ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് രോഗവ്യാപനം അതിതീവ്രമായി വ്യാപിക്കുകയാണ് ബ്രിട്ടനിൽ. ഒരു വശത്ത് ലോക്ക്ഡൗണും അതിശക്തമായ നിയന്ത്രണങ്ങളുമായി വൈറസ് വ്യാപനം തടയുന്നതിനുള്ള കഠിന പരിശ്രമത്തിലാണ് ഗവൺമെൻറും ആരോഗ്യ പ്രവർത്തകരും. രാജ്യമൊട്ടാകെ പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നതുവരെ ഈ നിയന്ത്രണങ്ങൾ തുടരാനുള്ള സാധ്യതയിലേക്കാണ് വിദഗ്ധർ വിരൽചൂണ്ടുന്നത്.
കൊറോണയിൽ ബ്രിട്ടന് നഷ്ടമായത് ഒട്ടേറെ ജീവനുകളാണ്. ലോകമഹായുദ്ധത്തിനുശേഷം മരണനിരക്കിൽ ഇത്രയും കുതിച്ചുകയറ്റം മുമ്പെങ്ങും ഉണ്ടായിട്ടില്ല എന്ന റിപ്പോർട്ടുകൾ ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി മരണ നിരക്ക് കുറയ്ക്കുന്നതിൽ കൈവരിച്ച നേട്ടങ്ങൾ കോവിഡ്-19 മൂലം നിഷ്പ്രഭമായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇതിനിടെ യുകെയിൽ ഉടനീളം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ലാറ്ററൽ ഫ്ലോ മാസ് ടെസ്റ്റിംഗിനെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. കോവിഡ് 19 രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരെയും വൈറസ് പരിശോധനയ്ക്ക് വിധേയമാക്കാൻ സുപ്രധാനമായ നീക്കത്തിലൂടെ ഗവൺമെന്റ് തീരുമാനിച്ചിരുന്നു. 30 മിനിറ്റുനുള്ളിൽ ഫലം തരുന്ന റാപ്പിഡ് ഫ്‌ളോ ടെസ്റ്റാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. എന്നാൽ റാപ്പിഡ് ഫ്‌ളോ ടെസ്റ്റിനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഗുണനിലവാരമില്ലെന്നും തെറ്റായ ഫലങ്ങളാണ് കാണിക്കുന്നതെന്നുമുള്ള വിമർശനങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്.
Leave a Reply