തീറ്റ കൊടുക്കുന്നതിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. പന്മന വടക്കുംതല പാലുവിള കിഴക്കതിൽ പരേതനായ മാധവൻ പിള്ളയുടെ മകൻ ബിജു (40) ആണു കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ പരവൂർ കോട്ടേകുന്ന് ക്ഷേത്രത്തിനു സമീപം മീനാട് സ്വദേശിയുടെ ആനക്കൊട്ടിലിലായിരുന്നു സംഭവം. പരിസരം വൃത്തിയാക്കി ആനയ്ക്കു തീറ്റ കൊടുക്കാൻ ബിജു തയാറെടുക്കുന്നതു കണ്ടവരുണ്ട്.
ഏറെ നേരം കഴിഞ്ഞിട്ടും ബിജുവിനെ കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണു തറയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം മൂലം വീണതാണെന്നാണ് ആദ്യം കരുതിയത്. ഒപ്പമുണ്ടായിരുന്നവർ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. വാരിയെല്ലുകൾ പൊട്ടിയതായി ഡോക്ടറുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയപ്പോഴാണ് ആന ചവിട്ടിയതാണെന്നു തിരിച്ചറിഞ്ഞത്.
2 വർഷത്തോളമായി ആനയുടെ ഒന്നാം പാപ്പാനായിരുന്നു ബിജു. സംഭവം നടക്കുമ്പോൾ രണ്ടാം പാപ്പാൻ സ്ഥലത്തില്ലായിരുന്നു. സംഭവത്തിൽ പരവൂർ പൊലീസ് കേസെടുത്തു. ബിജുവിന്റെ സംസ്കാരം നടത്തി. ഭാര്യ: സുനിത. മക്കൾ: ബിനീഷ്, അനീഷ്.
Leave a Reply