ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : യുകെയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 22,141 ആയി ഉയർന്നു. ഇന്നലെ മാത്രം 2,619 പേർക്ക് രോഗം സ്ഥിരീകരിച്ചു. 180 മരണങ്ങളാണ് ഇന്നലെ ഉണ്ടായത്. ഇതോടെ ആകെ മരണസംഖ്യ 1408 ആയി ഉയർന്നു. 135 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. കൊറോണ വൈറസ് പ്രതിസന്ധി മറികടക്കാൻ സർക്കാർ പല പദ്ധതികളും ആവിഷ്കരിക്കുന്നു. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷുകാരെ രക്ഷപ്പെടുത്തുന്നതിനായി 75 മില്യൺ പൗണ്ടിന്റെ എയർലിഫ്റ്റ് ഓപ്പറേഷൻ പദ്ധതി സർക്കാർ പ്രഖ്യാപിച്ചു. ഇപ്പോൾ വിമാന സർവീസുകൾ ഇല്ലാത്ത രാജ്യങ്ങളിൽ നിന്ന് ബ്രിട്ടീഷുകാരെ തിരിച്ചെത്തിക്കുന്നതിന് ബ്രിട്ടീഷ് എയർവേയ്‌സ്, വിർജിൻ, ഈസി ജെറ്റ്, ജെറ്റ് 2, ടൈറ്റൻ എന്നിവയുമായി സർക്കാർ ധാരണയിലെത്തിയതായി റാബ് അറിയിച്ചു. യാത്രക്കാരോട് കാത്തുനിൽക്കരുതെന്നും ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. വാണിജ്യ വിമാന സർവീസുകൾ ഇപ്പോൾ നടക്കാത്ത സാഹചര്യത്തിൽ യുകെ പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാൻ സർക്കാർ പ്രത്യേക ചാർട്ടർ വിമാനങ്ങൾക്ക് സാമ്പത്തിക സഹായം നൽകും. എയർലിഫ്റ്റിന് നൂറുകണക്കിന് വിമാനങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നിരവധി ആളുകൾക്ക് ഇത് ആശ്വാസം പകരുന്ന വാർത്തയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതുപോലെ തന്നെ യുകെയിൽ യൂണിവേഴ്സിറ്റി പ്രവേശനത്തിന് അടിയന്തിര നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കൂടുതൽ സ്ഥിരത സൃഷ്ടിക്കുന്നതിനും സാമ്പത്തിക പ്രതിസന്ധി കുറയ്ക്കുന്നതിനുമായി ഇംഗ്ലണ്ടിലെ സർവ്വകലാശാലകളിൽ ഓരോരുത്തരും എത്ര വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നു എന്നതിന് നിശ്ചിത പരിധി ഏർപ്പെടുത്തും. ചില യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥികൾ കുറയുമെന്ന സാഹചര്യത്തിലാണ് നിശ്ചിത പരിധി ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിനോടനുബന്ധിച്ചുള്ള നടപടികൾ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് യുകെ സർവകലാശാലകൾ അറിയിച്ചു. സർവ്വകലാശാലകൾക്ക് സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ആവശ്യമാണെന്ന് യൂണിവേഴ്സിറ്റി ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് അലിസ്റ്റർ ജാർവിസ് പറഞ്ഞു. എന്നാൽ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കുന്നത് പോലുള്ള നടപടിക്ക് കൂടുതൽ വിശദമായ ആലോചനകൾ ആവശ്യമാണെന്നും ഇതുവരെ യുകെ സർവകലാശാലകൾ ഇത് അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോളതലത്തിൽ രോഗം ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 37814 ആയി. മരണസംഖ്യ ദിനംപ്രതി ഉയരുകയാണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ട് ലക്ഷത്തോടടുക്കുന്നു. അമേരിക്കയ്ക്ക് പുറമെ ഇറ്റലിയിലും രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 1200നും മുകളിലെത്തി. സ്പെയിൻ, ജർമ്മനി, ഫ്രാൻസ്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലും സ്ഥിതി അതീവ ഗുരുതരമായി തന്നെ തുടരുന്നു