കൂടത്തായി കൂട്ടമരണത്തിന്റെ ചുരുളഴിഞ്ഞു. കുടുംബത്തിലെ ആറുപേരെ പലപ്പോഴായി വിഷംകൊടുത്തുകൊന്നത് മരിച്ച റോയിയുടെ ഭാര്യ ജോളിയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. റോയിയുടെ മരണത്തില്‍ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
കുടുംബസ്വത്ത് തട്ടിയെടുക്കല്‍ ഉള്‍പ്പെടെ പല കാരണങ്ങളുടെ പേരിലാണ് കൊലപാതകപരമ്പര. ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്ത സുഹൃത്ത് മാത്യുവും സഹായി പ്രജുകുമാറും അറസ്റ്റിലായി. പ്രതികളെ മൂന്നുപേരെയും താമരശേരി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. മറ്റ് മരണങ്ങള്‍ വിപുലമായി അന്വേഷിക്കുമെന്ന് റൂറല്‍ എസ്.പി. കെ.ജി.സൈമണ്‍ അറിയിച്ചു.
14 വര്‍ഷത്തിനിടെയാണ് കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ ആറുപേര്‍ സമാന സാഹചര്യങ്ങളില്‍ മരണമടഞ്ഞത്. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയി, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജു സ്കറിയയുടെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരെ ഉറ്റബന്ധുവായ ജോളി വര്‍ഷങ്ങളുടെ ഇടവേളകളില്‍ വിഷം കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു.
കൊല്ലപ്പെട്ട റോയിയുടെ സഹോദരന്‍ റോജിയുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. മാസങ്ങള്‍ക്കൊടുവില്‍ ആറുപേരുടേയും മരണസമയത്ത് ജോളി ഒപ്പമുണ്ടായിരുന്നുവെന്ന് കണ്ടെത്തി. മരിച്ചവരെല്ലാം ഛര്‍ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. റോയിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡിന്റെ സാന്നിധ്യം നിര്‍ണായകസൂചനയായി. സയനൈഡ് എവിടെ നിന്നെന്ന ചോദ്യം പൊലീസിനെ ജോളിയുടെ സുഹൃത്തും ജ്വല്ലറി ജീവനക്കാരനുമായ മാത്യു എന്ന എം.എസ്.ഷാജിയില്‍ എത്തിച്ചു.
സാഹചര്യത്തെളിവുകള്‍ ശേഖരിച്ചശേഷം മൃതദേഹങ്ങളില്‍ ഫൊറന്‍സിക് പരിശോധനയും നടത്തി. മുന്‍പ് ആറുതവണ ചോദ്യംചെയ്തിട്ടും കുലുങ്ങാതിരുന്ന ജോളി ഒടുവില്‍ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ച തെളിവുകള്‍ക്കുമുന്നില്‍ പതറി. കുറ്റം സമ്മതിച്ചു. കൂട്ടുനിന്നവരെ കാട്ടിക്കൊടുത്തു. ഒടുവില്‍ മാത്യുവും സഹായി പ്രജുകുമാറും വലയിലായി.
അതിശയിപ്പിക്കുന്ന ആസൂത്രണവും അപാരമായ ക്രിമിനല്‍ മനസുമാണ് ജോളിയില്‍ ക്രൈംബ്രാഞ്ച് കണ്ടത്. കൂടുതല്‍ പേരുടെ സഹായം അവര്‍ക്ക് ലഭിച്ചിരിക്കാനുള്ള സാധ്യത അന്വേഷണസംഘം തള്ളിക്കളയുന്നില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ വിശദമായ അന്വേഷണം തുടരും.
ജോളിയ്ക്കുള്ള പങ്കിനെ പറ്റി അറിഞ്ഞതിന്‍റെ ഞെട്ടലിലാണ് ഇടുക്കി കട്ടപ്പനയിലെ ജോളിയുടെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരുമെല്ലാം. ഇപ്പോഴും മകള്‍ ഇത് ചെയ്തെന്ന് വിശ്വസിക്കാന്‍ മാതാപിതാക്കളും തയ്യാറല്ല.
ജോളിയുടെ ഭര്‍ത്താവ് റോയ് ഉള്‍പ്പെടെ ആറുപേര്‍ പലപ്പോഴായി മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് പൊലീസ് കരുതുന്നു.
ജോളിയുടെ കുടുംബത്തില്‍ സ്വത്തുതര്‍ക്കമുണ്ടെന്ന് രണ്ടാം ഭര്‍ത്താവ് ഷാജു. അതേസമയം മരണപരമ്പരയില്‍ തനിക്ക് പങ്കില്ലെന്ന് ഷാജു പറഞ്ഞു. മരണങ്ങളില്‍ ജോളിക്ക് പങ്കുണ്ടോയെന്ന് പ്രതികരിക്കുന്നില്ല. ഫൊറന്‍സിക് പരിശോധനാഫലം വരുമ്പോള്‍ എല്ലാം അറിയാമല്ലോ എന്നായിരുന്നു ഷാജുവിന്റെ നിലപാട്.
എല്ലാത്തിനും കാരണം സ്വത്തുതര്‍ക്കമെന്ന് ഷാജുവിന്റെ പിതാവും മരിച്ച ടോമിന്റെ സഹോദരനുമായ സക്കറിയ പറഞ്ഞു. ഫിലിയുടെ കുഞ്ഞ് മരിച്ചത് അപസ്മാരം മൂലമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എല്ലാം ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടെയെന്നും അന്വേഷണത്തെ നേരിടുമെന്നും സക്കറിയ പറഞ്ഞു.
Leave a Reply