ബ്രിട്ടനിൽ മലയാളി യുവതിയും രണ്ടു മക്കളും താമസ സ്ഥലത്ത് മരിച്ച നിലയിൽ. കോട്ടയം ജില്ലയിലെ വൈക്കം മറവന്തുരുത്ത് പഞ്ചായത്തിലെ കുലശേഖരമംഗലം സ്വദേശിയായ അഞ്ജുവും ആറു വയസുള്ള മകനും നാലു വയസുകാരി മകളുമാണ് ഇംഗ്ലണ്ടിലെ കെറ്ററിംഗിൽ കൊല്ലപ്പെട്ടത്.മുറിവേറ്റ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അഞ്ജുവിന്റെ ഭർത്താവ് സജു യുകെ പൊലീസിന്റെ കസ്റ്റഡിയിലാണ്.

കെറ്ററിംഗിൽ ആശുപത്രിയിൽ നഴ്സായിരുന്നു കൊല്ലപ്പെട്ട അഞ്ജു. യുവതിയെയും മക്കളെയും ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ മുറിവേറ്റ നിലയിൽ അയൽക്കാർ കണ്ടെത്തുകയായിരുന്നു. ആറു വയസുള്ള മകനും നാലു വയസുകാരി മകൾക്കും പോലീസ് കണ്ടെത്തുമ്പോൾ ജീവൻ ഉണ്ടായിരുന്നു. എന്നാൽ ഇവരും പിന്നീട് ആശുപത്രിയിൽ മരിച്ചു. കണ്ണൂർ സ്വദേശിയാണ് പ്രതി സജുവെന്ന് പ്രദേശത്തെ മലയാളി സംഘടനകൾ അറിയിച്ചു. മരിച്ചവരുടെയും പിടിയിലായ ആളുടെയും പേരുവിവരങ്ങൾ ബ്രിട്ടീഷ് പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രതി സജുവിന് ഏറെ നാളായി ജോലിയുണ്ടായിരുന്നില്ലെന്നും ഇതിനെ തുടർന്നുള്ള സാമ്പത്തിക പ്രശ്നങ്ങൾ ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾക്കിടയാക്കിയിരുന്നതായും സൂചനയുണ്ട്.സജു പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനായിരുന്നുവെന്ന് അച്ഛൻ അശോകൻ കോട്ടയത്ത് പ്രതികരിച്ചു. ഏറെ നാളായി വീഡിയോ കോൾ വിളിക്കുമ്പോൾ മകൾ ദുഖത്തിലായിരുന്നു.ജോലിയില്ലാത്തതിന്റെ നിരാശയിലായിരുന്നു അഞ്ജുവിന്റെ ഭർത്താവ് സാജു. നാട്ടിലേക്ക് മാസങ്ങളായി പണമയച്ചിരുന്നില്ല. ഇവർക്കിടയിൽ മറ്റ് പ്രശ്നങ്ങളുള്ളതായി അറിയില്ല. യുകെയിലേക്ക് മക്കളുമായി ഇവർ പോയത് ഒക്ടോബറിലായിരുന്നുവെന്നും അശോകൻ പറഞ്ഞു.സംഭവത്തിൽ ബ്രിട്ടീഷ് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.