചെയ്തിരുന്നതാണെന്നും അത് സ്വീകരിക്കപ്പെട്ടില്ലെന്നും മല്യ വാദിക്കുകയുണ്ടായി.
ഡിസംബര്‍ മാസത്തില്‍ ഈ കേസ് പരിഗണിച്ച ഒരു കോടതി മല്യ തെറ്റായ വിവരങ്ങള്‍ ബോധിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് താനെടുത്ത ലോണുകള്‍ എങ്ങനെയാണ് ഉപയോഗിച്ചതെന്ന കാര്യത്തിലും മറ്റുമാണ് മല്യ നുണ പറഞ്ഞത്. കേസ് പരിഗണിക്കുന് വേളയില്‍ മല്യയെക്കുറിച്ച് ഒരു ജില്ലാ ജഡ്ജി പറഞ്ഞത് ഇങ്ങനെയായിരുന്നു: “ഗ്ലാമറസ് ആയും, ധാരാളം ആഭരണങ്ങളണിഞ്ഞും, അംഗരക്ഷകരോടൊപ്പം നടക്കുന്ന ഈ ബില്യണയര്‍ കാമദേവന്‍ ബാങ്കര്‍മാരെ തന്റെ വശീകരണവലയത്തിലാക്കുകയും അവരെ തങ്ങളുടെ സാമാന്യ ബുദ്ധിയെയും ബാങ്കിന്റെ ചട്ടങ്ങളെയും മറികടന്നുള്ള തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഇതോടെ ജാവിദ് ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കാനുള്ള തീരുമാനമെടുത്തു.
Leave a Reply