സനു മോഹൻ തനിയെയാണ് വൈഗയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്. കൊച്ചി പൊലീസ് കമ്മിഷണർ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വൈഗയുടെ മൃതദേഹം കിട്ടിയ അന്നുതന്നെ സനുമോൻ വാളയാർ വിട്ടതായി വിവരം കിട്ടിയിരുന്നു. പരമാവധി തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമവും സനു നടത്തി. ആദ്യഘട്ടത്തിൽ സനുവിനെ കണ്ടെത്താനായിരുന്നു ശ്രമം. ഒട്ടേറെ സ്ഥലങ്ങളിൽ കറങ്ങിയതിനു ശേഷമാണ് മൂകാംബിയയിലേക്ക് എത്തിയത്. ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് മൂകാംബിക വരെയെത്തിയത്.
പൊലീസിന്റെ എട്ടു സംഘമാണ് അന്വേഷണം നടത്തിയത്. എപ്പോൾ എവിടെനിന്നു വിവരം ലഭിച്ചാലും അവിടേക്ക് എത്താൻ വിധത്തിലായിരുന്നു പൊലീസ് പ്രവർത്തനം. സനുവിന്റെ ഭൂതകാലവും പരിശോധിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് അങ്ങനെയാണു പിടികിട്ടിയത്. കേസിൽ ആവശ്യത്തിനു തെളിവുകൾ കണ്ടെത്താനാണു ശ്രമം. ഇനിയുള്ള ദിവസങ്ങളിൽ അതിനായിരിക്കും ശ്രമിക്കുക. പ്രാഥമിക നിഗമന പ്രകാരം കേരളത്തിനു പുറത്തെ രണ്ടു സംസ്ഥാനങ്ങളിൽ ഇയാളെത്തി. ഒരുപക്ഷേ, മൂന്നു സംസ്ഥാനങ്ങളിലേക്കും കടന്നിട്ടുണ്ടാകാം.
സനു മൊഴികളെല്ലാം മാറ്റിപ്പറയുകയാണ്. ഇപ്പോൾ പറയുന്നത് 10 മിനിറ്റ് കഴിഞ്ഞ് മാറ്റുകയാണ്. അരമണിക്കൂർ കഴിഞ്ഞ് പിന്നെയും മാറ്റുന്നു. വൈഗയുടെ ശരീരത്തിലെ മദ്യത്തിന്റെ അംശത്തെപ്പറ്റിയും സംശയമുണ്ട്. ഇതിലൊന്നും സനുവിന്റെ മൊഴി വിശ്വാസത്തിലെടുക്കാനാകില്ല. ഡിഎൻഎ പരിശോധനാഫലം വന്നതിനുശേഷം മാത്രമേ അന്തിമ വിവരം നല്‍കാനാകൂ. നിലവിലെ മൊഴി പ്രകാരം വൈഗയെ കെട്ടിപ്പിടിച്ചു ഞെരിച്ചു കൊല്ലുകയായിരുന്നു. എന്നാൽ ഇക്കാര്യത്തിലും സ്ഥിരീകരണം വരാനുണ്ട്.
എന്തുകൊണ്ടാണു കൊലപാതകമെന്നതിനു സനു പല കാരണങ്ങളും പറയുന്നുണ്ട്. ആത്മഹത്യയ്ക്കു ശ്രമിച്ചെന്നാണ് ഇപ്പോൾ പറയുന്നത്. സ്വയം ലോകത്തിൽനിന്നു വിടപറയുന്നതിനു മുൻപ് മകളെയും ഇല്ലാതാക്കിയതാണെന്നാണു പറയുന്നത്. പക്ഷേ, ഇതൊന്നും വിശ്വാസത്തിലെടുക്കാറായിട്ടില്ല.
ഫോൺ സിഗ്നൽ പോലുള്ള ഡിജിറ്റൽ തെളിവുകളൊന്നും ബാക്കിവയ്ക്കാതെയാണ് സനു രക്ഷപ്പെടാൻ ശ്രമിച്ചത്. രക്ഷപ്പെടാനുള്ള ഓരോ ശ്രമത്തിലും തെളിവുകൾ ബാക്കിവയ്ക്കാതെ നോക്കിയിരുന്നു. അതാണു സംശയം ബലപ്പെടുത്തുന്നത്. ആത്മഹത്യാശ്രമം എന്ന വാദത്തെ സംശയിക്കാനും ഇതാണു കാരണം.
നിലവിൽ സനുവിനെ മാത്രമാണു സംശയിക്കുന്നത്. മൂന്നാമതൊരാളെ സംശയിക്കുന്നില്ല. ഫ്ലാറ്റിലുള്ളവരെയും സനുവിന്റെ ഭാര്യവീട്ടുകാരെയും ഉൾപ്പെടെ ചോദ്യം ചെയ്തു. ഇതിൽനിന്നെല്ലാമുള്ള വിവരങ്ങളും പരിശോധിക്കേണ്ടതുണ്ട്. സനുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണു തീരുമാനം. തുടർന്നു തെളിവെടുപ്പു നടത്തും. മുംബൈയിൽ മൂന്നു കോടിയുടെ തട്ടിപ്പു കേസ് സനുവിന്റെ പേരിലുണ്ട്. വളരെ രഹസ്യാത്മക ജീവിതമാണ് സനു നയിച്ചിരുന്നത്. ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇയാൾ ആരോടും പുറത്തുപറഞ്ഞിരുന്നില്ലെന്നും കമ്മിഷണർ പറഞ്ഞു.
Leave a Reply