കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരകള്‍ വാര്‍ത്തയാക്കി പ്രശസ്ത അമേരിക്കന്‍ ദിനപ്പത്രം ‘ദ ന്യൂയോര്‍ക്ക് ടൈംസ്’. കൂടത്തായിയില്‍ ആറു കൊലപാതകങ്ങള്‍ നടത്തിയ മുഖ്യപ്രതി ജോളിയെയും പൊന്നാമറ്റം തറവാടിനെയും വിശദമായി പരാമര്‍ശിച്ചു കൊണ്ടുള്ള വാര്‍ത്തയില്‍ കേസിലെ നാള്‍വഴികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാർ എന്നിവരാണ് കൂടത്തായി കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. കൊലപാതകങ്ങള്‍ നടത്തിയത് താന്‍ തന്നെയാണെന്ന് പ്രതി ജോളി പൊലീസിനോട് സമ്മതിച്ചിരുന്നു. സ്വർണപ്പണിക്കാരനായ പ്രജുകുമാറിൽ നിന്ന് സയനൈഡ് സംഘടിപ്പിച്ച് നല്‍കിയത് താനാണെന്ന് രണ്ടാം പ്രതിയും ജോളിയുടെ ബന്ധുവുമായ ജ്വല്ലറി ജീവനക്കാരന്‍ മാത്യു പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ആറ് കൊലപാതകങ്ങളും ആറ് സംഘങ്ങളാണ് അന്വേഷിക്കുന്നത്. കോയമ്പത്തൂര്‍ അടക്കമുള്ള സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ജോളിക്ക് എവിടെ നിന്നെല്ലാം സയനൈഡ് കിട്ടി, കൊലപാതകങ്ങളിൽ ആരെല്ലാം സഹായിച്ചു, ആർക്കെല്ലാം അറിവുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് വിശദമായി പരിശോധിക്കുന്നത്. ജോളിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം. ഇത് ക്യാമറയിൽ ചിത്രീകരിക്കും. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. അതേസമയം, മൂന്നാം പ്രജു കുമാറിന് സൈനഡ് നൽകിയതായി അന്വേഷണ സംഘം കരുതുന്ന പേരാമ്പ്ര സ്വദേശി സത്യനെ കോയമ്പത്തൂരിൽ വെച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

ബിഎസ്എന്‍ എല്‍ ജീവനക്കാരനായ ജോൺസണുമായുള്ള വിവാഹം നടക്കാൻ ജോൺസന്റെ ഭാര്യയേയും കൊലപ്പെടുത്താൻ ശ്രമം നടത്തിയെന്നും ജോളി പൊലീസിന് മൊഴി നൽകിയിരുന്നു. മുഖ്യ പ്രതി ജോളിയുമായി സൗഹൃദമുണ്ടെന്ന് ജോൺസൺ മൊഴി നൽകിയിരുന്നു. ആ സൗഹൃദത്തിലാണ് ഫോണിൽ സംസാരിച്ചതെന്നും ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും മൊഴിയിൽ ഉണ്ടായിരുന്നു.