ദമ്പതികളുടെ മൃതദേഹങ്ങൾ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ സംഭവം ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് പോലീസ്. അമയന്നൂർ ഇല്ലിമൂല പതിക്കൽതാഴെ സുധീഷ് (36), ഭാര്യ ടിന്റു( 33) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

സുധീഷിനെ തൂങ്ങിമരിച്ച നിലയിലും ടിന്റുവിന്റെ മൃതദേഹം കട്ടിലിനടിയിൽ കിടത്തിയ നിലയിലുമാണ് കണ്ടെത്തിയത്. ടിന്റുവിനെ കഴുത്തിൽ ഷാളിട്ട് മുറുക്കി കൊലപ്പെടുത്തി സുധീഷ് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുധീഷിന്റെ ഇരു കൈകളിലെയും ഞരമ്പുകൾ മുറിച്ച നിലയിലുമാണ്.

സുധീഷിന്റെ ആത്മഹത്യക്കുറിപ്പു കണ്ടെത്തിയിട്ടുണ്ട്. ഒരു ഫോൺ നമ്പറിൽ നിന്നുള്ള കോളുകൾ സംബന്ധിച്ച സംശയമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നു കരുതുന്നതായി പോലീസ് പറയുന്നു.

സൗദിയിൽ ജോലി ചെയ്യുന്ന സുധീഷ് വിദേശത്തു നിന്നു 2 മാസം മുൻപാണ് അവധിക്കെത്തിയത്. ഭാര്യ ടിന്റുവിനെയും മകൻ സിദ്ധാർഥിനെയും വിദേശത്ത് കൊണ്ടുപോകാനുള്ള ഒരുക്കത്തിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. യാത്രാ ആവശ്യത്തിനായി സുധീഷും ടിന്റുവും കഴിഞ്ഞ ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കും പോയിരുന്നു. തുടർന്ന് ഏകമകനെ സുധീഷിന്റെ സഹോദരൻ ഗീരിഷിന്റെ വീട്ടിലാക്കിയാണ് ഇരുവരും നാട്ടിലേക്ക് തിരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇരുവരും രാത്രിയോടെ തിരിച്ച് വീട്ടിൽ എത്തിയെന്നാണ് കരുതുന്നത്. ഇന്നലെ രാവിലെ ഗിരീഷിന്റെ വീട്ടിലേക്ക് മകനെ കൂട്ടാനായി തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും വീട്ടുകാർ വിളിച്ചിട്ട് ഫോണിൽ കിട്ടിയില്ല. തുടർന്ന് സുധീഷിന്റെ മാതാവ് കുഞ്ഞമ്മണി അയൽവീട്ടിൽ വിളിച്ച് വിവരം തിരക്കിയപ്പോൾ സുധീഷിന്റെ സ്‌കൂട്ടർ വീട്ടുമുറ്റത്തുണ്ടെന്ന് അറിഞ്ഞിരുന്നു. തുടർന്ന് കുഞ്ഞമ്മിണി വീട്ടിലെത്തി നാട്ടുകാരുടെ സഹായത്തോടെ ജനൽച്ചില്ല് പൊട്ടിച്ചു നോക്കിയപ്പോഴാണ് സുധീഷിന്റെ മൃതദേഹം കണ്ടത്.

പിന്നീട് വിവരമറിയിച്ച പ്രകാരം പോലീസ് എത്തിയാണ് വീടു തുറന്നതും ടിന്റുവിന്റെ മൃതദേഹവും കണ്ടെത്തിയതും. ടിന്റുവിനെ കൊലപ്പെടുത്തിയ ശേഷം കട്ടിലിനടിയിലേക്കു തള്ളി കിടക്കയും തുണികളും കൊണ്ട് മൃതദേഹം മൂടിയ നിലയിലായിരുന്നു. മുറിക്കുള്ളിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണമുണ്ട്. വീടിന്റെ സീലിങ്ങിന്റെ ഭാഗം അടർത്തിയ ശേഷം കയറിൽ തൂങ്ങിയ നിലയിലായിരുന്നു സുധീഷ്.

ജില്ലാ പൊലീസ് മേധാവി ഡി ശിൽപ, കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ് കുമാർ, എസ്എച്ച്ഒ ആർ മധു എന്നിവരുടെ നേതൃത്വത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സയന്റിഫിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. മണർകാട് വെള്ളിമഠത്തിൽ കുടുംബാംഗമാണ് ടിന്റു.