കോതമംഗലം ചേലാട് പെരിയാർ വാലി കനാൽ ബണ്ടിൽ സ്റ്റുഡിയോ ഉടമയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് മരിച്ച എൽദോസ് പോളിന്റെ അയൽവാസി എൽദോസ് ജോയിയെയും മാതാപിതാക്കളെയും പോലീസ് അറസ്റ്റു ചെയ്തു.എൽദോസിൽ നിന്നും കടം വാങ്ങിയ പണം തിരികെ നൽകാതിരിക്കാനായിരുന്നു കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. പിണ്ടിമന പുത്തൻ പുരക്കൽ എൽദോസ് (കൊച്ചാപ്പ27) ഇയാളുടെ പിതാവ് ജോയി (58) മാതാവ് മോളി (55) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
ചേലാട് സെവൻ ആർട്‌സ് സ്റ്റുഡിയോ ഉടമ എൽദോസ് ആണ് കൊല്ലപ്പെട്ടത്. സ്റ്റുഡിയോ ഉടമയായ എൽദോസ്, കൊച്ചാപ്പ എന്നു വിളിക്കുന്ന എൽദോസിന് മൂന്നു ലക്ഷം രൂപ കടം നൽകിയിരുന്നു. ഇത് തിരികെ നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തുകയും മഴുക്കൈ കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.മൃതദേഹം സ്‌കൂട്ടറിലിരുത്തി കൊണ്ടുപോയി കനാൽ ബണ്ടിനു സമീപം ഉപേക്ഷിക്കുകയായിരുന്നു. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കത്തിച്ചുകളഞ്ഞതായാണ് പ്രതികൾ പറയുന്നത്. ആയുധത്തിന്റെയും നശിപ്പിക്കപ്പെട്ട മൊബൈൽ ഫോണിന്റെയും അവശിഷ്ടങ്ങൾ തെളിവെടുപ്പിൽ കണ്ടെത്തിയിട്ടുണ്ട്.
ഞായറാഴ്ച രാത്രി ഒരു കോൾ വന്നതിനെ തുടർന്ന് വീട്ടിൽനിന്ന് പോയ എൽദോസ് പോളിനെ പിറ്റേന്ന് രാവിലെയാണ് കനാൽബണ്ടിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തു തന്നെ സ്‌കൂട്ടർ മറിഞ്ഞ നിലയിൽ കിടന്നിരുന്നതിനാൽ അപകടമരണമെന്നായിരുന്നു പ്രാഥമിക നിഗമനം.പോസ്റ്റുമോർട്ടത്തിൽ തലയ്ക്ക് പിന്നിൽ സാരമായ പരിക്ക് കണ്ടെത്തിയിരുന്നു. കൂടാതെ എൽദോസിന്റെ മൊബൈൽ ഫോൺ കാണാതായതും ദുരൂഹതയ്ക്കിടയാക്കി. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായിരിക്കുന്നത്.
Leave a Reply