കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ഭർതൃപിതാവ് പൊന്നാമറ്റം ടോം തോമസിനെ കബളിപ്പിച്ച് കൂടുതൽ പണം തട്ടിയെടുത്തതായി അന്വേഷണസംഘം കണ്ടെത്തി. ഭൂമി വിൽപ്പനയിൽ ലഭിച്ച 26 ലക്ഷം രൂപയും ദിവസങ്ങൾക്കകം ജോളിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. ഇത്രയും പണം അധികം വൈകാതെതന്നെ ബാങ്കിൽനിന്ന് ജോളി പിൻവലിച്ചിട്ടുണ്ട്.
റോയി-ജോളി ദന്പതികൾക്ക് പുതിയ വീട് വയ്ക്കുന്നതിനായി കൂടത്തായിക്കടുത്ത മണിമുണ്ടയിലുണ്ടായിരുന്ന രണ്ട് ഏക്കര് സ്ഥലം വില്പന നടത്തി ടോം തോമസ് 16 ലക്ഷം രൂപ തന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു എന്നായിരുന്നു ജോളിയുടെ ആദ്യമൊഴി. എന്നാൽ മണിമുണ്ടയിലെ ഭൂമി വിറ്റത് 20 ലക്ഷം രുപയ്ക്ക് മുകളിലാണെന്ന് അന്വേഷണസംഘം നേരത്തെ സ്ഥിരീകരിച്ചിരുന്നു. മണിമുണ്ടയിലെ സ്ഥലം വാങ്ങിയ ആളിൽനിന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം വിശദമായ മൊഴിയെടുത്തിരുന്നു.
20 ലക്ഷത്തിൽപരം രൂപയ്ക്ക് സ്ഥലം വിറ്റെങ്കിലും ഈ ഇടപാടിലെ നയാപൈസ പോലും ടോം തോമസിന്റെ അക്കൗണ്ടിൽ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. പണം ബാങ്കിൽ നിക്ഷേപിച്ച് ദിവസങ്ങൾക്കകം മുഴുവൻതുകയും ജോളിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായാണ് രേഖകൾ. ടോം തോമസിന്റെ വ്യാജ ഒപ്പിട്ട ചെക്ക് നൽകി തുക തട്ടിയതാണെന്നു സംശയിക്കുന്നു. ടോം തോമസ് വധകേസിൽ ഇന്നലെ അഞ്ചുദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച ജോളിയെ അടുത്തദിവസം വിവിധ ബാങ്കുകളിലെത്തിച്ച് തെളിവെടുക്കും.
ടോം തോമസിന്റെ മരുമകളായ ജോളി നൽകിയ ചെക്ക് ഉപയോഗിച്ച് കൂടുതൽ പരിശോധന നടത്താതെ പണം ജോളിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതാണെന്നു സംശയിക്കുന്നു. ഇതിനിടെ റോയ് തോമസിന്റെ മുക്കം റെഡിമെയ്ഡ് സ്ഥാപനത്തിന്റെ പാർട്ണറായിരുന്ന ആൾ ദുരൂഹസാഹചര്യത്തിൽ മരിച്ചുവെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചു.
റോയിയും പാർട്ണറും തമ്മിലുണ്ടായിരുന്ന സാന്പത്തിക ഇടപാടുകൾ ജോളിയ്ക്ക് അറിയാമായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇതേക്കുറിച്ച് അന്വേഷിച്ചുവരികയാണ്. പാർട്ണറുടെ മരണം സംബന്ധിച്ച ചില സംശയങ്ങൾ പരിശോധിച്ചുവരികയാണെന്ന് അന്വേഷണസംഘാംഗം വെളിപ്പെടുത്തി.
Leave a Reply