കുണ്ടറ പേരയം കരിക്കുഴി നിർമല സദനത്തിൽ ജോൺസൺ ഡിക്രൂസിന്റെ ജീവിതത്തിന്റെ നല്ലൊരേടും കോടതിയും വ്യവഹാരവുമായിരുന്നു. ഒടുവിൽ കോടതി മുറ്റത്ത് ആ ജീവിതം അവസാനിപ്പിച്ചു. കേസിനായി കോടതിയിലെത്തിയശേഷം കെട്ടിടത്തിനു മുകളിൽനിന്നു താഴേക്കു ചാടി ജീവനൊടുക്കുകയായിരുന്നു ജോൺസൺ.
അവിവാഹിതനായ ജോൺസൺ ബിഹാറിൽ ധൻബാദിൽ ഹോങ്‌കോങ് ഗ്രിൽ എന്ന പേരിൽ ഹോട്ടൽ നടത്തുകയായിരുന്നു. പാർലമെന്റിനു മുന്നിൽ ജോൺസൺ നടത്തിയ പ്രതിഷേധ പ്രകടനം രാജ്യം മുഴുവൻ ചർച്ച ചെയ്യപ്പെട്ടു.
ഉത്തരേന്ത്യയിൽ മലയാളി നഴ്സുമാർ കൊലചെയ്യപ്പെട്ടപ്പോൾ, പ്രത്യേകിച്ചു നാഗപ്പൂരിലെ സിസ്റ്റർ മേരി പോൾ വധം നടന്നശേഷം ജോൺസൺ രംഗത്തിറങ്ങി. ഡൽഹി ഇന്ത്യാഗേറ്റ് മുതൽ രാഷ്ട്രപതി ഭവൻ വരെ ശരീരം മുഴുവൻ മുള്ളുകമ്പി കൊണ്ടു വരിഞ്ഞുകെട്ടി നടത്തിയ പ്രകടനം പൂർത്തിയാകും മുൻപു പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് മർദനത്തിൽ ജോൺസണ് കണ്ണിനും ആമാശയത്തിനും ഗുരുതരമായി പരുക്കേറ്റു.
മൊറാർജി ദേശായി മന്ത്രിസഭയിൽ അംഗമായിരുന്ന എ.പി.ശർമ മലയാളി വനിതകളെപ്പറ്റി മോശമായ പരാമർശം നടത്തിയപ്പോഴും പ്രതിഷേധിക്കാൻ ജോൺസൺ ഉണ്ടായിരുന്നു. ശർമയെ പ്രതിഷേധം അറിയിക്കണമെന്നാവശ്യപ്പെട്ട് ജോൺസൺ കേരളത്തിലെ എല്ലാ എംഎൽഎമാർക്കും കത്തയച്ചു. മറുപടി അയച്ചത് അന്നത്തെ വിദ്യാഭ്യാസമന്ത്രി കെ.ചന്ദ്രശേഖരൻ മാത്രമായിരുന്നു.
മലയാളികളുടെ ദുഃഖങ്ങളിൽ പങ്കുചേരുക ജീവിതവ്രതമാക്കിയിരുന്ന ജോൺസൺ പെരുമൺ ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയവർക്ക് ഉത്തരേന്ത്യയിലെ മലയാളികളിൽ നിന്നു പണം ശേഖരിച്ചു മണിയോർഡറായി അയച്ചുകൊടുത്തിരുന്നു.
20 വർഷം മുൻപാണു നാട്ടിൽ മടങ്ങിയെത്തിയത്. സഹോദരൻ ആഞ്ചലോസ് ഡിക്രൂസിന്റെ വീട്ടിലായിരുന്നു താമസം. സഹോദരന്റെ മകനുമായി ചേർന്നു പഴയ ഇരുചക്രവാഹനങ്ങൾ വാങ്ങി മോടിപിടിപ്പിച്ചു വിൽപന നടത്തുകയായിരുന്നു. ഇതോടൊപ്പം പൊതുജന താൽപര്യമുള്ള കേസുകൾ ഏറ്റെടുത്തു നടത്തുകയും ചെയ്തു. നിയമസഹായം ആവശ്യമായവരോടൊപ്പം എന്നും ജോൺസൺ ഉണ്ടായിരുന്നു.
കുമ്പളം സ്വദേശി യേശുദാസൻ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കിടെ സുരക്ഷാ ജീവനക്കാരന്റെ മർദനമേറ്റു മരിച്ച കേസ് ഏറ്റെടുത്തു നടത്തിയ ജോൺസൺ വീട്ടുകാർക്കു നഷ്ടപരിഹാരത്തുക വാങ്ങി നൽകി. വീടിന്റെ പരിസരത്തെ റോഡിനു സംരക്ഷണഭിത്തി കെട്ടണമെന്ന് ആവശ്യപ്പെട്ടു ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടും നടപടിയുണ്ടായില്ല.
തുടർന്നു ഹൈക്കോടതിയെ സമീപിച്ചു. ഏഴു വർഷം നീണ്ട നിയമപ്പോരാട്ടത്തിനൊടുവിൽ ഭിത്തി നിർമിച്ചു നൽകാൻ കോടതി ഉത്തരവിട്ടെങ്കിലും അധികൃതർ നടപടിയെടുത്തില്ല. വീണ്ടും കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു.
ഇന്നലെ പുലർച്ചെയാണു കേസിന്റെ ആവശ്യത്തിനായി ജോൺസൺ എറണാകുളത്തേക്കു പോയത്. ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെ ഹൈക്കോടതി കെട്ടിടത്തിൽ നിന്നു ചാടി മരിച്ചുവെന്ന വാർത്ത നാട്ടിൽ പരന്നു. വിവരമറിഞ്ഞു ബന്ധുക്കൾ എറണാകുളത്ത് എത്തുകയായിരുന്നു.