കൊല്ലം: ചേതനയറ്റ ദേവന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ കണ്ടു നിന്നവർക്ക് കണ്ണീരടക്കാനായിരുന്നില്ല. ”എന്‍റെ പൊന്നേ”, എന്ന് അലറിക്കരഞ്ഞുകൊണ്ട് അമ്മ ധന്യ കുഞ്ഞിനരികിലേക്ക് നീങ്ങാൻ ശ്രമിച്ചു. രണ്ട് ദിവസം ആറ്റിൽ കിടന്നിരുന്ന കുഞ്ഞിന്‍റെ പോസ്റ്റ്‍മോർട്ടമടക്കം നടത്തിയതിനാൽ, കുഞ്ഞിനടുത്തേക്ക് പോകാൻ ആരെയും അനുവദിച്ചിരുന്നില്ല.
”ഒന്ന് തൊട്ടോട്ടെ”, എന്ന് കരഞ്ഞുകൊണ്ട് അമ്മ ധന്യ ബന്ധുക്കളോട് ചോദിക്കുന്നത് കേട്ട് കൂടെ നിന്നവരെല്ലാം പൊട്ടിക്കരഞ്ഞു. അവസനാമായി കാണാൻ ദേവനന്ദയുടെ കൂട്ടുകാരികളും എത്തി. നിറഞ്ഞ കണ്ണുകളും കയ്യിൽ ഒരുപിടി റോസാപ്പൂക്കളുമായി അവർ പ്രിയകൂട്ടുകാരിക്ക് അന്ത്യയാത്ര പറയാനെത്തി, നാട്ടുകാരും ബന്ധുക്കളുമെല്ലാം കുഞ്ഞിനെ കാണാനായി പള്ളിമൺ ഇളവൂരിലെ വീട്ടിലെത്തി.
അമ്മമാർ വിതുമ്പിക്കൊണ്ടാണ് കുഞ്ഞിനെ കടന്ന് പോയത്. ഒരു നാട് മുഴുവൻ കണ്ണ് നിറഞ്ഞ് വിതുമ്പിയ നേരം. കുഞ്ഞിന്‍റെ മൃതദേഹം ദേവനന്ദ പഠിച്ചിരുന്ന ശ്രീ സരസ്വതി വിദ്യാനികേതനിലും, പള്ളിമണ്ണിലെ വീട്ടിലും, കുടവട്ടൂരിലെ കുടുംബവീട്ടിലും പൊതുദർശനത്തിന് വച്ചപ്പോഴും ആയിരക്കണക്കിന് പേരാണ് ഒഴുകിയെത്തിയത്.
കുഞ്ഞിനെ കാണാതായ വിവരമറിഞ്ഞ് അച്ഛൻ പ്രദീപ് ഇന്ന് രാവിലെയാണ് വിദേശത്ത് നിന്നെത്തിയത്. കുട്ടിയെ കാണാനില്ലെന്ന വിവരം പൊലീസറിയിച്ചപ്പോൾ, എത്രയും പെട്ടെന്ന് ടിക്കറ്റെടുത്ത് പ്രദീപ് നാട്ടിലേക്ക് വരികയായിരുന്നു. കേരളം മുഴുവൻ കുഞ്ഞുദേവനന്ദയ്ക്കായി തെരച്ചിലുമായി കൈ കോർത്തപ്പോൾ പ്രതീക്ഷയോടെ കാത്തിരുന്നു പ്രദീപും ധന്യയും ഒരു നാട് മുഴുവനും. ഇന്ന് രാവിലെയോടെ ആ പ്രതീക്ഷ വിഫലമായി.
Leave a Reply