കൊല്ലം ഒാച്ചിറയിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് പ്രതി റോഷന്‍. ഏറെനാളായി പ്രണയത്തിലാണ്. പെണ്‍കുട്ടിക്ക് 18 വയസുണ്ടെന്നും പ്രതി. റോഷനെ പന്‍വേലിലെ കോടതിയില്‍ ഉടന്‍ ഹാജരാക്കും. ഓച്ചിറയിൽ നിന്നു കാണാതായ നാടോടി പെൺകുട്ടിയെയും മുഖ്യപ്രതി മുഹമ്മദ് റോഷനെയും നവിമുംബൈയിലെ പന്‍വേല്‍ നിന്നാണ് കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘം കണ്ടെത്തിയത്.

മുംബൈയിലെത്തിയ കേരള പൊലീസിന്റെ 2 സംഘങ്ങളിലൊന്നാണ് ഇവരെ കണ്ടെത്തിയത്. രാജസ്ഥാനിലും ബംഗളുരൂവിലും അന്വേഷണം നടത്തിയ ശേഷമാണു ചില സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് മുംബൈയിലേക്കു പോയത്. പ്രതി മുഹമ്മദ് റോഷൻ മൊബൈൽ ഫോൺ ഓഫ് ചെയ്തത് തുടക്കത്തിൽ അന്വേഷണത്തെ ബാധിച്ചു. എന്നാൽ, റോഷന്റെ കേരളത്തിനു പുറത്തുള്ള ഒരു ബന്ധുവിന്റെ ഫോണിലേക്കു വന്ന കോളിനെക്കുറിച്ചുള്ള സംശയം പൊലീസിനു തുണയായി. ഇതിനെ പിന്തുടർന്നുള്ള അന്വേഷണമാണു മുംബൈയിലേക്കു നീണ്ടത്.

കൊല്ലം പൊലീസിന്റെ 2 സംഘങ്ങൾ ഇപ്പോൾ മുംബൈയിലെത്തിയിട്ടുണ്ട്. വനിത സിവിൽ പൊലീസ് ഓഫിസർമാർ ഉൾപ്പെട്ട സംഘം താമസിയാതെ ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ 18നാണു റോഷന്റെ നേതൃത്വത്തിലുള്ള സംഘം മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയും റോഷനുമായി നേരത്തെ അടുപ്പമുണ്ടായിരുന്നതായാണു പൊലീസ് പറയുന്നത്. പ്രാദേശിക സിപിഐ നേതാവിന്റെ മകനാണു റോഷൻ.

പെൺകുട്ടിയുമായി എറണാകുളത്തെത്തിയ റോഷൻ അവിടെ നിന്നു ട്രെയിൻ മാർഗം ബംഗളൂരുവിലേക്കു പോയെന്നാണ് ആദ്യം പൊലീസ് പറഞ്ഞിരുന്നത്. പിന്നീട് ഇവർ മുംബൈയിലെത്തിയത് എങ്ങനെയാണെന്നു വ്യക്തമല്ല. ഗുണ്ടാസംഘാംഗങ്ങളായ കേസിലെ മറ്റു 3 പ്രതികളെ ഓച്ചിറ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതിഷേധിച്ചും സർക്കാരിനെയും പൊലീസിനെയും കുറ്റപ്പെടുത്തിയും വിവിധ രാഷ്ട്രീയപാർട്ടികൾ പ്രക്ഷോഭം ആരംഭിച്ചിരിക്കെയാണു പെൺകുട്ടിയെ കണ്ടെത്തിയ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.