കോടതിയിൽ വിധി പറയുന്ന സമയം നട്ടാശേരിയിലെ വാടകവീട്ടിൽ കെവിന്റെ ഫോട്ടോയ്ക്കു മുന്നിൽ മെഴുകുതിരി കൊളുത്തി പ്രാർഥനയോടെ കഴിയുകയായിരുന്നു മാതാപിതാക്കളായ ജോസഫും മേരിയും. കെവിന്റെ ഇളയ സഹോദരി കൃപയും അവരോടൊപ്പമുണ്ടായിരുന്നു. നീനുവിനെ ജീവിതത്തിൽ ഒപ്പം കൂട്ടിയതിനു കെവിനു പകരം നൽകേണ്ടിവന്നതു സ്വന്തം ജീവനായിരുന്നു. ആ ജീവനൊപ്പം ഒരു കുടുംബത്തിന്റെ പ്രതീക്ഷകളും ഇല്ലാതെയായി.

രാവിലെ മുതൽ കെവിന്റെ വീട്ടിൽ വൈദ്യുതി മുടങ്ങിയിരുന്നു. വിധി അറിയാൻ ടിവി കാണാൻ പറ്റാത്ത സ്ഥിതിയായിരുന്നു. പക്ഷേ കൃത്യസമയത്തു വൈദ്യുതി വന്നു. 10 പ്രതികൾക്കും ഇരട്ട ജീവപര്യന്തം എന്നത് ചാനലിൽ തെളിഞ്ഞിട്ടും വികാരഭേദമില്ലാതെ ജോസഫ് ഇരുന്നു. കെവിന്റെ ഫോട്ടോയുടെ അരികിൽ നിന്നു മാറാതെ നിന്ന മേരിയും കൃപയും കരയാൻ തുടങ്ങി. വീട്ടിലേക്കു ഫോണിൽ കോളുകൾ വന്നു തുടങ്ങി. ആദ്യമൊന്നും പറയാൻ ജോസഫ് തയാറായില്ല. പുറത്തു കാത്തുനിൽക്കുന്ന മാധ്യമപ്രവർത്തകരോടു പ്രതികരിക്കാൻ അൽപനേരം കഴിഞ്ഞ് അദ്ദേഹം മുറ്റത്തേക്കിറങ്ങി.

പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടിയെന്നായിരുന്നു ആദ്യ പ്രതികരണം. മുഖ്യപ്രതികൾക്കു വധശിക്ഷ കിട്ടുമെന്നു കരുതിയിരുന്നതായി പറഞ്ഞ ജോസഫ് അതു ലഭിക്കാത്തതിലുള്ള നിരാശയും പങ്കുവച്ചു. ‌വിധിക്കെതിരെ അപ്പീൽ നൽകുമെന്നും പറഞ്ഞു. അന്നത്തെ എസ്പി ഹരി ശങ്കറും പ്രോസിക്യൂഷൻ വിഭാഗവും അന്വേഷണ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ഒരുപാടു പിന്തുണ നൽകി. അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ട്– ജോസഫ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘‘ഒത്തിരി പ്രതീക്ഷകളോടെ വളർത്തിയതാ മകനെ… ഇങ്ങനെയൊരു അവസ്ഥ വരുമെന്നു കരുതിയില്ല. പ്രതികൾക്കു കിട്ടിയ ശിക്ഷ കൃത്യമാണോ കുറവാണോ എന്നൊന്നും അറിയില്ല. കേസിന്റെ വാദം കേൾക്കാൻ കോടതിയിൽ പോയ രണ്ടു വട്ടവും ചിരിച്ചു കളിച്ചു നിൽക്കുന്ന പ്രതികളുടെ മുഖങ്ങളാണു കണ്ടത്. അതിനാൽ, പിന്നീട് അതു കാണാൻ പോകാൻ തോന്നിയില്ല. തകർന്നുപോകുമ്പോൾ അവന്റെ കല്ലറയ്ക്കരികിൽ ചെന്നിരിക്കും. നീനു എന്നും വിളിച്ചു കാര്യങ്ങളൊക്കെ അന്വേഷിക്കാറുണ്ട്. ജീവിതത്തിൽ അന്നും ഇന്നും പ്രാർഥന മാത്രമേ ഉള്ളൂ’’– കെവിന്റെ അമ്മ മേരി പറഞ്ഞു.

കെവിന്റെ ഭാര്യയായ നീനുവിനെ കെവിന്റെ മാതാപിതാക്കൾ സ്വന്തം മകളെപ്പോലെ കരുതി സംരക്ഷിക്കുന്നുണ്ട്. നീനു ഇപ്പോൾ ഉന്നത വിദ്യാഭ്യാസത്തിനായി ബെംഗളൂരുവിലെ കോളജിൽ പഠിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി ചെയ്യുകയാണു കെവിന്റെ ഇളയ സഹോദരി കൃപ. കൃപയാണു മാതാപിതാക്കൾക്കു താങ്ങും തണലുമായി കൂടെയുള്ളത്. കെവിനെക്കുറിച്ചുള്ള കണ്ണീരോർമകളുമായാണു ഇന്നും ആ കുടുംബം ജീവിക്കുന്നത്.