കൊച്ചി ഉദയംപേരൂരില്‍ യുവാവിന്‍റെ മൃതദേഹം വീടിനുളളില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. അരീക്കോട് സ്വദേശിയായ യുവാവിന്‍റേതാണ് മൃതദേഹമെന്നാണ് പൊലീസ് വിലയിരുത്തല്‍. എന്നാല്‍ മരണ കാരണം വ്യക്തമല്ല.
ഉദയംപേരൂര്‍ നെടുവേലി ക്ഷേത്രത്തിനടുത്തുളള ഇരുനില വീടിന്‍റെ താഴത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. താഴത്തെ മുറിയില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം . വീടിനുളളില്‍ നിന്നും ശക്തമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂര്‍ സ്വദേശിയായ അനീഷ് മൂന്നു മാസം മുമ്പാണ് ഉടമയില്‍ നിന്ന് വീട് വാടകയ്ക്ക് എടുത്തത്. രണ്ട് യുവാക്കളാണ് വീട്ടില്‍ താമസിച്ചിരുന്നതെന്ന് അയല്‍ക്കാര്‍ പൊലീസിനോട് പറഞ്ഞു.
എന്നാല്‍ ഇവരെ കുറിച്ചുളള വിശദാംശങ്ങള്‍ ആര്‍ക്കും അറിയില്ല. വീട്ടില്‍ താമസിച്ചിരുന്ന കോഴിക്കോട് അരീക്കോട് സ്വദേശിയായ യുവാവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന് അരികില്‍ നിന്ന് ഒരു കുപ്പിയും വെളളവും കിട്ടിയിട്ടുണ്ട്. കുപ്പിയിലുളള ദ്രാവകം മദ്യമല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ദ്രാവകം വിശദ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു .ഉദയംപേരൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
Leave a Reply