ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നതോടൊപ്പം എൻ എച്ച് എസ് ആശങ്കയും ഏറുന്നു. ഇംഗ്ലണ്ടിലെ ആശുപത്രികളിൽ ഒരു ദിവസത്തിനുള്ളിൽ പുതിയ പ്രവേശനങ്ങളുടെ എണ്ണം നാലിലൊന്നായി വർദ്ധിച്ചു. മാർച്ചിൽ രാജ്യം ലോക്ക്ഡൗണിലേക്ക് പോകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ആരോഗ്യമേഖലയിൽ ഉയർന്നുവന്ന വെല്ലുവിളി ആയിരുന്നു. രണ്ടാം ഘട്ട രോഗവ്യാപനത്തിലേക്ക് യുകെ എത്തിനിൽക്കുമ്പോൾ എൻ എച്ച് എസും കൂടുതൽ ഒരുങ്ങേണ്ടതുണ്ട്. ആശുപത്രി പ്രവേശനത്തിന്റെ വർദ്ധനവ് അർത്ഥമാക്കുന്നത് ഇപ്പോൾ മൂവായിരത്തോളം കോവിഡ് രോഗികൾ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുവെന്നതാണ്. ആശുപത്രി പ്രവേശനങ്ങൾ ഉയർന്നുകാണുന്നത് ഇംഗ്ലണ്ടിന്റെ വടക്ക് ഭാഗത്താണ്. നോർത്ത് ഈസ്റ്റ്, നോർത്ത് വെസ്റ്റ്, യോർക്ക്ക്ഷയർ, ഹംബർ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ രോഗികൾ. കടുത്ത സമ്മർദ്ദങ്ങൾ വർദ്ധിക്കുന്നതായി പല ആശുപത്രികളും ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അത്യാവശ്യമല്ലാതെ ആശുപത്രികളിൽ എത്തരുതെന്ന് ബോൾട്ടൺ, ബ്ലാക്ക്ബേൺ, വേക്ക്ഫീൽഡ് എന്നിവിടങ്ങളിലെ ആശുപത്രികൾ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശൈത്യകാലത്ത് ആശുപത്രികളിൽ പൊതുവെ തിരക്ക് അനുഭവപ്പെടും. വേനൽക്കാലത്തിന്റെ അവസാനം മുതൽ ഡിസംബർ, ജനുവരി മാസങ്ങളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ള രോഗികളുടെ പ്രവേശനവും ഇരട്ടിയാകും. കോവിഡ് പ്രതിസന്ധി ആഞ്ഞടിക്കുന്ന ഈ സമയത്ത് മറ്റു രോഗികൾക്കും ചികിത്സ നൽകാൻ ആശുപത്രികൾ ഒരുക്കമാണ്. ആശുപത്രി പ്രവേശനങ്ങൾ വർധിച്ചുവരുന്നത് ഈ സന്ദർഭത്തിൽ നിർണായകമാകുമെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ സെന്റർ ഫോർ എവിഡൻസ് ബേസ് ഡ് മെഡിസിൻ ഡയറക്ടർ പ്രൊഫ. കാൾ ഹെനെഗാൻ മുന്നറിയിപ്പ് നൽകി. ശൈത്യകാലത്ത്, ആശുപത്രികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ഒരു ദിവസം ആയിരത്തോളം അടിയന്തര പ്രവേശനങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
മുൻ ശൈത്യകാലവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷം കൂടുതൽ പ്രശ്‌നമുണ്ടാകുന്നത് ആശുപത്രി ജീവനക്കാരുടെ പ്രയത്നത്തിലാണ്. ആറു മാസം കോവിഡിനോട് പോരാടിയ ശേഷം ശൈത്യകാലത്ത് മറ്റൊരു യുദ്ധത്തിന് അവർ സജ്ജരാകുകയാണ്. നിലവിൽ ആശുപത്രി പ്രവേശനം ഓരോ രണ്ടാഴ്ചയിലും ഇരട്ടിയാവുകയാണ്. ഹോട്ട്‌സ്പോട്ട് പ്രദേശങ്ങളിൽ രോഗവ്യാപന നിരക്ക് കുത്തനെ ഉയരുന്നുണ്ട്. ബ്രിട്ടന് മുമ്പ് കേസുകൾ ഉയർന്ന സ്‌പെയിനിലും ഫ്രാൻസിലും ആശുപത്രി കേസുകൾ ഇപ്പോൾ മന്ദഗതിയിലായിരിക്കുന്നു. കേസുകൾ കുറയാൻ അധിക നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.
Leave a Reply