പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ പേരിൽ കോടിമത മാർക്കറ്റിനു സമീപത്തെ വീട്ടിൽ ആക്രമണം നടത്തിയ കേസിൽ യുവതി അടക്കം 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമം ആസൂത്രണം ചെയ്ത പെൺവാണിഭ സംഘത്തലവനും 10 അംഗ ക്വട്ടേഷൻ സംഘത്തിനുമായി അന്വേഷണം തുടരുന്നു. പൊൻകുന്നം, കോയിപ്പളളി ഭാഗത്ത് പുതുപ്പറമ്പിൽ അജ്മൽ, മല്ലപ്പള്ളി, വായ്പൂര്, കുഴിക്കാട്ട് വീട്ടിൽ സുലേഖ (ശ്രുതി) എന്നിവരാണ് അറസ്റ്റിലായത്. കോടിമത കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പെൺവാണിഭ സംഘവും കളത്തിപ്പടി ആനത്താനം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘവും തമ്മിൽ പെൺവാണിഭ കേന്ദ്രം നടത്തുന്നതു സംബന്ധിച്ച തർക്കമാണ് ക്വട്ടേഷൻ ആക്രമണത്തിൽ എത്തിയത്. ആനത്താനം കേന്ദ്രം നടത്തുന്ന മാനസ് മാത്യുവിന്റെ നിർദേശ പ്രകാരം തിരുവനന്തപുരത്തു നിന്നുള്ള ക്വട്ടേഷൻ സംഘമാണ് കോടിമതയിൽ കേന്ദ്രം നടത്തുന്ന സാൻ ജോസിനെയും കൂട്ടാളിയെയും വെട്ടിയത്.
ആക്രമണത്തിനു ശേഷം തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും കടന്ന സംഘത്തിൽപെട്ട ശ്രുതിയും അജ്മലും ഇന്നലെ ആനത്താനത്തെ വീട്ടിൽ എത്തി. ഇവരെ പൊലീസ് പിന്തുടർന്നു പിടിച്ചു. പൊൻകുന്നം സ്വദേശി മാനസും ഏറ്റുമാനൂർ സ്വദേശി സാൻ ജോസും ഒരുമിച്ചാണ് മെഡിക്കൽ കോളജിനു സമീപം കോവിഡ് കാലത്തിനു മുൻപ് പെൺവാണിഭ കേന്ദ്രം നടത്തിയതെന്ന് ഡിവൈഎസ്പി എം. അനിൽ കുമാർ പറഞ്ഞു. അവിടെ നാട്ടുകാർ പ്രശ്നമാക്കിയതോടെ ഇരുവരും കേന്ദ്രം നിർത്തി. ഇതിനിടെ വഴിപിരിഞ്ഞ മാനസ് ആനത്താനത്തും സാൻ കോടിമതയിലും കേന്ദ്രങ്ങൾ തുടങ്ങി. ആനത്താനം കേന്ദ്രത്തിലെ പതിവുകാരെ കോടിമത സംഘം വലയിലാക്കിയതോടെ തർക്കമായി. മാനസിന്റെ കേന്ദ്രത്തിലെ യുവതികളും കോടിമത കേന്ദ്രത്തിലേക്കു മാറി. കോടിമതയിൽ തിരക്കേറി. ഇതോടെ സാൻ ജോസിനെ മാനസ് ഭീഷണിപ്പെടുത്തി.
ഇതിനിടെ മാനസിന്റെ ഗൾഫിലുള്ള ഭാര്യ നാട്ടിലുള്ള സമയം കോടിമത സംഘം ചില അശ്ലീല വിഡിയോകൾ അവർക്കു കൈമാറി. ഇതോടെ മാനസിന്റെ വീട്ടിൽ വഴക്കായി. സാൻ ജോസും അമീർ ഖാനും ശ്രുതിയുമാണ് മാനസിന്റെ പൊൻകുന്നത്തെ വീട്ടിൽ പോയത്. അവിടെ വച്ച് മാനസും ഇവരും തമ്മിൽ കയ്യാങ്കളിയുണ്ടായി. കുടുംബം തകർത്തതിലും കച്ചവടം നഷ്ടമായതിലുമുള്ള വിരോധം കാരണമാണു മാനസ് തിരിച്ചടിക്ക് സംഘത്തെ ഏൽപിച്ചതെന്നു പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ എത്തിയ 10 അംഗ സംഘം നഗരത്തിലെ ഹോം സ്റ്റേയിൽ താമസിച്ചു. പിന്നീട് ഏറ്റുമാനൂരിൽ നിന്നു വാടകയ്ക്കെടുത്ത 2 കാറുകളിലായി കോടിമതയിൽ എത്തിയാണ് സാൻ, അമീർ എന്നിവരെ വെട്ടിയതെന്ന് ഡിവൈഎസ്പി പറഞ്ഞു.
കേന്ദ്രത്തിലെ യുവതികളെ എന്തു കൊണ്ട് ക്വട്ടേഷൻ സംഘം ആക്രമിച്ചില്ല ? ഈ ചോദ്യത്തിനുള്ള ഉത്തരം തേടിയതാണ് നഗര മധ്യത്തിലെ അക്രമസംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടിക്കാൻ പൊലീസിനെ സഹായിച്ചത്. സ്ഥലത്ത് എത്തിയപ്പോൾ തന്നെ പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണുകാരണമെന്നു പൊലീസിനു മനസ്സിലായി. പരുക്കേറ്റവരാകട്ടെ പൊലീസുമായി സഹകരിച്ചില്ല. സാൻ ജോസിനെയും അമീറിനെയും ആക്രമിച്ചപ്പോൾ അവിടെയുള്ള യുവതികളെ അക്രമികൾ ഒന്നും ചെയ്തില്ല.
ഇവർ പഴയ സംഘത്തിലെ ജീവനക്കാരാണ്. അതിനാലാണ് ആക്രമിക്കാതിരുന്നതെന്നും പൊലീസിനു മനസ്സിലായി. ഫോൺ രേഖകളിൽ നിന്ന് അക്രമികളെ കുറിച്ച് വിവരം ലഭിച്ചു. സമീപത്തെ ഹോട്ടലിലെ സിസിടിവിയിൽ നിന്നു സംഘത്തിന്റെ വിവരങ്ങളും. മൊബൈൽ ടവർ ലൊക്കേഷൻ നോക്കിയാണ് അറസ്റ്റ്.
ലോക്ഡൗൺ കാലത്ത് എല്ലാം ഓൺലൈനായപ്പോൾ പെൺവാണിഭ സംഘങ്ങൾക്കും ഓൺലൈനും ഹോം ഡെലിവറിയും. കോടിമതയിലും ആനത്താനത്തും വീടുകൾ കേന്ദ്രീകരിച്ചാണ് മാനസ് മാത്യുവിന്റെയും സാൻ ജോസിന്റെയും സംഘങ്ങൾ. സമൂഹ മാധ്യമങ്ങളിലൂടെയാണ് വിപണനം. രാവിലെ ഇവരുടെ സമൂഹ മാധ്യമ ഗ്രൂപ്പിൽ നഗ്ന ചിത്രങ്ങളും വിഡിയോയും പോസ്റ്റ് ചെയ്യും. ലഭ്യതയും സമയവും നിരക്കും അറിയിക്കും. കോട്ടയം, പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നാണ് യുവതികൾ. നടത്തിപ്പുകാരും യുവതികളുമായുള്ള ബന്ധത്തിന്റേതാണ് വിഡിയോകൾ.
2,000 മുതൽ 10,000 വരെയാണ് നിരക്ക്. പൊതുവായ നിരക്ക് 5,000 രൂപ. ആവശ്യക്കാർ ബുക്ക് ചെയ്താൽ അവർ നിൽക്കുന്ന സ്ഥലത്തു നിന്നു കേന്ദ്രത്തിന്റെ വാഹനം അവരെ കൊണ്ടു വരും. ലൊക്കേഷൻ സമൂഹ മാധ്യത്തിലൂടെ പങ്കുവച്ചാണ് സ്ഥലം കണ്ടെത്തുന്നത്. കക്ഷികൾക്ക് ഭക്ഷണംകേന്ദ്രത്തിൽ നൽകും. ലോക്ഡൗൺ മൂലം പുറത്തു ഭക്ഷണം കിട്ടാത്തതാണ് കാരണം. അശ്ലീല ചിത്രങ്ങൾ പൊലീസ് പിടിച്ചെടുത്തു. അക്രമം നടത്തിയ ആനത്താനം സംഘത്തിനും പെൺ വാണിഭ കേന്ദ്രം നടത്തിയതിന്റെ പേരിൽ കോടിമത സംഘത്തിനും എതിരെ കേസെടുത്തു.
Leave a Reply