കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവ് എസ്.കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷയില്‍ ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 5നു വിധി പറയും.

വിസ്മയയുടെ മരണത്തില്‍ കിരണിനു പങ്കില്ലെന്ന കിരണിന്റെ കുടുംബത്തിന്റെ നിലപാട് തന്നെയാണ് ജാമ്യഹര്‍ജിയിലും ആവര്‍ത്തിച്ചിരിക്കുന്നത്. കിരണ്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. കേസിന്റെ അന്വേഷണം ഗൗരവമായി നടക്കുകയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ കാവ്യാ നായര്‍ വാദിച്ചു.

ഷൊര്‍ണൂര്‍ സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായിരുന്ന ബി.എ.ആളൂരാണ് ഇന്നലെ കിരണിനു വേണ്ടി കോടതിയില്‍ ഹാജരായത്. കിരണിന്റെ ബന്ധുക്കളും സുഹൃത്തുക്കളും കോടതിയില്‍ എത്തിയിരുന്നു. വിസ്മയയുടെ മരണത്തില്‍ അന്വേഷണം പാതിവഴിയില്‍ എത്തിയപ്പോഴാണ് കിരണിനു കോവിഡ് ബാധിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നെയ്യാറ്റിന്‍കര സബ് ജയിലില്‍ കഴിയുന്ന കിരണിനെ രോഗമുക്തനാകുമ്പോള്‍ തെളിവെടുപ്പിനായി വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വാങ്ങണം. വിസ്മയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നു പോലും സ്ഥിരീകരിച്ചിട്ടില്ല.

ഇരു ഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് വിധി പറയാന്‍ 5ലേക്ക് ഹര്‍ജി മാറ്റിയത്. ശാസ്ത്രീയ തെളിവുകള്‍, സാങ്കേതിക തെളിവുകള്‍, സാക്ഷിമൊഴികള്‍ എന്നിവ പരമാവധി ശേഖരിക്കുകയാണ് അന്വേഷണസംഘം. വിസ്മയ തൂങ്ങിമരിച്ചുവെന്ന കിരണ്‍ പറയുന്ന ശുചിമുറിയിലും കിടപ്പുമുറിയിലും പരിശോധന നടത്തിയ ഫൊറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ട്, ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം എന്നിവ കേസില്‍ നിര്‍ണായകമാണ്.