റിട്ട എസ്ഐ സി.ആർ. ശശിധരൻ കൊലക്കേസിൽ മിനിയാന്നു രാത്രി ഇറക്കിവിട്ട പ്രതിയെ ഇന്നലെ രാവിലെ വീണ്ടും പിടികൂടി. പൊലീസ് തന്ത്രങ്ങളിൽ ദുരൂഹത. കുറ്റാന്വേഷണത്തിലെ പിഴവിനും കൃത്യവിലോപത്തിനും ഗാന്ധിനഗർ സർക്കിൾ ഇൻസ്പെക്ടർ അനൂപ് ജോസിന് സസ്പെൻഷൻ. കസ്റ്റഡിയിലുള്ളയാളെ സുരക്ഷിതമായി സൂക്ഷിക്കാത്തതിനാണ് അനൂപ് ജോസിനെ ഐജി സസ്പെൻഡ് ചെയ്തത്. അന്വേഷണച്ചുമതല കോട്ടയം ഡിവൈഎസ്പി ആർ. ശ്രീകുമാറിനു കൈമാറി.

ഞായറാഴ്ച പുലർച്ചെയാണ് ശശിധരൻ വീടിനു സമീപം റോഡരികിൽ തലയ്ക്കു വെട്ടേറ്റ് മരിച്ച നിലയിൽ കാണപ്പെട്ടത്. അയൽവാസിയായ അടിച്ചിറ സ്വദേശി സിജുവിനെ (ജോർജ് കുര്യൻ) അന്നു രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. 24 മണിക്കൂർ കസ്റ്റഡിയിൽ പൊലീസ് ചോദ്യം ചെയ്തെങ്കിലും കൊലപാതകത്തിൽ പങ്കില്ലെന്നായിരുന്നു സിജുവിന്റെ മൊഴി.

കസ്റ്റഡിയിൽ 24 മണിക്കൂർ വച്ചിട്ടും തെളിവൊന്നും കിട്ടാതെ വന്നതോടെ സിജുവിനെ രേഖാമൂലം സ്റ്റേഷനിൽ നിന്ന് ഇറക്കിവിടാൻ പൊലീസ് തീരുമാനിച്ചു. പുറത്തിറങ്ങുന്ന സിജുവിനെ പിന്തുടർന്ന് രഹസ്യമായി പിടികൂടി വീണ്ടും ചോദ്യം ചെയ്യാനായിരുന്നു പ്ലാൻ.

രാത്രിയിൽ സ്റ്റേഷനിൽ നിന്നു പുറത്തിറങ്ങിയ സിജു ഓട്ടോറിക്ഷയിൽ കയറി കടന്നുകളഞ്ഞു.അതോടെ തിങ്കളാഴ്ച രാത്രി മുതൽ പൊലീസ് സിജുവിനെ തിരയാൻ തുടങ്ങി. ഇന്നലെ രാവിലെ ഏറ്റുമാനൂർ തൊണ്ടൻകുഴിയിൽ ഇയാളെ കണ്ടെത്തി. പൊലീസുകാരനെ ഇടിച്ചു വീഴ്ത്തിയ സിജു പൊലീസിന്റെ സ്കൂട്ടറിൽ കടന്നുകളഞ്ഞു. പിന്നീട് സിജുവിനെ മണർകാട് സിഐ കെ. ഷിജിയുടെ നേതൃത്വത്തിൽ തിരുവഞ്ചൂരിൽ നിന്ന് അറസ്റ്റ് ചെയ്തു.

ഏറ്റുമാനൂർ ഹൈടെക് പൊലീസ് സ്റ്റേഷനിൽ വീണ്ടും ചോദ്യം ചെയ്തെങ്കിലും സംഭവത്തിൽ തനിക്കു പങ്കില്ലെന്ന നിലപാട് സിജു ആവർത്തിച്ചു. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് സ്കൂട്ടർ തട്ടിയെടുത്തതിനും ഇന്നലെ ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനിൽ വരാത്തതിനും സിജുവിനെതിരെ കേസെടുത്തു.

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1. സിജുവിനെ പൊലീസ് ഇറക്കിവിട്ടതാണോ അതോ സിജു രക്ഷപ്പെട്ടതാണോ. പൊലീസിന് കൃത്യമായ ഉത്തരമില്ല. ‘നാളെ രാവിലെ ചോദ്യം ചെയ്യലിന് എത്താമെന്ന് എഴുതി വാങ്ങിയ ശേഷമാണ് പൊലീസ് സിജുവിനെ വിട്ടത്. എന്നാൽ വിട്ടയച്ച സിജുവിനായി തിങ്കളാഴ്ച രാത്രി മുതൽ തിരിച്ചു പിടിക്കുന്നതു വരെ വൻ പൊലീസ് സംഘം തിരിച്ചിൽ നടത്തി. സിജു ഇറങ്ങിപ്പോകുമ്പോൾ ഉന്നത ഉദ്യോഗസ്ഥർ അടക്കം സ്റ്റേഷനിൽ ഉണ്ടായിരുന്നു.

2. രാഷ്ട്രീയ സമ്മർദം മൂലമാണ് സിജുവിനെ വിട്ടയച്ചതെന്ന് ആരോപണമുണ്ട്. സ്റ്റേഷനിൽ നിന്നു രക്ഷപ്പെട്ട സിജു ആദ്യം സഹായം തേടിയത് ഭരണകക്ഷിയിലെ നേതാവിന്റെ വീട്ടിൽ.

3. ശശിധരൻ മരിച്ചു കിടന്ന സ്ഥലത്തെ രക്തം പൊലീസ് ഇടപെട്ടു കഴുകി വൃത്തിയാക്കി. ഇതു തെളിവു നശിക്കാൻ ഇടയാക്കി. സംഭവത്തിൽ വിശദീകരണം ചോദിച്ചിട്ടുണ്ട്.

4. സംശയമുള്ളവരെ ദിവസങ്ങളോളം അനധികൃതമായി കസ്റ്റഡിയിൽ വയ്ക്കുന്നതാണ് പൊലീസിന്റെ രീതി. എന്നാൽ 24 മണിക്കൂർ കഴിഞ്ഞുവെന്നു പറഞ്ഞ് പൊലീസ് തന്നെയാണ് സിജുവിനെ വിട്ടയച്ചത്. സിജുവിനെ തിരിച്ചയ്ക്കാൻ പൊലീസ് തിടുക്കം കാട്ടിയത് എന്തിന്. സിജുവിന് വേണ്ടി ആരും പൊലീസിൽ പരാതി നൽകുകയോ കോടതിയെ സമീപിക്കുകയോ ചെയ്തിട്ടില്ല.

5. അന്വേഷണ സംഘത്തെ ഇതുവരെ രൂപീകരിച്ചിട്ടില്ല. ഫോൺ കോൾ പരിശോധന, സംശയമുള്ള മറ്റുള്ളവരുടെ മൊഴി എടുക്കൽ പോലുള്ള കാര്യങ്ങളും ചെയ്തിട്ടില്ല.