ദമ്പതികളെ കാണാതായ സംഭവത്തില്‍ ഭര്‍ത്തൃവീട്ടുകാരെ സംശയനിഴലിലാക്കി യുവതിയുടെ ബന്ധുക്കള്‍. ഏപ്രില്‍ ആറിനു കാണാതായ അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവര്‍ക്കുവേണ്ടി പോലീസ്‌ രണ്ടാംഘട്ട അന്വേഷണം നടത്തുന്നതിനിടെയാണ്‌ അന്വേഷണ സംഘത്തിനും ഹാഷിമിന്റെ ബന്ധുക്കള്‍ക്കുമെതിരേ പരാതിയുമായി ഹബീബയുടെ സഹോദരങ്ങള്‍ രംഗത്തെത്തിയത്‌. സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നാണ്‌ ഇവരുടെ ആവശ്യം. ഹബീബ ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നും ഹാഷിം വിദേശത്തേക്കു കടന്നതായി സംശയിക്കുന്നെന്നും ഹബീബയുടെ സഹോദരന്‍ ഷിഹാബ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു. കേസ്‌ ആത്മഹത്യയാക്കി മാറ്റാനുള്ള നീക്കമാണ്‌ അന്വേഷണസംഘം നടത്തുന്നത്‌. അന്വേഷണ സംഘാംഗമായ കോട്ടയം, വെസ്‌റ്റ്‌ സ്‌റ്റേഷനിലെ എ.എസ്‌.ഐയുടെ നീക്കങ്ങള്‍ സംശയാസ്‌പദമാണ്‌. തിരോധാനവുമായി ബന്ധപ്പെട്ടു ഹാഷിമിന്റെ പിതാവിന്റെ മൊഴി വിശ്വസനീയമല്ലെന്നും ഷിഹാബ്‌ പറഞ്ഞു. ഹാഷിമിന്റെ സഹോദരീഭര്‍ത്താവും ചങ്ങനാശേരി സ്വദേശിയുമായ വിദേശമലയാളിയുടെ നീക്കങ്ങളിലും ഹബീബയുടെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. ഇയാള്‍ ഹബീബയെ ഉപദ്രവിക്കാന്‍ പലതവണ ശ്രമിച്ചിരുന്നു. ചങ്ങനാശേരി സ്വദേശിയുടെ താത്‌പര്യങ്ങള്‍ക്കു വശംവദയാകാത്തതിനാല്‍ ഹബീബയെ മൊഴിചൊല്ലാന്‍ ഹാഷിമിനെ നിര്‍ബന്ധിച്ചിരുന്നു. ഒരു മാസത്തോളം നാട്ടിലുണ്ടായിരുന്ന ഇയാള്‍ ദമ്പതികളെ കാണാതാകുന്നതിന്‌ ഒരു ദിവസം മുമ്പ്‌ വിദേശത്തേക്കു പോയതും പിറ്റേന്നു മടങ്ങിയെത്തിയതും ദുരൂഹമാണ്‌. ഹാഷിമിന്റെ മക്കളെ ഇയാള്‍ ചങ്ങനാശേരിയിലേക്കു നിര്‍ബന്ധപൂര്‍വം കൊണ്ടുപോകുകയും തങ്ങളുമായി ബന്ധപ്പെടാന്‍ അനുവദിച്ചില്ലെന്നും ഹബീബയുടെ സഹോദരങ്ങള്‍ പറയുന്നു. അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കിയ തന്നെ ഹാഷിമിന്റെ സഹോദരീഭര്‍ത്താവ്‌ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതായും ഷിഹാബ്‌ പറഞ്ഞു. ഹാഷിം മാനസിക പ്രശ്‌നങ്ങള്‍ക്കു ചികിത്സ തേടിയിരുന്നു. വീട്ടില്‍ ഭക്ഷണം തയാറാക്കി വച്ചിരിക്കേ ഭക്ഷണം വാങ്ങാന്‍ ഹര്‍ത്താല്‍ ദിനത്തില്‍ ദമ്പതികള്‍ പുറത്തുപോകില്ല. തലേന്ന്‌ ഒരിടത്തും പോയില്ലെന്ന ഹാഷിമിന്റെ പിതാവിന്റെ മൊഴി ഫോണ്‍വിളി വിശദാംശങ്ങളുമായി യോജിക്കുന്നില്ല. നിലവിലുണ്ടായിരുന്ന മുന്തിയ കാര്‍ വിറ്റ്‌ വാഗണ്‍ ആര്‍ കാര്‍ വാങ്ങിയതിലും രണ്ടുമാസമായിട്ടും രജിസ്‌ട്രേഷന്‍ നടത്താത്തതിലും ദുരൂഹതയുണ്ട്‌. ഹബീബയുടെ ദുരിതങ്ങള്‍ സംബന്ധിച്ചു സഹോദരന്‍ നല്‍കിയ കത്ത്‌ അന്വേഷണ സംഘത്തിലെ എ.എസ്‌.ഐ. മുക്കി. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ പോലീസ്‌ തെരച്ചില്‍ നടത്തുമ്പോള്‍ ഹാഷിമിന്റെ സഹോദരീ ഭര്‍ത്താവ്‌ അവിടെയെത്തിയതും സംശയത്തിനിടനല്‍കുന്നു. അന്വേഷണത്തില്‍ പുരോഗതിയുണ്ടാകുന്നില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ഷിഹാബ്‌, സഹോദരന്‍ ഇസ്‌മയില്‍, ബന്ധു ലത്തീഫ്‌ എന്നിവര്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ