കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ ദമ്പതികളെ കണ്ടെത്തി. മൂന്നു മാസം മുൻപ് പ്രണയിച്ചു വിവാഹിതരായ കൊല്ലം പനയം ചെമ്മക്കാട് മഠത്തിൽ കാവിനു സമീപം വിഷ്ണു ഭവനിൽ വിഷ്ണു (23), ഭാര്യ പുത്തൂർ സ്വദേശിനി ആര്യ (21) എന്നിവരെയാണു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ 4 മണിയോടെയാണു സംഭവം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…
വിവാഹത്തിന് ആര്യയുടെ വീട്ടുകാർ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതു വകവയ്ക്കാതെ ഇരുവരും വിവാഹിതരാവുകയും വിഷ്ണുവിന്റെ വീട്ടിൽ താമസിച്ചു വരികയുമായിരുന്നു. ഡാൻസറാണ് വിഷ്ണു. ആര്യ ഗർഭിണിയാണെന്നറിഞ്ഞ മാതാപിതാക്കൾ മകളെ കാണാനായി ഇന്നലെ വൈകിട്ടോടെ വീട്ടിലെത്തിയപ്പോൾ ഇവരുടെ കിടപ്പുമുറിയുടെ വാതിൽ അടച്ച നിലയിലായിരുന്നു.
വിഷ്ണുവിന്റെ പിതാവും വീട്ടിലുണ്ടായിരുന്നു. വിളിച്ചിട്ടു വാതിൽ തുറക്കാതായതോടെ ഇവർ കതക് ചവിട്ടിത്തുറന്നപ്പോൾ ഇരുവരും ഷാളിൽ തൂങ്ങി നിൽക്കുന്നതാണു കണ്ടത്. പൊലീസ് ജീപ്പിൽ ഇരുവരെയും മതിലിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഇന്ന്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
Leave a Reply