ജോൺ കുറിഞ്ഞിരപ്പള്ളി

“മാന്യ പ്രേക്ഷകർക്ക് നമസ്കാരം.
പൂക്കളവും ഓണക്കോടിയും പുലികളിയും ആട്ടവും പാട്ടുമായി പത്തുദിവസത്തോളം വരുന്ന ഓണാഘോഷം പ്രതീക്ഷയുടെയും സമത്വത്തിൻ്റെയും ഐക്യത്തിൻ്റെയും വർണ ചിത്രങ്ങൾ മലയാളി മനസ്സുകളിൽ വരച്ചു ചേർത്തിരിക്കുന്നു. നാനാത്വത്തിലെ ഏകത്വം ശരിക്കും അന്വർത്ഥമാക്കുന്നു ഓണാഘോഷങ്ങൾ.
അതുകൊണ്ടു തന്നെ ഓണവും ഓണാഘോഷങ്ങളും എന്നും നില നിൽക്കണം. 1961 ലാണ് കേരള ഗവൺമെന്റ് ഓണം ദേശീയോത്സവമെന്ന നിലയിൽ കൊണ്ടാടാൻ തീരുമാനിച്ചത്.കേരള ജനത അത് ഹൃദയത്തിൽ ഏറ്റെടുത്തു, ഓണാഘോഷങ്ങൾ ജനകീയമായി. എങ്ങനെയാണ് ഈ കൊറോണകാലത്ത് നമ്മളുടെ ആളുകൾ ഓണം ആഘോഷിക്കുന്നത് എന്ന് നമുക്ക് കാണാം.എ എക്സ് ടീവിയിൽ നിന്നും ക്യാമറാമെൻ മാത്തുകുട്ടിയോടൊപ്പം അരവിന്ദൻ.”
“ചേച്ചി,ഞാൻ എ എക്സ് ടീവിയിൽ നിന്നാണ്. ഈ വർഷത്തെ നിങ്ങളുടെ ഓണാഘോഷം ഏതു തരത്തിലാണ് എന്നറിയാൻ ഞങ്ങളുടെ പ്രേഷകർക്ക് ആഗ്രഹമുണ്ട്. കൊറോണ കാലമല്ലേ?എന്താ ചേച്ചിയുടെ പേര്?”
“അന്നമ്മ”.
“അന്നമ്മ ചേച്ചി എങ്ങനെയാണ് ഈ വർഷം ഓണം ആഘോഷിക്കുന്നത് എന്ന് ഞങ്ങളുടെ പ്രേക്ഷകരോട് പറയാമോ?”

“ഓ,അതിനെന്താ?കൊറോണ കാരണം അരിയും പച്ചക്കറികളും വാങ്ങാൻ പണമില്ലാത്തതുകൊണ്ട് കിറ്റ് ഓണം മതിയെന്ന് എൻ്റെ കെട്ടിയവൻ പറയുന്നു. എന്നാൽ എൻ്റെ അഭിപ്രയം ഇനി മുതൽ ഓണഘോഷം വേണ്ട എന്നാണ് ” .
“ങേ. ഓണം വേണ്ട?” “അതെ..ഓണം ഞങ്ങൾ സത്യവിശ്വാസികൾക്ക് ചേർന്നതല്ല. ഓണം ആഘോഷിക്കുന്നത് വിഗ്രഹ ആരാധനയാണ്. മറ്റു ദൈവങ്ങളെ വണങ്ങുകയോ ആരാധിക്കുകയോ എന്തിന് കൈ കൂപ്പുകയോ ചെയ്താൽ ആത്മാവ് നശിച്ചുപോകും,.ഞങ്ങൾ നരകത്തിൽ പോകും. എനിക്ക് ഈ പ്രായത്തിൽ നരകത്തിൽപോകാൻ വയ്യ. ഞാൻ പാറേപ്പള്ളിയിൽ ധ്യാനത്തിനു പോകുവാ.”
“അപ്പോൾ ഓണം വേണ്ട എന്നാണ് ചേച്ചിയുടെ അഭിപ്രായം?”
“അതെ.”
“അന്നമ്മ ചേച്ചി പറയുന്നത് ,അവർ ഇനി ഓണം ആഘോഷിക്കുന്നില്ല, എന്നാണ്. അതിന് അവർ പറയുന്ന കാരണം ഓണം ആഘോഷിക്കുന്നത് പാപം ആണ്, അവർ നരകത്തിൽ പോകേണ്ടിവരും എന്നാണ്..”
“ചേട്ടാ ഒന്ന് നിൽക്കൂ, ഞാൻ എ എക്സ് ചാനലിൽനിന്നാണ് . നിങ്ങളുടെയെല്ലാം ഓണാഘോഷങ്ങൾ എങ്ങനെയുണ്ട് എന്നറിയാൻ ഞങ്ങളുടെ പ്രേക്ഷകർക്ക് താൽപര്യമുണ്ട്. എന്താ ചേട്ടന്റെ പേര്?”
“അലി. എന്താ വേണ്ടത് ? ചോദിച്ചോളൂ.”
“ഓണം നമ്മളുടെ ദേശീയ ആഘോഷമാണല്ലോ. മിസ്റ്റർ അലിയും കുടുംബവും എങ്ങനെയാണ് ഈ വർഷം ഓണം ആഘോഷിക്കുന്നത്?”
“ഓണം അങ്ങനെ ദേശീയ ഉത്സവമാണ് എന്ന് നിങ്ങൾ പറഞ്ഞാൽ മതിയോ? ഉത്സവം എന്ന് പറയുന്നതു തന്നെ നമ്മൾക്ക് ഹറാം ആണ്.”
“ഉത്സവം എന്നുള്ളതിന് പിന്നെ എന്തുപറയണം?”
“പെരുന്നാൾ. മഹാബലിന്നുപറയുന്നത് തട്ടിപ്പാണ്. ഈ പറയുന്നതുപോലെ ഒരാളെ മണ്ണിൽ ചവിട്ടിതാഴ്ത്താൻ കഴിയുവോ? അല്ലെങ്കിലും ഓൻ അതിന് നിന്നുകൊടുത്തിട്ടല്ലേ? പച്ചകറികൂട്ടി ഉണ് കഴിക്കുന്നതിന് ഓണം എന്നുപറയുന്നു. അതിലും എത്ര നല്ലതാ കാള ബിരിയാണി കഴിക്കുന്നത്?”
“അപ്പോൾ അലി ഓണം ആഘോഷിക്കുന്നില്ല.?”
“ഇല്ല”
“ശരി”.
“ചേട്ടാ ഒന്ന് നിൽക്കൂ. ഞാൻ എഎക്സ് ചാനലിൽ നിന്നാണ്..കൊറോണ കാലത്ത് നമ്മുടെ ആളുകൾ എങ്ങനെ ഓണം ആഘോഷിക്കുന്നു എന്നറിയാൻ ഞങ്ങളുടെ പ്രേക്ഷകർക്ക് താൽപ്പര്യമുണ്ട്. എങ്ങനെയുണ്ട് ചേട്ടൻ്റെ ഓണം ആഘോഷങ്ങൾ എന്നറിയാനാണ്.എന്താ ചേട്ടൻ്റെ പേര്?”
“രാമകൃഷ്ണൻ”:
“രാമകൃഷ്ണൻചേട്ടനും കുടുംബവും എങ്ങനെയാണു ഈ വർഷം ഓണം ആഘോഷിക്കുന്നത്?”
“നമ്മള് ആരെങ്കിലും കിറ്റ് തരുമോ എന്ന് കാത്തിരിക്കുവാ. ഈ വർഷം കിറ്റ് ഓണം ആകട്ടെ. അല്ലാതെ ഒരു മാർഗ്ഗവും കാണുന്നില്ല. നിങ്ങളുടെ ചാനലിൽ രണ്ടുമൂന്നുപേർ സംസാരിക്കുന്നത് കണ്ടു. ഓണത്തെ മാനിക്കാൻ കഴിയാത്തവർ പാക്കിസ്ഥാനിലേക്കോ റോമിലേക്കോ പോകണം. ഇത് ഞങ്ങളുടെ രാജ്യമാണ്.ഇവിടെ ജീവിക്കുന്നവർ ഞങ്ങൾ പറയുന്നതുപോലെ ജീവിക്കണം.അല്ലാത്തവർക്ക് ഈ രാജ്യത്ത് സ്ഥാനം ഇല്ല.”
” നമ്മളുടെ സമൂഹത്തിൻ്റെ ഒരു നേർക്കാഴ്ച്ച സഹജീവികളോടുള്ള സഹാനുഭൂതി എല്ലാം വ്യക്തമാകുന്നതാണ് ഈ ലൈവ് പ്രോഗ്രാം. മനുഷ്യരെല്ലാം ഒന്നുപോലെ. അതെ ഒന്നുപോലെ വർഗീയത വിളമ്പുന്നു. എഎക്സ് ചാനലിൽ നിന്ന് ക്യാമറാമെൻ മാത്തുക്കുട്ടിയോടൊപ്പം അരവിന്ദൻ. നന്ദി നമസ്കാരം.”