ചൈനയില്‍ നിന്ന് എത്തിയ മലയാളി വിദ്യാര്‍ത്ഥിനിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ മുന്‍കരുതല്‍ വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനി തൃശൂര്‍ ജനറല്‍ ആശുപത്രിയിലാണുള്ളത്. എന്നാല്‍ പെണ്‍കുട്ടിയുടെ ആരോഗ്യം തൃപ്തികരമാണ്. മന്ത്രി ശൈലജ ടീച്ചര്‍ മാധ്യമങ്ങളെ കാണുകയാണ്.
കേരളത്തില്‍ നിന്ന് 20 പേരുടെ സാമ്പിളുകളാണ് അയച്ചുകൊടുത്തത്. അതില്‍ ഒന്നിലാണ് പൊസിറ്റീവ് ഫലം വന്നത്. വിദ്യാര്‍ത്ഥിനിയെ നേരത്തെ തന്നെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയിരുന്നു. വാര്‍ത്താസമ്മേളനത്തിനുശേഷം മന്ത്രി തൃശൂരിലേക്ക് പോകും. അവിടെ ഇന്ന് ഉന്നതതലയോഗം ചേരുന്നുണ്ട്.
എല്ലാവരും സഹകരണത്തോടെ മുന്നോട്ട് പോകണം. വാര്‍ത്തകളിലൂടെ ജനങ്ങളെ പേടിപ്പിക്കരുതെന്ന് ശൈലജ ടീച്ചര്‍ പറയുന്നു. ആര്‍ക്കെങ്കിലും രോഗലക്ഷണം ഉണ്ടായാല്‍ അത് മറച്ചുവയ്ക്കാതെ ചികിത്സ തേടണം. ഒരാള്‍ പോലും കൊറോണ ബാധിച്ച് കേരളത്തില്‍ മരിക്കരുതെന്നാണ് ആഗ്രഹം. അതിനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വിമാനത്താവളത്തിലും പ്രത്യേക പരിശോധന ഏര്‍പ്പെടുത്തും. അയച്ചുകൊടുത്ത സാമ്പിളില്‍ 10 എണ്ണവും നെഗറ്റീവാണ്. ബാക്കി ഫലം കൂടി വരേണ്ടതുണ്ട്. ചൈനയില്‍ നിന്ന് വന്നവര്‍ വീടുകളില്‍ കഴിയണം. പൊതു പരിപാടികളില്‍ പങ്കെടുക്കരുതെന്നും മന്ത്രി ആവശ്യപ്പെടുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡ് തുടങ്ങും. പനിയും ചുമയും ഉള്ളവര്‍ ചികിത്സ തേടുമ്പോള്‍ പ്രത്യേക ജാഗ്രത വേണം. സംസ്ഥാനത്ത് 806പേര്‍ നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Leave a Reply