കൂടത്തായി തുടര്‍മരണങ്ങളില്‍ നിര്‍ണായക കണ്ടെത്തല്‍. മരിച്ച ആറു പേരും മരണത്തിനുമുന്പ് ആട്ടിന്‍സൂപ്പ് കഴിച്ചിരുന്നു. ആട്ടിന്‍സൂപ്പ് കഴിച്ചതിനുപിന്നാലെ ഛര്‍ദിച്ച് കുഴഞ്ഞുവീണാണ് മരണങ്ങള്. മരിച്ച റോയ് തോമസിന്റെ ശരീരത്തില്‍ സയനൈഡിന്റെ അംശമുണ്ടായിരുന്നു. 2002 മുതൽ 2016 വരെ പൊന്നാമറ്റം കുടുംബത്തിലുണ്ടായ മരണത്തിൽ ബന്ധുവിന്റെ പരാതിയെത്തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം. കല്ലറകള്‍ തുറന്ന് അന്വേഷണസംഘം ശരീരാവശിഷ്ടങ്ങള്‍ ശേഖരിച്ച് തുടങ്ങിയത് ഇന്ന് രാവിലെയാണ്.
10 മണിയോടെ എസ്.പിയും സംഘവുമെത്തി. ഫൊറൻസിക് വിദഗ്ധരും ഡോക്ടർമാരുൾപ്പെടെയുള്ള സംഘം കല്ലറകൾ തുറന്നു. ഒരു മണിക്കൂറിനുള്ളിൽ രണ്ടു പേരുടെയും ദ്രവിച്ചു പോകാത്ത ശരീര ഭാഗങ്ങൾ ശേഖരിച്ചു. ഷാജുവിന്റെ ഭാര്യ സിലി, പത്ത് മാസം പ്രായമായ മകൾ എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് പുറത്തെടുത്തത്.
പതിനൊന്ന് നാൽപതോടെ ക്രൈംബ്രാഞ്ച് സംഘം കൂടത്തായി ലൂർദ് മാതാ പള്ളിയിലെത്തി. രണ്ട് കല്ലറകളാണ് തുറന്നത്. പൊന്നാമറ്റത്തിൽ അന്നമ്മ, അന്നമ്മയുടെ ഭർത്താവ് ടോം തോമസ്, മകൻ റോയ് എന്നിവരെ സംസ്കരിച്ചിട്ടുള്ള കല്ലറയാണ് ആദ്യം തുറന്നത്. പിന്നാലെ അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യുവിനെ സംസ്കരിച്ചിട്ടുള്ള കല്ലറയും തുറന്ന് ശരീരാവശിഷ്ടങ്ങൾ ശേഖരിച്ചു. മരിച്ചവരുടെ ബന്ധുക്കളും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു നടപടി. ശാസ്ത്രീയ പരിശോധന ഫലം വരുന്നതോടെ ദുരൂഹ മരണത്തിന് വ്യക്തതയുണ്ടാകുമെന്നാണ് വിലയിരുത്തൽ. പ്രധാന തെളിവുകൾ ഇതിനകം ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചതായും ഉദ്യോഗസ്ഥർ പറയുന്നു.
Leave a Reply