ലണ്ടൻ ∙ കഠാരയാക്രമണങ്ങളിൽ കുപ്രസിദ്ധിയാർജിച്ച ലണ്ടൻ നഗരം കഴിഞ്ഞ ദിവസം ഞെട്ടിയുണർന്നത് വെടിവയ്പിന്റെ വാർത്തകേട്ട്. രണ്ടു ദിവസത്തിനുള്ളിൽ മൂന്നു യുവാക്കൾക്കാണ് വ്യത്യസ്ത സംഭവങ്ങളിൽ വെടിയേറ്റത്. ഇതിൽ ഒരാൾ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ശനിയാഴ്ച രാത്രിയാണ് 17 വയസുള്ള യുവാവ് കെന്നിംങ്ടണിൽ വെടിയേറ്റു മരിച്ചത്. ഇതിനു തൊട്ടുമുമ്പ് പതിമൂന്നും പതിനഞ്ചും വയസുള്ള രണ്ടു യുവാക്കൾക്ക് ഹാരോയിലെ വീൽഡ്സ്റ്റോണിലും വെടിയേറ്റു. പട്ടാപ്പകലായിരുന്നു ഇവർക്കുനേരെയുള്ള ആക്രമണം. ഇതോടൊപ്പം ഞായറാഴ്ച രാത്രി നോർത്ത് വെസ്റ്റ് ലണ്ടനിൽ മറ്റൊരു കഠാരയാക്രമണവും ഉണ്ടായി.
ആക്രമണങ്ങളെ ശക്തമായി അപലപിച്ച് രംഗത്തെത്തിയ മേയർ സാദിഖ് ഖാൻ ഇതവസാനിപ്പിക്കാൻ ശക്തമായ നടപടികൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.
കഴിഞ്ഞദിവസം അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ലണ്ടനിലെ കഠാരയാക്രമണങ്ങളെപ്പറ്റി നടത്തിയ പരാമർശം ലോകശ്രദ്ധ നേടിയിരുന്നു. കുത്തേറ്റവരെക്കൊണ്ട് ലണ്ടനിലെ ആശുപത്രികൾ യുദ്ധക്കളംപോലെയായെന്നായിരുന്നു ട്രംപിന്റെ പരിഹാസച്ചുവയുള്ള പരാമർശം. ടെക്സാസിലെ ഡാലസിൽ നാഷനൽ റൈഫിൾ അസോസിയേഷന്റെ പരിപാടിയിൽ പ്രസംഗിക്കവേയാണ് തോക്ക് കൈവശം വയ്ക്കാൻ അനുവദിക്കുന്ന അമേരിക്കൻ നിയമത്തെ ന്യായീകരിച്ചുകൊണ്ട് ട്രംപ് ലണ്ടനിലെ വർധിച്ചുവരുന്ന കഠാരയാക്രമണങ്ങളെ തുറന്നു കാട്ടിയത്. ശരിയാണ് അവർക്ക് തോക്കുകളില്ല. പകരം കഠാരയാണ്. കഠാര..കഠാര..കഠാര.. ഇതായിരുന്നു ട്രംപിന്റെ വാക്കുകൾ.
ഇതിനു തൊട്ടുപിന്നാലെ തന്നെ വെടിവയ്പും കത്തിക്കുത്തും ആവർത്തിച്ചത് ലണ്ടൻ മേയർ ഉൾപ്പെടയുള്ളവർക്ക് നാണക്കേടായി. റോഡുകളിൽ കൂടുതൽ പൊലീസ് സാന്നിധ്യം ഉറപ്പാക്കിയും രാത്രികാല പട്രോളിംങ് ഊർജിതമാക്കിയും മേയറും സ്കോട്ട്ലൻഡ്‌യാർഡും കൂടുതൽ കരുതൽ നടപടികൾ സ്വീകരിക്കുന്നുണ്ട്.
Leave a Reply