കൊടകര കുഴൽപ്പണക്കേസിൽ രണ്ടു പ്രമുഖരെ കൂടി ചോദ്യം ചെയ്യുമെന്ന സൂചന നൽകി പ്രത്യേക അന്വേഷണ സംഘം. ഇതിലൊന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മകനാണെന്നാണ് സൂചന. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച് വ്യക്തമായ തീരുമാനമുണ്ടാകും.
കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന സാഹചര്യത്തിൽ പോലീസിന് ഇനി കാര്യമായി എന്താണ് ചെയ്യാനുള്ളതെന്നും പ്രത്യേക അന്വേഷണ സംഘം യോഗം ചേർന്ന് വിലയിരുത്തും.
സുരേന്ദ്രനെ ബുധനാഴ്ച ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കേസന്വേഷണത്തിന്റെ ഇനിയുള്ള മുന്നോട്ടുപോക്ക്. നേരത്തെ ചോദ്യം ചെയ്ത നേതാക്കളിൽനിന്നു വ്യത്യസ്തമായി സുരേന്ദ്രനിൽ നിന്നും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന.
ധർമ്മരാജനെ അറിയാമെന്നും തെരഞ്ഞെടുപ്പു സാമഗ്രികൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് അയാളുമായി ഇടപെട്ടതെന്നുമാണ് സുരേന്ദ്രനും മൊഴി നൽകിയത്. പണത്തിന്റെ ഇടപാടുകൾ തനിക്കറിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞിട്ടുണ്ട്.
കോന്നിയിൽ വച്ച് ധർമ്മരാജനെ കണ്ടിരുന്നോ എന്ന ചോദ്യത്തിന് പ്രചരണത്തിനിടെ പലരേയും കണ്ടിട്ടുണ്ടെന്ന ഉത്തരമാണ് നൽകിയത്. സെക്കന്റുകൾ മാത്രം നീളുന്ന ഫോണ് കോളാണ് സുരേന്ദ്രനെയും ധർമ്മരാജനേയും കൂട്ടിയിണക്കാനായി പോലീസിന് കിട്ടിയിട്ടുള്ള തെളിവ് .
അധികം വൈകാതെ കൊടകര കേസ് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് പോലീസ് സംസ്ഥാന സർക്കാരിന് സമർപ്പിക്കും.
Leave a Reply